കമല ഹാരിസിന്റെ വിജയത്തിൽ മതിമറന്ന് തമിഴ്നാട്ടിലെ ഗ്രാമം; വീടുകള്‍ക്ക് മുന്നില്‍ രംഗോലികൾ വരച്ച് ആഘോഷം

ചെന്നൈ: അമേരിക്കന്‍ വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ച കമല ഹാരിസിന്റെ വിജയത്തിൽ മതിമറന്ന് കമലയുടെ തമിഴ്നാട്ടിലെ ഗ്രാമം. ഗ്രാമത്തിലെ പുത്രിയായ കമല അമേരിക്കയുടെ ആദ്യ വനിതാ വൈസ്പ്രസിഡന്റായതിന്റെ ആഘോഷത്തിലാണ് ഗ്രാമവാസികൾ

തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്തെ നാട്ടുകാർ വീടുകള്‍ക്ക് മുന്നില്‍ അഭിനന്ദന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയ രംഗോലികള്‍ തീര്‍ത്തുകൊണ്ടാണ് കമലയുടെ വിജയം ആഘോഷമാക്കിയത്.

തെരഞ്ഞെടുപ്പ് സമയത്തെ പോലെ തന്നെ വിജയത്തിലും കമലയ്ക്ക് പിന്തുണയുമായി പോസ്റ്ററുകളും ഫ്ലക്സുകളും ഗ്രാമത്തില്‍ ഒരുക്കിയിട്ടുണ്ട്. കമല ഹാരിസിന്റെ വിജയത്തില്‍ അഭിനന്ദനങ്ങള്‍. നമ്മുടെ ഗ്രാമത്തിന്റെ അഭിമാനം. വണക്കം അമേരിക്ക-എന്നിങ്ങനെയാണ് വീടുകളുടെ മുന്‍വശത്ത് വരച്ച രംഗോലികളില്‍ രേഖപ്പെടുത്തിയത്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കമല ഹാരിസ് നടത്തിയ ആദ്യ പ്രസംഗത്തില്‍ തിരുവാരൂര്‍ സ്വദേശിയായ അമ്മ ശ്യാമള ഗോപാലനു നന്ദി പറഞ്ഞിരുന്നു.

‘എന്റെ അമ്മ 19 ആം വയസ്സില്‍ ഇന്ത്യയില്‍ നിന്ന് ഇവിടെയെത്തിയപ്പോള്‍, അവര്‍ ഇങ്ങനെയൊരു നിമിഷത്തെ കുറിച്ച്‌ സങ്കല്‍പ്പിച്ചിട്ടുപോലും ഉണ്ടാകില്ല. എന്നാല്‍ ഇതുപോലുള്ള ഒരു നിമിഷം സാധ്യമാകുന്ന ഒരു അമേരിക്കയെ കുറിച്ച്‌ വളരെ ആഴത്തില്‍ വിശ്വസിച്ചിരുന്നു എന്നായിരുന്നു കമലയുടെ വാക്കുകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →