ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹാത്രാസില്‍ പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ വന്‍ വഴിത്തിരിവ്. ആക്രമണത്തിനിരയായ യുവതിയും കേസിലെ മുഖ്യ പ്രതിയായ സന്ദീപ് സിംഗും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രേഖകള്‍ പ്രകാരം 104 തവണ പെണ്‍കുട്ടിയും സന്ദീപും തമ്മില്‍ ഫോണില്‍ ബന്ധപ്പെടിടിരുന്നു. 2019 ഒക്ടോബര്‍ 13 മുതല്‍ പെണ്‍കുട്ടിയുടെ സഹോദരന്‍റെ പേരിലുളള ഫോണ്‍ നമ്പരില്‍ നിന്നും മുഖ്യ പ്രതി സന്ദീപിന് നിരന്തരം കോളുകള്‍ വന്നിരുന്നതായി യുപി പോലീസ് പറയുന്നു. ഫോണ്‍ രേഖകള്‍ പ്രകാരം 62 തവണ സന്ദീപിന്‍റെ ഫോണിലേക്കും 42 തവണ തിരിച്ചും വിളിച്ചിട്ടുണ്ട്. നിലവിവില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും മുഖ്യ പ്രതി സന്ദീപും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നത് വ്യക്തമാണെന്നും പോലീസ് പറയുന്നു.
സെപ്തംബര്‍ 14നാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നെങ്കിലും സെപ്തംബര്‍ 29 ന് മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള വിവിധ സംഘടനകള്‍ യുപി സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

