മലപ്പുറം തിരൂരിൽ യുവാവിന് പോലീസിന്റെ ക്രൂര മർദ്ദനം; പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും ആരോപണം; സിപിഒയ്ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: തിരൂരിൽ യുവാവിന് പോലീസിന്റെ ക്രൂര മർദ്ദനം. പൊന്നാനി സ്വദേശി നജ്മുദ്ദീൻ ആണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസുദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. പരിക്കേറ്റ നജ്മുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മഫ്‌ത്തിയിൽ വീട്ടിലെത്തിയ രണ്ട് പോലീസ് ഉദ്യോഗസ്ഥർ തന്നെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് നജ്മുദ്ദീൻ പറഞ്ഞു. തുടർന്ന് പോലീസ് ക്വാർട്ടേഴ്സിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായും ഇയാൾ പറയുന്നു.

പൊന്നാനി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ദീന്റെ വീട്ടിലേക്ക് എത്തിയത് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പോലീസുകാരനും മറ്റൊരാളുമാണ്. പോലീസ് ക്വാർട്ടേഴ്സിൽ എത്തിയ യുവാവിനെ ക്രൂരമായ മർദ്ദനത്തിന് ഇരയാക്കുകയായിരുന്നുവത്രേ, ശരീരത്തിൽ പല ഭാഗങ്ങളിലും മുറിവേറ്റിട്ടുമുണ്ട്. തന്നെ പൂർണ നഗ്നനാക്കി മർദ്ദിച്ചുവെന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും യുവാവ് പറഞ്ഞു.

യുവാവിന്റെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ എത്തി സംഭവം തിരക്കിയപ്പോൾ
നജ്മുദ്ദീൻ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞത്.

യുവാവിനെ മർദ്ദിച്ച തിരൂർ സ്റ്റേഷനിലെ സിപിഒ ആയ അനീഷ് പീറ്ററിനെ സസ്പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരിം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ പെരുമ്പടപ്പ് സർക്കിൾ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →