വാഷിങ്ടണ്‍: ബഹിരാകാശയാത്രിക കല്പന ചൗളയുടെ പേര് നല്കിയ അമേരിക്കയുടെ പുതിയ ബഹിരാകാശ വാഹനം യാത്ര തിരിച്ചു.
ബഹിരാകാശ ശാസ്ത്രത്തിന് കല്പന ചൗള നല്കിയ സുപ്രധാന സംഭാവനകള്‍ പരിഗണിച്ചാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് പോയ ബഹിരാകാശവിമാനത്തിന് ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശയാത്രിക കല്പന ചൗളയുടെ പേര് നല്‍കിയത്. അന്റാറെസ് റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. രണ്ടു ദിവസം യാത്ര ചെയ്താണ് പേടകം അന്തരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരുക . ശാസ്ത്ര ഗവേഷണ സാമഗ്രികളുടെ 1217 കിലോഗ്രാമും ഉപകരണങ്ങള്‍ ചേര്‍ന്ന് 852 കിലോഗ്രാമുമാണ് പേടകത്തില്‍ ഉള്ളത് . രക്താര്‍ബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ ബയോളജിക്കല്‍ പരിശോധന ഉള്‍പ്പെടെ ഇതിലുണ്ട്.
2003-ല്‍ കൊളംബിയ സ്പേസ് ഷട്ടിലിലെ മടക്കയാത്രയ്ക്കിടെയുണ്ടായ അപകടത്തിലാണ് കല്പന ചൗള അന്തരിച്ചത്. കല്പനയ്ക്കൊപ്പം ബഹിരാകാശ വാഹനത്തിലുണ്ടായിരുന്ന മറ്റ് ആറ് യാത്രികരും അപകടത്തില്‍ മരിച്ചു. ബഹിരാകാശ ദൗത്യത്തില്‍ വിദഗ്ധയായിരുന്ന കല്പനയുടെ സ്മരണാര്‍ഥം തങ്ങളുടെ അടുത്ത ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്പന ചൗളഎന്ന പേര് നല്‍കുമെന്ന് അമേരിക്കയുടെ ആഗോള ബഹിരാകാശ-പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ നോര്‍ത്ത്റോപ് ഗ്രൂമാനാണ് പ്രഖ്യാപിച്ചത്.
മനുഷ്യരുള്‍പ്പെടുന്ന ബഹിരാകാശദൗത്യത്തിന് കല്പന നല്കിയ സംഭാവനകള്‍ എക്കാലവും നിലനില്‍ക്കുമെന്നും ഇന്ത്യന്‍ വംശജയായ ആദ്യബഹിരാകാശ യാത്രികയെന്ന നിലയില്‍ നാസയില്‍ ചരിത്രം രേഖപ്പെടുത്തിയ കല്പന ചൗളയെ ബഹുമാനിക്കുന്നുവെന്നും നോര്‍ത്ത്റോപ് ഗ്രൂമാന്‍ കമ്പനി ബുധനാഴ്ച ട്വീറ്റ് ചെയ്തു. ബഹികാരാശ ദൗത്യത്തിനായി ജീവത്യാഗം ചെയ്ത കല്പന ചൗള പിന്‍ഗാമികളായ ബഹിരാകാശ യാത്രികര്‍ക്ക് പ്രചോദനം പകര്‍ന്നുവെന്നും കമ്പനി പറഞ്ഞു.

