ന്യൂഡല്‍ഹി: കര്‍ഷകരുമായി ‘ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാം ഘട്ട ചര്‍ച്ചയും പരാജയം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ‘ ആവശ്യത്തില്‍നിന്നും പിന്മാറാന്‍ കര്‍ഷക പ്രതിനിധികള്‍ തയ്യാറായില്ല. കര്‍ഷകരുമായി ഡിസംബര്‍ ഒമ്പതിന് വീണ്ടും ചര്‍ച്ച നടത്താമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ യോഗത്തില്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ അംഗീകരിച്ചവ രേഖാമൂലം എഴുതി നല്‍കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്തിമമായ പരിഹാരമോ തീരുമാനമോ ആണ് ആവശ്യമെന്ന് കര്‍ഷകര്‍ ഉറപ്പിച്ചുപറഞ്ഞു. ഇനി കൂടുതല്‍ ചര്‍ച്ചകള്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും തങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് തീരുമാനിച്ചിരിക്കുന്നതെന്ന് മാത്രം അറിഞ്ഞാല്‍ മതിയെന്നും കര്‍ഷകര്‍ അറിയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുമെന്ന് കര്‍ഷകരുടെ പ്രിനിധികള്‍ യോഗത്തിനിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്നും പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെയാണ് ചര്‍ച്ച വീണ്ടും പുരോഗമിച്ചത്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ തൊമാറും പിയൂഷ് ഗോയലും കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ തങ്ങള്‍ പ്രക്ഷോഭം അവസാനിപ്പിക്കൂ എന്നും കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു.