സിബിഎസ്‌ ഇ സ്‌കൂളുകള്‍ 25 ശതമാനം സീറ്റുകള്‍ സൗജന്യ പഠനത്തിന്‌ നീക്കിവയ്‌ക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: കുറഞ്ഞത്‌ 25 ശതമാനം സീറ്റെങ്കിലും ദുര്‍ബ്ബല വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച്‌ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ സിബിഎസ്‌ ഇ, ഐസിഎസ്‌.സി സ്കൂളുകള്‍ക്ക്‌ ബാധ്യതയുണ്ടെന്ന്‌ ഹൈക്കോടതി. 2009 ലെ സൗജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസ നിയമത്തില്‍ അതുസംബന്ധിച്ച വ്യവസ്ഥയുണ്ട്‌. ഓരോ വര്‍ഷവും ഒന്നാം ക്ലാസില്‍ 25 ശതമാനം സീറ്റെലെങ്കിലും ഈ വിഭാഗം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കണം. അവരോട്‌ വിവേചനം പാടില്ലെന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാഹചര്യം ഒരുക്കണമെന്നും നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ‌ സൗജന്യവും നിര്‍ബ്ബന്ധിതവുമായ വിദ്യാഭ്യാസ നിയമം തന്നെ ഒന്നാം ക്ലാസു മുതല്‍ 13 വയസുവരെയുള്ള ദുര്‍ബ്ബല വിഭാഗത്തില്‍ പെടുന്നവര്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിട്ടാണ്‌.

സൗജന്യ വിദ്യാഭ്യാസത്തിന്‌ സ്‌കൂളുകള്‍ വഹിക്കുന്ന തുക തിരിച്ചുനല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും ഇതിനാവശ്യമായ പണം അനുവദിക്കാന്‍ കേന്ദ്രത്തിനും നിയമ പരമായ ബാദ്ധ്യതയുണ്ടെന്നും ചീഫ്‌ ജസ്റ്റീസ്‌ എസ്‌.മണികുമാര്‍ , ജസ്റ്റീസ്‌ ഷാജി പി ചാലി, എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി.കോവിഡ്‌ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിമൂലം ഫീസ്‌ നല്‍കാന്‍ കഴിയാത്തതിനാല്‍ സിബിഎസ്‌ ഇ, ഐസിഎസ്‌ സി, സ്‌കൂളുകളിലെ കുട്ടികളെ സഹായിക്കണമന്നാവശ്യപ്പെട്ട്‌ എറണാകുളം ചളിക്കവട്ടം സ്വദേശി കെ പി ആല്‍ബര്‍ട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ നിരീക്ഷണം.

അംഗീകാരമില്ലാതെ സ്‌കൂളുകള്‍ തുടങ്ങാനാവില്ലെന്ന്‌ പറയുന്ന കേന്ദ്ര സംസ്ഥാന നിയമങ്ങളില്‍ തന്നെ സൗജന്യ വിദ്യാഭ്യാസത്തിനുളള വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണമെന്നും നിഷ്‌ക്കര്‍ഷിക്കുന്നുണ്ടെന്ന്‌ കോടതി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ സൗജന്യ വിദ്യാഭ്യാസം നല്‍കിയതിന്‍റെ പേരില്‍ ഫീസോ ചെലവോ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട്‌ ഒരു സ്‌കൂളും സമീപിച്ചിട്ടില്ലെന്ന്‌ സര്‍ക്കാര്‍ പറഞ്ഞു. ഈ വിഭാഗത്തില്‍പെട്ട കുട്ടികളും
ഫീസ്‌ നല്‍കുന്നുണ്ടെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നതെന്നും ഇവര്‍ നല്‍കിയ തുക തിരിച്ചുനല്‍കാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →