ചാരുംമൂട്: വീട്ടില്‍ ടിവി കണ്ടുകൊണ്ടിരുന്ന ഗൃഹനാഥനെ കാട്ടുപന്നി വീട്ടില്‍ കയറി ആക്രമിച്ചു. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. മുതുകാട്ടുകര കളീക്കല്‍ തെക്കേതില്‍ ബാബു(55)നെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൂട്ടംതറ്റിയെത്തിയ ഒറ്റയാന്‍പന്നി രക്ഷപെടാനുളള തത്രപ്പാടിനിടെയാണ് ബാബുവിനെ ആക്രമിച്ചത്. ബാബുവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.
സംഭവം അറിഞ്ഞെത്തിയ വനം വകുപ്പുദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാതെ വിവരം ചോദിച്ചറിയുക മാത്രം ചെയ്തശേഷം മടങ്ങുകയാണുണ്ടായതെന്ന പരാതിയുണ്ട്. പലമേല്‍ ഗ്രാമ പഞ്ചായത്തിലെ മിക്കസ്ഥലങ്ങളിലും കാട്ടുപന്നി ശല്ല്യം രൂക്ഷമാണ്. കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പന്നിയെ പിടിക്കാന്‍ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ടെങ്കിലും ഒന്നിനേപ്പോലും വലയിലാക്കാന്‍ സാധിച്ചിട്ടില്ലെന്നറിയുന്നു.
കാട്ടുപന്നിമൂലം കര്‍ഷകര്‍ കൃഷിയിറക്കാന്‍ മടിക്കുകയാണ്. കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുളള ശാസ്ത്രീയ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

