യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

കട്ടപ്പന: രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. കട്ടപ്പന സുവര്‍ണ്ണഗിരി കരോടന്‍ ജോജിന്‍റെ ഭാര്യയും കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് സ്‌കൂള്‍ അദ്ധ്യാപികയുമായ ജിജി(30) ആണ് മരിച്ചത്. വെള്ളിയാഴ്ച (23/10/2020) പുലര്‍ച്ചെ 4.30 ഓടെയാണ് ജിജിയെ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡോക്ടര്‍ എത്തി പരിശോധിച്ചപ്പോള്‍ ഗര്‍ഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തുകയായിരുന്നു. ചികിത്സാ പിഴവാണ് കാരണമെന്നാരോപിച്ച നാട്ടുകാരും ബന്ധുക്കളും സംഘടിച്ചതോടെ പുറ്റടിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നേരിയ സംഘര്‍ഷമുണ്ടായി. കട്ടപ്പന ഡിവൈഎസ്പി എന്‍സി രാജ്‌മോഹന്‍റെ നേതൃത്വത്തിലെത്തിയ പോലീസ് രംഗം ശാന്തമാക്കുകയായിരുന്നു. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തു.

ജിജി നാലുമാസം ഗര്‍ഭിണിയായിരുന്നു. ആദ്യ പ്രസവം സാധാരണ നിലയിലായിരുന്നതിനാല്‍ മരുന്നുനല്‍കി കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യശുപത്രിയില്‍ നിന്ന് രക്തവും എത്തിച്ചുനല്‍കി. അനസ്‌തേഷ്യ നല്‍കാന്‍ ഡോക്ടറേയും വിളിച്ചുവരുത്തിയിരുന്നു. ആദ്യത്തെ കുപ്പി രക്തം നല്‍കിയപ്പോഴേക്കും ജിജി മരിച്ചിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഡോക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് രക്തം എത്തിച്ചുനല്‍കിയതെന്നും എന്നാല്‍ ഡോക്ടറുടെ ഭാഗത്തുനിന്നും അനുകൂല പ്രതീകരണം ഉണ്ടായില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. പിന്നീട് ശസ്ത്രക്രിയ നടത്താമെന്ന് പറഞ്ഞ് ഒപ്പിട്ടുവാങ്ങി.എന്നാല്‍ തയ്യാറെടുപ്പുകള്‍ നടത്തുകയോ ബന്ധുക്കളെ കാണാന്‍ അനുവദിക്കുകയോ ചെയ്തില്ല. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വണ്ടന്മേട് കട്ടപ്പന സ്റ്റേഷനുകളില്‍ നിന്ന പോലീസ് എത്തിയശേഷമാണ് ജിജി മരിച്ച വിവരം പുറത്തറിയുന്നത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നുരാവിലെ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. നാലുവയസുകാരി മരിയറോസ് മകളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →