ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ ആറ് വില്ലേജുകളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീംകോടതിയിൽ തിരിച്ചടി. ഇടുക്കി ജില്ലയിലെ ആറ് വില്ലേജുകളിൽ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം റദ്ദ് ചെയ്തുകൊണ്ട് കേരള ഹൈക്കോടതി വിധി പറഞ്ഞിരുന്നു. ഈ വിധി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി കേസിൽ നൽകിയിരിക്കുന്ന നിർദ്ദേശം നിയന്ത്രണങ്ങൾ മുഴുവൻ വില്ലേജുകൾക്കും സംസ്ഥാനത്ത് വ്യാപകമാക്കുവാൻ ആണ്. ഇതോടെ ഹൈറേഞ്ചിലെ കർഷകരുടെ ഭൂമിയിൽ അവകാശം സ്ഥാപിക്കുവാൻ വേണ്ടി വനംവകുപ്പിനെ സഹായിക്കുന്ന വിധത്തിൽ പരിസ്ഥിതി ലോല മേഖല സൃഷ്ടിച്ച് നിർമ്മാണ നിയന്ത്രണം കൊണ്ടുവരുവാൻ പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാനത്തെ മുഴുവൻ ഭൂവുടമകളെയും ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് പ്രദേശങ്ങളിലുള്ള വില്ലേജുകളിൽ നിർമ്മാണ നിയന്ത്രണം കൊണ്ടുവന്നു കൊണ്ടാണ് ആദ്യം ഉത്തരവ് പുറപ്പെടുവിച്ചത്. ഇവിടെ പട്ടയമില്ലാത്ത ഭൂമിയിൽ വീടോ തൊഴുത്തോ നിർമ്മിക്കുന്നതിന് അനുമതിയില്ല. വില്ലേജ് ഓഫീസർ നൽകുന്ന പൊസഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ പദ്ധതികളിലെ വീടുകൾ പോലും നിർമ്മിക്കാൻ ആവുകയുള്ളൂ. വ്യാപകമായ രീതിയിൽ പട്ടയവിതരണം നടപ്പാക്കാത്തതുകൊണ്ട് ഈ കാര്യത്തിൽ ലക്ഷക്കണക്കിന് ആളുകൾ ബുദ്ധിമുട്ടുകയാണ്. ഇതിനുപുറമേയാണ് പട്ടയം ലഭിച്ച ഭൂമിയിലെ നിർമ്മാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് ഉത്തരവ് വന്നത്.
പട്ടയം നൽകിയ ഭൂമിയിൽ നിർമ്മിച്ച വീട് വാണിജ്യ ആവശ്യത്തിന് മാറ്റുകയോ വാണിജ്യാവശ്യത്തിന് കെട്ടിടം നിർമ്മിക്കുകയോ ചെയ്തുകഴിഞ്ഞാൽ ഭൂവുടമയ്ക്ക് പട്ടയ ഭൂമിയിൽ ഉള്ള അവകാശം നഷ്ടപ്പെടുകയും ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണ് ഉത്തരവിലൂടെ സംജാതമായിരുന്നത്. ഇതിനെതിരെ വ്യാപകമായ കർഷക പ്രതിഷേധം ഉണ്ടായി. പ്രതിഷേധത്തെ തുടർന്ന് നിർമ്മാണ നിയന്ത്രണം ആറു വില്ലേജുകളിലായി ചുരുക്കികൊണ്ട് ഉത്തരവുണ്ടായി.
പരിസ്ഥിതിലോല മേഖല ആണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിർമ്മാണ നിരോധനം കൊണ്ടുവന്നത്. ചിന്നക്കനാൽ, പൂപ്പാറ, ബൈസൺവാലി, ആന വരട്ടി തുടങ്ങി ആറു വില്ലേജുകളിലാണ് ഒടുവിൽ നിർമ്മാണ നിയന്ത്രണം ഉണ്ടായിരുന്നത്. മതികെട്ടാനിൽ നിന്ന് ആനവിരട്ടി വില്ലേജിലൂടെ കടന്ന് ഇരവികുളം നാഷണൽ പാർക്കിലേക്ക് എത്തുന്ന ആനത്താര പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ ആറു വില്ലേജുകളിൽ നിർമ്മാണ നിയന്ത്രണം കൊണ്ടുവന്നത് എന്ന വിവരം വൈകി പുറത്തുവന്നിരുന്നു. ഇതിനെ തുടർന്ന് ചിന്നക്കനാൽ കേന്ദ്രമാക്കി ശക്തമായ കർഷക പ്രക്ഷോഭം ഉണ്ടായി. എങ്കിലും നിർമ്മാണ നിരോധനം തുടരുകയായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി വന്നു. പട്ടയം നൽകിയിരിക്കുന്നത് ഏത് ആവശ്യത്തിനാണോ അതല്ലാതെ മറ്റൊരു ആവശ്യത്തിന് ഭൂമി വിനിയോഗിച്ചാൽ പട്ടയം റദ്ദ് ചെയ്തു കൊണ്ട് ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണ നിരോധനം കൊണ്ടുവന്നത്.
സംസ്ഥാനത്ത് മുഴുവൻ ബാധകമായ ഒരു നിയമത്തിന്റെ പരിധിയിൽ ഹൈറേഞ്ചിലെ 6 വില്ലേജുകളെ മാത്രം പെടുത്തി സർക്കാർ ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. എന്നാൽ അപ്പീലിൽ സർക്കാരിന് വൻ തിരിച്ചടി ആണ് സംഭവിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ആറ് വില്ലേജുകളിൽ മാത്രമായി ഇത്തരമൊരു നിയന്ത്രണം നടപ്പാക്കാൻ കഴിയുകയില്ല എന്ന ഹൈക്കോടതി വിധിയെ സുപ്രീം കോടതി ശരിവെച്ചു. എന്നുമാത്രമല്ല ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് പോലെ വാണിജ്യാടിസ്ഥാനത്തിൽ പട്ടയം നൽകാത്ത ഭൂമികളിൽ ഉള്ള വാണിജ്യ നിർമ്മാണങ്ങളും നിരോധിച്ചുകൊണ്ടുള്ള നടപടി സംസ്ഥാനത്ത്
മുഴുവൻ നടപ്പാക്കുവാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുകയാണ്.
ഇതോടെ സംസ്ഥാന സർക്കാർ വലിയൊരു പ്രതിസന്ധിയിൽ ചെന്ന് പെട്ടിരിക്കുന്നു. കേരളത്തിലെ വാണിജ്യ അടിസ്ഥാനങ്ങളിൽ നിർമ്മാണത്തിലുള്ള വലിയ പങ്കും സ്ഥിതിചെയ്യുന്നത് കാർഷിക ആവശ്യ ങ്ങൾക്ക് പട്ടയം നൽകിയ ഭൂമിയിലാണ്. ഈ നിർമ്മാണങ്ങൾ പൊളിച്ചുനീക്കേണ്ട സാഹചര്യത്തിലേക്ക് എത്തുകയാണ്. എന്നുമാത്രമല്ല ഇത്തരം പട്ടയഭൂമികളിൽ മേലിൽ യാതൊരു നിർമ്മാണങ്ങളും നടത്തുവാൻ കഴിയാത്ത സ്ഥിതി സംജാതമായിരിക്കുന്നു. ലക്ഷക്കണക്കിന് ഭൂവുടമകളെയും കച്ചവട സ്ഥാപനങ്ങളെയും ബാധിക്കുന്ന ഗുരുതര സ്ഥിതിവിശേഷത്തിലേക്കാണ് സുപ്രീംകോടതി വിധിയെ തുടർന്ന് സംസ്ഥാനം പ്രവേശിക്കുവാൻ പോകുന്നത്. സുപ്രീംകോടതിവിധിയിലെ നിർദ്ദേശം നടപ്പാക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് നൽകപ്പെടുന്ന ഹർജികളിൽ സർക്കാർ നടപടി എടുക്കുവാൻ നിർബന്ധിതമാകുന്നു.
മതികെട്ടാനെയും ഇരവികുളം നാഷണൽ പാർക്കിനെയും ബന്ധിപ്പിച്ചുകൊണ്ട് ചിന്നക്കനാലിൽ ആനപ്പാർക്കും അവിടെനിന്ന് ആനത്താരയും നിർമ്മിക്കുവാനുള്ള വനംവകുപ്പിന്റെ പദ്ധതിയുടെ ആവശ്യത്തിനായി ആറു വില്ലേജുകളിൽ ഏർപ്പെടുത്തിയ നിരോധനം സംസ്ഥാനത്തെ ഒട്ടാകെ മാറ്റിമറിക്കുന്ന ഒന്നായി കലാശിച്ചിരിക്കുകയാണ്.

