മഥുര : ഉത്തര്‍പ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേർന്നുള്ള മുസ്ലീം പള്ളി പൊളിച്ചുമാറ്റണമെന്ന ചിലരുടെ ആവശ്യത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഹൈന്ദവ പുരോഹിതരുടെ കൂട്ടായ്മ രംഗത്തെത്തി.
മഥുരയിലെ സമാധാനം തകർക്കാൻ പുറത്തു നിന്നുമുള്ള ചിലർ ശ്രമിക്കുക യാണെന്ന് അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ അധ്യക്ഷൻ മഹേഷ് പഥക് പറഞ്ഞു. ക്ഷേത്രവും പളളിയും സംബന്ധിച്ച് യാതൊരു തർക്കവും നിലവിൽ മഥുരയിൽ നിലനിൽക്കുന്നില്ല. 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തന്നെ ഇതു സംബന്ധിച്ച ഒത്തുതീർപ്പുകൾ നടന്നിരുന്നതാണെന്നും ഇപ്പോൾ ചിലർ ഉന്നയിക്കുന്ന തർക്കം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മഥുര സിവില്‍ കോടതി 30/09/2020 ബുധനാഴ്ച തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചത്. കൃഷ്ണ വിരാജ്മന്റെ പേരിലാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. ക്ഷേത്രത്തിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് മസ്ജിദ് ഉള്ളതെന്നാണ് ഹരജിയില്‍ ഉന്നയിക്കുന്ന അവകാശവാദം.
മഥുരയിലെ കൃഷ്ണ ക്ഷേത്രം തകര്‍ത്തത് ‘മുഗള്‍ ആക്രമണകാരി’യായിരുന്ന ഔറംഗസീബാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു.

