ഗുവാഹതി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാം (ജെഇഇ) പകരക്കാരനെ വെച്ച് എഴുതിച്ച് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയും രക്ഷിതാവും അറസ്റ്റില്‍. 99.8 ശതമാനം മാര്‍ക്ക് നേടിയ നീല്‍ നക്ഷത്ര ദാസ് ആസമിലെ കെ ഇ ഇ ടോപ്പര്‍ കൂടിയാണ്. സഹായം ചെയ്തുകൊടുത്ത ടെസ്റ്റിംഗ് സെന്ററിലെ മൂന്നുജീവനക്കാരും അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ അസാര പോലീസ് സ്റ്റേഷനില്‍ എഫ്ഐ.ആര് ഫയല്‍ ചെയ്തു.
നീലിന്റെ പിതാവ് ഡോക്ടര്‍ ജോതിര്മയീ ദാസും ടെസ്റ്റിംഗ് സെന്ററിലെ ജീവനക്കാരായ ഹമേന്ദ്രനാഥ് ശര്‍മ്മ, പ്രഞ്ജല്‍ കലിത, ഹിരുലാല്‍ പതക് എന്നിവരും പിടിയിലായതായി ഗുവാഹത്തി പോലീസ് അറിയിച്ചു. പരീക്ഷയെഴുതാന്‍ പകരക്കാരനെ ഉപയോഗിച്ചത് ഒരു ഏജന്‍സിയുടെ സഹായത്തോടെയാണെന്നും ഗുവാഹത്തി പോലീസ് പറഞ്ഞു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

