കൊല്ലം: വീടാക്രമണത്തെക്കുറിച്ച് പരാതി പറയാനെത്തിയ ആളെ സത്രീപീഡനകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാര്‍ കേസ് ഒത്തുതീര്‍പ്പാക്കിയതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ എസ്ഐക്കും പോലീസുകാര്‍ക്കുമെതിരെയാണ് ആക്രമണത്തിനിരയായ കുടുംബം കൊട്ടാരക്കര റുറല്‍ എസ്പിക്ക് പരാതി നല്‍കിയത്.
2020 നവംബര്‍ 11 ന് തങ്ങളുടെ ബന്ധുക്കളായ അജു രത്‌നകുമാറും അരവിന്ദാക്ഷനും ചേര്‍ന്ന് തന്‍റെ വീട്ടില്‍ അതിക്രമിച്ചുകയറി ശാരീരികമായി അക്രമിച്ചുവെന്നും അതിന്റെ പാടുകളാണ് ശരീരത്തില്‍ കാണുന്നതെന്നും പറഞ്ഞാണ് മെനാകപ്പളളി സ്വദേശി വിശ്വംഭരനും ഭാര്യ വത്സലയും പരാതി നല്‍കിയത്. തെളിവായി വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
എന്നാല്‍ പരാതി പറയാന്‍ ശാസ്താംകോട്ട പോലീസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അക്രമിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സ്ഥലം എസ്‌ഐ ആവശ്യപ്പെടുകയായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. പറ്റില്ലെന്ന് പറഞ്ഞതോടെ അക്രമിച്ചവരുടെ കുടുംബത്തിലെ ഒരു സ്ത്രീയെ വിളിച്ചുവരുത്തി താന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതി എസ്‌ഐ എഴുതി വാങ്ങിയെന്നും ഒത്തുതീര്‍പ്പു രേഖയില്‍ ഒപ്പിട്ടില്ലെങ്കില്‍ റിമാന്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി വിശ്വംഭരന്‍ പരാതിയില്‍ പറയുന്നു.
ഒടുവില്‍ വെള്ളക്കടലാസില്‍ ഒപ്പിട്ടുകൊടുത്തതോടെയാണ് സ്‌റ്റേഷനില്‍ നിന്ന് വിട്ടയച്ചതെന്നും കൊട്ടാരക്കര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. എതിര്‍ കക്ഷിയില്‍ നിന്ന് പണം വാങ്ങിയാണ് വാദിയെ പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു. മനുഷ്യവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ വീടാക്രമണക്കേസ് ഇരുകൂട്ടരും സ്വന്തം നിലയില്‍ ഒത്തുതീര്‍പ്പാക്കി മടങ്ങുകയായിരുന്നെന്നാണ് ശാസ്താംകോട്ട പോലീസിന്റെ വിശദീകരണം.