കൊല്ലങ്കോട്: ചെമ്മണാമ്പതി അല്ലിമൂപ്പന്‍ തേക്കടി വഴി പറമ്പിക്കുളത്തേക്ക് കാട്ടുപാത യാഥാര്‍ത്ഥ്യമാക്കാന്‍ ഊരുകൂട്ടം രംഗത്തിറങ്ങുന്നു. മലമ്പാത യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുക്കുമെന്ന് 300ഓളം പേരടങ്ങുന്ന ആദിവാസി കൂട്ടായ്മ അറിയിച്ചു. പറമ്പിക്കുളം നെന്മാറ വനം ഡിവിനുകളിലെ 2000 ആദിവാസികള്‍ക്കും 200 വനപാലകര്‍ക്കും വനപാതയിലൂടെ തമിഴ്‌നാട് ചുറ്റാതെ വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ജില്ലാ ആസ്ഥാനത്തേക്ക് എത്താവുന്ന തരത്തില്‍ കാട്ടുപാതയൊരുക്കുകയാണ് ഇവരുടെ ഉദ്ദേശം
നിലവില്‍ കേരളത്തിലെ കടുവാ സങ്കേതങ്ങളില്‍ പ്രധാനപ്പെട്ട പറമ്പിക്കുളത്തെത്താന്‍ തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. നിലവിലുളള കാട്ടുപാത വിപുലീകരിച്ചാല്‍ മുതലമടയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് പോകാന്‍ തമിഴ്‌നാടിനെ ആശ്രയിക്കേണ്ടി വരില്ല. മുതലമട പഞ്ചായത്തിന്‍റെ 11-ാം വാര്‍ഡായ പറമ്പിക്കുളം തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമാണ്. പ്രാചീന ഗോത്രവര്‍ഗ്ഗത്തിലെ കാടരും മുതുവരും, മലസരും, മലൈമലസരും ഉള്‍പ്പടെ 11 കോളനികളിലായി താമസിക്കുന്നുണ്ട്. ഡാം നിര്‍മ്മാണവുമായി ബന്ധപ്പെട്ടെത്തിയ തമിഴ്‌നാട് സ്വദേശികളുടെ പിഎപി കോളനിയുമുണ്ട്. സ്വന്തമായി വഴിയില്ലാത്തതിനാല്‍ തനത് വനവിഭവങ്ങളായ തേന്‍, മുളയരി, കാട്ടുമഞ്ഞള്‍, കുരുമുളക് ഏലം തുടങ്ങിയവയ്ക്ക് മികച്ച വിപണി കണ്ടെത്താനും കഴിയുന്നില്ല.
തമിഴ്‌നാടുവഴി പറമ്പിക്കുളത്തേക്ക് പോകുമ്പോള്‍ തമിഴ്‌നാട് ചെക്ക് പോസ്റ്റ് ജീവനക്കാരുടെ നിസഹകരണവും മോശം ഇടപെടലും മൂലം കേരളത്തിലെ യാത്രക്കാരും ഉദ്യോഗസ്ഥരും തദ്ദേശീയരും നിരന്തരം യാത്രാ ദുരിതം സഹിക്കുകയാണ്. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് പോലും തടയുന്നതായി ആദിവാസികള്‍ പറഞ്ഞു.
.

