ഭർത്താവ് കള്ളനാണെന്ന് അറിഞ്ഞ ഭാര്യ തൂങ്ങിമരിച്ചു

ഇടുക്കി: മോഷണക്കുറ്റത്തിനു അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോഴാണ് ഭർത്താവ് കള്ളനാണെന്ന് അറിയുന്നത്. അറസ്റ്റ് വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശാല മുരിയങ്കര കുവരക്കു വിളയിൽ ബിന്ദു (40) വാടക വീട്ടിലാണ് തൂങ്ങി മരിച്ചത്. ഇടുക്കി ഏലപ്പാറ ചപ്പാത്തിനു സമീപം ആലടികരയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പാറശാല മുരിയങ്കര കൂവരക്കുവിള സജു (37) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

കുന്നംഭാഗത്ത് രണ്ടുദിവസങ്ങളിലായി മാല മോഷണം നടത്തിയ കേസിലാണ് സജു അറസ്റ്റിലായത്. 5-11-2020 വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് റോഡിലൂടെ നടന്നുപോയ സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചിരുന്നു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് അതേ സ്ഥലത്ത് വെച്ച് വഴിയാത്രക്കാരുടെ കഴുത്തിൽനിന്ന് മൂന്നര പവനോളം വരുന്ന രണ്ട് സ്വർണ്ണമാലകൾ മോഷ്ടിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്തു. മേസ്തിരി, പെയിൻറിംഗ്, വണ്ടി കച്ചവടം എന്നീ തൊഴിലുകൾ എടുത്ത് ജീവിക്കുന്ന ആളാണെന്ന് പറഞ്ഞ് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു സജുവും കുടുംബവും. എന്നാൽ രാവിലെ വീട്ടിൽ നിന്നും ഇറങ്ങി സ്കൂട്ടറിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല മോഷ്ടിച്ച്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും മറ്റും പണയം വെച്ച്, പണമെടുത്ത് ആർഭാടമായി ജീവിക്കുന്ന ഒരാളാണ് സജു എന്ന് പോലീസ് പറയുന്നു.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ സന്തോഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം അയ്യപ്പൻകോവിൽ ഉള്ള വാടകവീട്ടിൽ എത്തിയപ്പോഴാണ് ഭാര്യ ബിന്ദു വിവരമറിയുന്നത്. ഇവർക്ക് 12 വയസ്സുള്ള ഒരു മകനുണ്ട്. മകനെ അയൽവക്കത്തെ വീട്ടിൽ ഏൽപ്പിച്ചതിനുശേഷം മുറിയിൽ കയറി വാതിലടച്ചു. കുറേനേരം കഴിഞ്ഞു മകനെ എടുക്കാൻ ബിന്ദു

എത്താതിരുന്നപ്പോൾ വീട്ടുകാർ വന്നു നോക്കി, വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പാതി തുറന്നിട്ട ജനലിനുള്ളിലൂടെ നോക്കിയപ്പോഴാണ് ബിന്ദുവിനെ തൂങ്ങിയ നിലയിൽ കണ്ടത്. അയൽവാസികൾ പോലീസിനെ വിവരം അറിയിച്ചു. ഉപ്പുതറ പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൂന്ന് മാസം മുൻപാണ് ഏലപ്പാറയിലെ വാടക വീട്ടിൽ നിന്നും സജു ഭാര്യയും മകനുമായി അയ്യപ്പൻകോവിലിൽ താമസമാക്കിയത്.

Share
അഭിപ്രായം എഴുതാം