ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എ.പി.സിംഗ് ഹാത്രസ് കേസിലെ പ്രതികള്‍ക്കുവേണ്ടിയും കോടതിയിലെത്തും. അഖില ഭാരത ക്ഷത്രിയ മഹാസഭയാണ് എപി സിംഗിനെ കേസേല്‍പ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സംഘടനയുടെ ദേശീയ അദ്ധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജാ മാന്‍വേന്ദ്ര സിംഗാണ് പ്രതികള്‍ക്കുവേണ്ടി ഹാജരാവാന്‍ എപി സിംഗിനോട് ആവശ്യ പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വന്‍തുക സംഘടന പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
മേല്‍ജാതിക്കാരെ അപകീര്‍ത്തിപ്പെടുത്താന്‍ എസ്.സി. എസ്ടി വിഭാഗക്കാരെ ദുരുപയോഗപ്പെടുത്തുകയാണെന്നും, ഇത്തരം നീക്കങ്ങള്‍ രജ്പുത്ത് വിഭാഗത്തിന് വേദനയുണ്ടാക്കിയെന്നും സംഘടന അവകാശപ്പെടുന്നു. ഹാത്രസില്‍ 19 വയസുകാരി കൂട്ട ബലാല്‍ സംഘത്തിനും ക്രൂര പീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടയിലാണ് ഈ നീക്കം.

