തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിലെ സുപ്രധാന രേഖകളെല്ലാം കോടതിയിൽ സമർപ്പിച്ച് വിജിലൻസ് . തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി മുൻപാകെയാണ് ലൈഫ് മിഷൻ സംബന്ധിച്ച ഒറിജിനൽ രേഖകൾ വിജിലൻസ് സമർപ്പിച്ചത്.
ഇടപാടുമായി ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ ഹാജരാക്കാൻ ലൈഫ് മിഷനോട് സി ബി ഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 5/10/2020 തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ രേഖകളുടെ പകർപ്പ് മാത്രമാണ് ലൈഫ് മിഷൻ സിഇഒ യു.വി.ജോസ് സി ബി ഐ മുൻപാകെ സമർപ്പിച്ചത്. ഒറിജിനൽ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു എന്നായിരുന്നു സിഇഒ സി ബി ഐ യെ അറിയിച്ചത്. എന്നാൽ ഒറിജിനൽ രേഖകൾ വേണമെന്ന നിലപാടിൽ സി ബി ഐ ഉറച്ചു നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘം ഒറിജിനൽ രേഖകൾ വിജിലൻസ് കോടതിയിൽ സമർപിച്ചത്. ഇനി ഈ രേഖകൾക്കായി സി ബി ഐ ക്ക് വിജിലൻസ് കോടതിയെ സമീപിക്കേണ്ടി വരും.
യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയുള്ള ഇടപാടുകൾ, റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച രേഖകൾ എന്നിവയാണ് സി ബി ഐ ലൈഫ് മിഷനോട് ആവശ്യപ്പെട്ടിരുന്നത്.

