ന്യൂഡല്‍ഹി ഡിസംബര്‍ 11: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ ത്രിപുരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പൂര്‍ണ്ണമായും സര്‍ക്കാര്‍ നിര്‍ത്തലാക്കി. 48 മണിക്കൂര്‍ നേരത്തേക്കാണ് സേവനങ്ങള്‍ക്ക് നിയന്ത്രണം.
പൗരത്വഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്ദിനിടെ വ്യാപകസംഘര്‍ഷം അരങ്ങേറി. ബില്ലിന്റെ പരിധിയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗര്‍ത്തലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം നടന്നു.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് മൂലം സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.