അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടക്കുമെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഉടന്‍ തന്നെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടക്കുമെന്ന് ലോകാരോഗ്യ സംഘടന. അമേരിക്കയില്‍ കോവിഡ് -19 കേസുകള്‍ ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ആഴ്ചയിലെ രോഗബാധ ശരാശരി 150,000 ആണെന്നും ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ജര്‍ബാസ് ബാര്‍ബോസ പറഞ്ഞു. കാനഡയുടെ ചില ഭാഗങ്ങള്‍, മെക്‌സിക്കോയിലെ ചില സംസ്ഥാനങ്ങള്‍, തലസ്ഥാനം ഉള്‍പ്പെടെ എല്ലായിടത്തും വൈറസ് പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും മുന്നറിയിപ്പിലുണ്ട്.

കുറച്ച് ദിവസങ്ങളായി അമേരിക്കയില്‍ പ്രതിദിന കണക്ക് ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പത്തുലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കൊവിഡ് കണക്കില്‍ 29 ശതമാനത്തില്‍ അധികം വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടര്‍ച്ചയായി പ്രതിദിന മരണം ആയിരം കടന്നിരുന്നു. ലോകത്ത് കൊവിഡ് ബാധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പതിനൊന്ന് മരണങ്ങളില്‍ ഒന്ന് എന്ന നിലയിലാണ് അമേരിക്കയില്‍ മരണങ്ങള്‍ സംഭവിക്കുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗസ്റ്റ് പകുതിയ്ക്ക് ശേഷം മരണസംഖ്യയില്‍ ഇത്തരത്തിലുള്ള വര്‍ദ്ധനവ് ഇത് ആദ്യമാണ്. അതേസമയം, രാജ്യത്ത് ആകെ 243,771 പേരാണ് മരിച്ചത്. ഇതുവരെ 6,483,701 പേര്‍ രോഗവിമുക്തരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →