ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റുകൾ നേടി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇൻ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.
ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി)യ്ക്ക് 3 സീറ്റുകളും നവാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) ന് രണ്ട് സീറ്റുകളും ലഭിച്ചു. മജ്ലിസ് വഹദത്തുൽ മുസ്ലിമീൻ (എംഡബ്ല്യുഎം) ഒരു സീറ്റ് നേടിയപ്പോൾ ഏഴ് സീറ്റുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾ കരസ്ഥമാക്കി.
ഇമ്രാൻ ഖാന്റെ പാർട്ടി വിജയിച്ചതോടെ പ്രധാന പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ തെരുവിലിറങ്ങി. തെരഞ്ഞെടുപ്പിൽ വോട്ട് തിരിമറി നടന്നതായി ആരോപിച്ച് ആയിരക്കണക്കിന് ആളുകൾ സ്കാർഡു, ഗിൽഗിറ്റ് പ്രദേശങ്ങളിൽ തെരുവിലിറങ്ങിയതായി ഡോൺ റിപ്പോർട്ട് ചെയ്തു.
പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി മൂന്ന് നിയോജകമണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണമുന്നയിച്ചു.

