അധിനിവേശത്തിലൂടെ തായ്‌വാൻ അസ്ഥിരപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതായി തായ്‌വാൻ മന്ത്രി

ന്യൂഡല്‍ഹി: ചൈന തായ്‌വാനില്‍ അധിനിവേശം നടത്തിയേക്കാമെന്നും ചൈനീസ് സര്‍ക്കാര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും തായ്‌വാന്‍ വിദേശകാര്യ മന്ത്രി ജോസഫ് വു പറഞ്ഞു. ചൈനയുടെ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാന്‍ തായ്‌വാന്‍ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു. ചൈന ആക്രമിച്ചാല്‍ യുഎസ് തായ്‌വാനെ സഹായിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വു പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയുമായുള്ള തായ്‌വാന്‍ ബന്ധം വഷളായിക്കൊണ്ടിരിക്കെയാണ് ജോസഫ് വു ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ചൈനയുടെ വടക്കു കിഴക്കന്‍ തീരത്ത് വര്‍ധിച്ചുവരുന്ന സൈനിക വിന്യാസം തായ്‌വാനെ ലക്ഷ്യമിട്ടുള്ള മുന്നേറ്റത്തിനായാണെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രദേശത്ത് മുമ്പുണ്ടായിരുന്ന ഡി.എഫ്.11 എസ്, ഡി.എഫ്.15 എസ് മിസൈലുകള്‍ക്ക് പകരം ആധുനികവല്‍ക്കരിച്ച ഡി.എഫ്.17 മിസൈലുകള്‍ ചൈന വിന്യസിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.

പുതിയതായി വിന്യസിച്ച മിസൈലുകള്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ആക്രമണ പരിധിയുള്ളവയും മാരക പ്രഹരശേഷിയുള്ളവയുമാണ്. തായ്‌വാന്‍ ദ്വീപ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമല്ലെങ്കിലും ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. സ്വതന്ത്ര ഭരണ പ്രദേശമായ ദ്വീപ് പിടിച്ചടക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ശക്തി പ്രയോഗിക്കുന്നതിലും തെറ്റില്ലെന്ന നിലപാടാണ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍ പിങ്ങിനുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →