കോവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിച്ചു: ആമിര്‍ ഖാനെതിരെ ബിജെപി എംഎല്‍എയുടെ പരാതി

മുംബൈ: കോവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ബോളിവുഡ് നടന്‍ ആമിര്‍ ഖാനെതിരെ ഭാരതീയ ജനതാ പാര്‍ട്ടി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജാര്‍ പോലീസില്‍ പരാതി നല്‍കി.ആരാധകരെ കാണുന്ന സമയത്ത് താരം മുഖംമൂടി ധരിച്ചില്ലെന്നാണ് പരാതിയില്‍ പറയുന്നത്.പകര്‍ച്ചവ്യാധി നിയമപ്രകാരം ആമിര്‍ ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, പുതിയ ചിത്രം ‘ലാല്‍ സിംഗ് ചദ്ദ’യുടെ ഷൂട്ടിംഗിനായി തുര്‍ക്കിയിലെത്തിയപ്പോള്‍ ആമിര്‍ ഖാന്‍ തുര്‍ക്കിയുടെ പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സമയത്തായിരുന്നു കൂടികാഴ്ച.

ആഗസ്ത് 15ന്, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിലാണ് ഇസ്താംബൂളിലെ ഹുബര്‍ മാന്‍ഷനിലുള്ള തന്റെ പ്രസിഡന്‍ഷ്യല്‍ വസതിയിലേക്ക് എമിന്‍ ആമിര്‍ ഖാനെ ക്ഷണിച്ചത്.ആമിറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എമിന്‍ എര്‍ദോഗന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ”ലോകപ്രശസ്ത ഇന്ത്യന്‍ നടനും സംവിധായകനുമായ ആമിര്‍ ഖാനെ ഇസ്താംബുളില്‍ കണ്ടുമുട്ടിയതില്‍ എനിക്കേറെ സന്തോഷമുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ അദ്ദേഹം തുര്‍ക്കിയുടെ വിവിധഭാഗങ്ങളില്‍ ചിത്രീകരിക്കുന്നു എന്നറിഞ്ഞതിഷ സന്തോഷമുണ്ട്. ഞാനതിനായി കാത്തിരിക്കുന്നു,” എന്നാണ് എമിന്‍ കുറിച്ചത്.തന്റെ പങ്കാളിത്തമുള്ള സാമൂഹിക പദ്ധതികളെ കുറിച്ചും ആമിര്‍ എമിന്‍ എര്‍ദോഗനുമായി ചര്‍ച്ച നടത്തി. സിനിമകളിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യുന്നതിന് എമിന്‍ എര്‍ദോഗന് ആമിര്‍ഖാനെ അഭിനന്ദിച്ചുവെന്നും തുര്‍ക്കി പ്രസിഡന്‍സി ഓഫ് റിപ്ലബ്ലിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

2020 ഡിസംബര്‍ 25ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ലാല്‍ സിംഗ് ചദ്ദ’ യുടെ റിലീസ് അടുത്തിടെ കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021 ഡിസംബറിലേക്കായി മാറ്റിവച്ചിരുന്നു. കരീന കപൂര്‍ ഖാന്‍, മോനാ സിംഗ്, തമിഴ് താരം വിജയ് സേതുപതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ടോം ഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം.നടനും എഴുത്തുകാരനുമായ അതുല്‍ കുല്‍ക്കര്‍ണിയുടെ തിരക്കഥയില്‍ ‘സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്വൈത് ചന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയകോം 18 മോഷന്‍ പിക്‌ചേഴ്‌സും ആമിര്‍ ഖാന്‍ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രീതമാണ് സംഗീതം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →