റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ഗോള്‍വാക്കറുടെ പേരിടുന്നതിനെതിരെ ഇടതുപക്ഷവും കോൺഗ്രസ്സും

December 5, 2020 - 11:04 pm

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിന് ആര്‍.എസ്.എസ് മേധാവിയായിരുന്ന എം.എസ് ഗോള്‍വാക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി പി എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ, കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂർ, സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, സി പി ഐ നേതാവ് മുല്ലക്കര രത്നാകരൻ എന്നിവർ പേര് മാറ്റത്തിനെതിരെ രൂക്ഷ വിമർശനമായാണ് രംഗത്തു വന്നത്.

പുതിയ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകരുതെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തെഴുതി. കേന്ദ്ര സർക്കാരിൻ്റെ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് എം എ ബേബി ഫേസ്ബുക്കിലൂടെ പറഞ്ഞു.

കേരള സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസിന്റെ കുല്‍സിതനീക്കമാണ് ഇതിനു പിന്നിലെന്നും കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിര്‍ക്കണമെന്നും ബേബി പറഞ്ഞു.

വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്നും ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി.എച്ച്.പി.യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേയെന്നും ശശി തരൂര്‍ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *