അടൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരികയുടെ മുൻ പത്രാധിപരുമായ കെ പത്മനാഭൻ നായർ (90) അന്തരിച്ചു. 07- 11 -2020 ശനിയാഴ്ച കോട്ടയത്തായിരുന്നു അന്ത്യം.
സാഹിത്യകാരൻ സി വി രാമൻപിള്ളയുടെ മകൾ മഹേശ്വരി അമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ വി കൃഷ്ണപിള്ളയുടെയും മകനായി 1930 ജനിച്ചു. അടൂർ ആണ് ജനനം. പ്രശസ്ത നടൻ അടൂർഭാസിയും ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജിയും സഹോദരന്മാരാണ്.
നാടക പ്രവർത്തകനായ ഇദ്ദേഹം മലയാളത്തിൽ ആദ്യമായി കുട്ടികളുടെ ‘നാടകവേദി’ എന്ന ആശയം നടപ്പാക്കി. പത്മനാഭൻ എഴുതി എഴുതി സംവിധാനം ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു. ഇതിൽ പത്മനാഭൻ തന്നെ രചിച്ച ഈണം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്.
കേരള പത്രപ്രവർത്തക യൂണിയൻ മലയാളമനോരമ യൂണിറ്റിനെ സ്ഥാപക പ്രസിഡൻറും പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹിയും പ്രസ് ക്ലബ് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്.
മലയാള മനോരമയിലൂടെയാണ് പത്ര പ്രവർത്തന രംഗത്തേക്ക് കാലെടുത്തു വെച്ചത്. ‘കുഞ്ചുക്കുറുപ്പ്’ എന്ന പോക്കറ്റ് കാർട്ടൂണിന് 35 വർഷം അടിക്കുറിപ്പ് എഴുതിയത് ഇദ്ദേഹമാണ്. മലയാള മനോരമ വാരികയിലെ ‘പ്രഹ്ളാദൻ സംസാരിക്കുന്നു’ എന്ന ചോദ്യോത്തരപംക്തി ഇദ്ദേഹത്തിൻറെതാണ് .
‘കുഞ്ചുക്കുറുപ്പും പ്രഹ്ളാദനും’, ‘എൻറെ ഭാസി അണ്ണൻ’, ‘നാടകാന്ത്യം ഭാസ്യം’, ‘അടൂർഭാസിയുടെ ജീവചരിത്രം’ കുട്ടികളുടെ നാടകങ്ങൾ ആയ ‘കുഞ്ഞലകൾ’, ‘കുഞ്ഞാടുകൾ’ എന്നിവ പ്രധാന പുസ്തകങ്ങളാണ്.
ശവസംസ്കാരം 08-11-2020 ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് മുട്ടമ്പലം ശ്മശാനത്തില്‍ നടക്കും.
ഭാര്യ: കോട്ടയം മഠത്തിൽ പറമ്പിൽ കുടുംബാംഗം പരേതയായ വിമലാദേവി
മക്കൾ: ചിത്ര, ലക്ഷ്മി, ജയകൃഷ്ണൻ നായർ
മരുമക്കൾ: രമേശ് കുമാർ , ജഗദീഷ് ചന്ദ്രൻ , ധന്യ

