ഏഴുമാസത്തെ ഉയര്‍ന്ന നിരക്കില്‍ രാജ്യത്തെ ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക്

ന്യൂഡല്‍ഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് സെപ്റ്റംബറില്‍ 7.34 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓഗസ്റ്റിലിത് 6.69 ശതമാനമായിരുന്നു. വിതരണ തടസ്സങ്ങളും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലൂടെയും ഇന്ത്യ കഷ്ടപ്പെടുകയാണെന്ന് ഐഎംഎഫ് പുറത്തിറക്കിയ ലോക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പകര്‍ച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തില്‍ മിക്ക രാജ്യങ്ങളിലെയും പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞെങ്കിലും ഇന്ത്യയുള്‍പ്പെടെ ചില രാജ്യങ്ങളില്‍ ഇത് വര്‍ധിച്ചുവെന്ന് ഐ.എം.എഫ് കൂട്ടിച്ചേര്‍ത്തു.

മുന്‍വര്‍ഷം ഇതേകാലത്ത് മൂന്നു ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പനിരക്ക്. പച്ചക്കറി വിലയില്‍ 20.7 ശതമാനത്തിന്റെയും പയര്‍ വര്‍ഗങ്ങളുടെ വിലയില്‍ 14.67 ശതമാനത്തിന്റെയും വര്‍ധനയാണ് സെപ്റ്റബറില്‍ ഉണ്ടായത്. ഇറച്ചി- മീന്‍ വില 17.60 ശതമാനം ഉയര്‍ന്നു. പ്രധാന ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഈ മാസം 6.92 ശതമാനം ഉയര്‍ച്ചയുണ്ടായതായി വാണിജ്യ വ്യവസായ മന്ത്രാലയവും അറിയിച്ചു.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച്, ഡിമാന്‍ഡ് മരവിക്കുകയും പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാകുകയും ചെയ്യുന്ന ഇത്തരം ഒരു അവസ്ഥയെക്കുറിച്ച് നവംബറില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 2.59 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2019 മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എന്നാല്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നത് താല്‍ക്കാലികമാണെന്നും സ്റ്റാഗ്ഫ്‌ളേഷന്‍ എന്ന അവസ്ഥയിലേക്ക് ഇന്ത്യ കടക്കില്ലെന്ന് വാദിക്കുന്ന വിദഗ്ധരുമുണ്ട്. പക്ഷേ പ്രശ്‌നം പണപ്പെരുപ്പനിരക്ക് കൂടുന്നത് ഒരു താല്‍ക്കാലിക അവസ്ഥയല്ല എന്നതാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, ജനുവരിയില്‍, ചില്ലറവില നിരക്ക് 1 .97ശതമാനം മാത്രമായിരുന്നു. ഓരോ മാസവും ഇത് ക്രമമായി വര്‍ധിക്കുകയാണ്.

നിലവിലെ സാമ്പത്തികമാന്ദ്യം മറികടക്കുന്നതിന് വളരെ പ്രതികൂലമാണ് ഉയര്‍ന്ന പണപ്പെരുപ്പം എന്നതാണ് പ്രധാന വസ്തുത. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പനിരക്ക് രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ ക്രമീകരിക്കണമെന്നതാണ് റിസര്‍വ്ബാങ്കിന്റെ ലക്ഷ്യം. നാല് ശതമാനമാണ് നിലവിലെ സാമ്പത്തികസാഹചര്യത്തില്‍ ഏറ്റവും കരണീയമായത് എന്നും കണക്കുകൂട്ടുന്നു. എന്നാല്‍ ഇതിന്റെ ഏതാണ്ട് ഇരട്ടിയോളമാണ് ഇപ്പോള്‍ പണപ്പെരുപ്പം എന്നതാണ് പരിഹാര പ്രക്രിയകളെ സങ്കീര്‍ണമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →