ചെറുപുഴ: ആശുപത്രിയിലെത്താന്‍ കഴിയാതെ ഭര്‍ത്താവും മകനും മരിച്ച ഒരമ്മയുടെ വിലാപം, കുട്ടികള്‍ വരാത്തതിനാല്‍ കളിചിരിയില്ലാത്ത അങ്കണവാടി, ആശുപത്രിയിലേക്ക് പോകാന്‍ വാഹനമെത്താത്ത വേദനയില്‍ വിലപിക്കുന്ന ഗര്‍ഭിണിയായ വീട്ടമ്മയുടെ സങ്കടം, വെളളമില്ലാത്ത ടാപ്പിന് മുമ്പില്‍ നില്ക്കുന്ന വൃദ്ധയുടെ ദൈന്യത ,വര്‍ഷകാലത്ത് ഒറ്റപ്പെട്ടുപോകുന്ന ഒട്ടേറെ കുടുംബങ്ങള്‍. ഇതാണ് ചെറുപുഴയിലെ കോഴിച്ചാലിലെ ഐഎച്ച്ഡിപി കോളനി
പാലമില്ലെങ്കില്‍ ഇക്കുറി ആര്‍ക്കും വോട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചെറുപുഴ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ കോഴിച്ചാലിലെ ഐഎച്ച്ഡിപി. കോളനി നിവാസികള്‍. 75 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലേക്കുളള വഴിയും പരിസരവും കോഴിച്ചാല്‍ ടൗണും മുഴുവന്‍ പോസ്റ്റര്‍ ഒട്ടിച്ചും ബാനറുകള്‍ കെട്ടിയും പ്രതിഷേധിച്ചിരിക്കുകയാണ് ഇവരെല്ലാം.
കാര്യങ്കോട് പുഴയുടേയും കര്‍ണ്ണാടക വനത്തിന്റെയും ഇടയില്‍ വന്യമൃഗങ്ങളുടെ ഭീഷണിയില്‍ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി കഴിയുന്നവരാണ് ഇവര്‍. വര്‍ഷകാലം വന്നാല്‍ മറുകരയെത്താനാവില്ല. വന്യമൃഗങ്ങളുടെ ശല്ല്യം ഏതുസമയത്തും ഉണ്ടാവാം . ആശുപത്രിയിലെത്താന്‍ പോലും കഴിയാത്ത അവസ്ഥ.
മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ നല്കുന്ന മോഹന വാഗ്ദാനങ്ങളല്ലാതെ ഇവക്കൊന്നിരും ശാശ്വത പരിഹാരം കാണുന്നില്ല. കോളനിയിലേക്കുളള പ്രവേശനം അപകടാവസ്ഥയിലായ ഇരുമ്പ്പാലമാണ് കോഴിച്ചാല്‍ ടൗണിലിറങ്ങി ഒരു കിലോമീറ്റര്‍ നടന്നാല്‍ കാര്യങ്കോട് പുഴയ്ക്ക് കുറകേയുളള തുരുമ്പെടുത്ത് അപകടാവസ്ഥയിലായ ഇരുമ്പ്പാലം കാണാം.

