ഗ്വാളിയാര്‍ : 15 വര്‍ഷം മുമ്പ് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ കണ്ടെത്തിയത് മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലെ ഫുട്പാത്തിൽ. മാനസിക നില ഏറെക്കുറെ തകരാറിലായ സ്ഥിതിയിൽ 10-11-2020 ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ ഗ്വാളിയാറിലെ ഒരു കല്യാണ ഹാളിന് സമീപത്ത് കാണുന്നത്.
ഡി.എസ്.പിമാരായ രത്നേഷ് സിംഗ് തോമര്‍, വിജയ് സിംഗ് ബഹദൂര്‍ എന്നിവരാണ് പഴയ സഹപ്രവർത്തകനെ അപ്രതീക്ഷിതമായി കണ്ടെത്തിയത്.
2005ല്‍ ദാത്തിയയില്‍ ഇന്‍സ്പെക്ടര്‍ ആയി പോസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മനീഷ് മിശ്രയെന്ന പോലിസുകാരനെ കാണാതായത്. വർഷങ്ങൾക്കു ശേഷം യാചക വേഷത്തിൽ കണ്ടെത്തിയപ്പോൾ അത് തങ്ങളുടെ സഹപ്രവര്‍ത്തകനായ മനീഷ് മിശ്രയാണെന്ന് പോലീസുകാർ ഇരുവരും തിരിച്ചറിഞ്ഞത് വളരെ യാദൃശ്ചികവും ഏറെ വൈകാരികവുമായാണ്.
രാത്രി ഗ്വാളിയാറിലെ ഒരു കല്യാണ ഹാളിന് സമീപത്ത് കൂടി ഡ്രൈവ്
ചെയ്ത് വരുന്നതിനിടെ ഫുട്പാത്തില്‍ കണ്ട ഒരു യാചകനെ യാദൃശ്ചികമായി ശ്രദ്ധിക്കുകയായിരുന്നു പോലീസുദ്യോഗസ്ഥർ.
ഉപേക്ഷിക്കപ്പെട്ട ഭക്ഷണ പൊതികള്‍ക്കിടയില്‍ പരതുന്ന അയാളുടെ അടുത്തേക്ക് പൊലീസുകാര്‍ എത്തി. സഹതാപം തോന്നി ധരിച്ചിരുന്ന ജാക്കറ്റ് ഊരി നല്‍കുകയും ചെയ്തു.
ഇതിനിടെ അയാള്‍ സഹപ്രവർത്തകരുടെ പേര് വിളിച്ചതോടെ പോലീസുകാർ ഞെട്ടി. കാണാതായ മനീഷ് മിശ്രയാണ് ഈ മനോരോഗിയായ യാചകൻ എന്നവർ തിരിച്ചറിഞ്ഞു.
‘തുടർന്ന് സഹപ്രവർത്തകർ ചേർന്ന് മിശ്രയെ ഒരു എന്‍.ജി.ഒയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി.
1999ലാണ് മികച്ച അത്ലറ്റും ഷാര്‍പ് ഷൂട്ടറുമായിരുന്ന മിശ്ര പൊലീസിലെത്തിയത്.
തോമറിനും ബഹദൂറിനുമൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം മിശ്രയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാവുകയായിരുന്നു. തുടർന്ന് കുടുംബം ചികിത്സയ്ക്ക് വിധേയനാക്കി. ചികിത്സ നടക്കുന്നതിനിടെ പെട്ടന്ന് ഒരു ദിവസം മിശ്ര അപ്രത്യക്ഷനാകുകയായിരുന്നു.

