കര്‍ഷകപ്രക്ഷോഭം: ബിജെപി ഐടി സെല്‍ മേധാവി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി ഐടി സെല്‍ മേധാവി പ്രചരിപ്പിച്ച വീഡിയോ വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതെന്നും ട്വിറ്റര്‍. വ്യാജമെന്ന് അടയാളപ്പെടുത്തിയാണ് ട്വിറ്റര്‍ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. കൃത്രിമവും വ്യാജവുമായ മാധ്യമസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് ട്വിറ്ററിന്റെ നയം. ഇത്തരത്തില്‍ കെട്ടിച്ചമച്ചതും മാറ്റങ്ങള്‍ വരുത്തിയതുമായ വീഡിയോയും ചിത്രങ്ങളും നീക്കംചെയ്യുമെന്നും ട്വിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്റര്‍ വീഡിയോയുടെ യാഥാര്‍ഥ്യം പുറത്തുവിട്ടത്.

കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെത്തിയ വൃദ്ധനായ കര്‍ഷകന് നേരേ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ലാത്തിവീശുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി പങ്കുവച്ചിരുന്നത്. ഇത് വളരെ ദുഃഖകരമായ ചിത്രമാണ്. ജയ് ജവാന്‍ ജയ് കിസാന്‍ എന്നായിരുന്നു നമ്മുടെ മുദ്രാവാക്യം. പ്രധാനമന്ത്രി മോദിയുടെ അഹങ്കാരം ജവാന്‍ കര്‍ഷകനെതിരേ നിലകൊള്ളുന്ന സ്ഥിതിയിലെത്തിച്ചുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരേയാണ് അമിത് മാളവ്യ രംഗത്തുവന്നത്. ഇന്ത്യ കണ്ട ഏറ്റവും നിന്ദ്യനായ പ്രതിപക്ഷ നേതാവായിരിക്കും രാഹുല്‍ ഗാന്ധിയെന്ന തലക്കെട്ടോടെയുള്ള ട്വീറ്റാണ് മാളവ്യ ട്വീറ്റ് ചെയ്തത്. രാഹുല്‍ ഗാന്ധി പങ്കുവച്ച ചിത്രം ദുരുദ്ദേശ്യത്തോടുകൂടിയുള്ളതാണെന്നും കര്‍ഷകനെ ജവാന്‍ സ്പര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും വിശദീകരിച്ചുകൊണ്ട് മാളവ്യയുടെ വീഡിയോ.ഇത് കൃത്രിമമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയത്. നവംബര്‍ 28ന് രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ട്വിറ്ററില്‍ പങ്കുവച്ച കര്‍ഷക പ്രക്ഷോഭത്തിന്റെ വൈറല്‍ ചിത്രമാണ് അമിത് മാളവ്യയുടെ ട്വീറ്റിനാധാരം.

വസ്തുതാ പരിശോധന നടത്തിയെന്നും പ്രചാരണവും യാഥാര്‍ഥ്യം ഇതാണെന്നും സമര്‍ഥിച്ചുകൊണ്ടായിരുന്നു മാളവ്യയുടെ ട്വീറ്റ്. എന്നാല്‍, യഥാര്‍ഥ വീഡിയോയില്‍ കൃത്രിമം നടത്തിയാണ് അമിത് മാളവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ട്വിറ്റര്‍ കണ്ടെത്തിയിരിക്കുന്നത്. ആള്‍ട്ട് ന്യൂസിന്റെ ഫാക്ട് വിഭാഗവും യഥാര്‍ഥ വീഡിയോയുടെ പൂര്‍ണരൂപം പുറത്തുവിട്ടു. ഇതില്‍ പോലിസുകാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശുന്നുവെന്ന് വ്യക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →