വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് സംശയം തോന്നിയ മൂന്ന് വ്യാജ റഷ്യന്‍ നെറ്റ് വര്‍ക്കുകള്‍ നീക്കം ചെയ്തതായി ഫെയ്‌സ് ബുക്ക്. സിറിയ, ഉക്രെയ്ന്‍, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഉള്ളടക്കം പോസ്റ്റുചെയ്യുന്ന പേജുകളടങ്ങുന്ന നെറ്റ്വര്‍ക്കാണ് നീക്കം ചെയ്തത്.2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫെയ്‌സ് ബുക്കിന്റെ ഇടപെടല്‍.
ഈ നെറ്റ്വര്‍ക്കുകള്‍ രാഷ്ട്രീയമായി സമ്മര്‍ദം ചെലുത്തുവാന്‍ ലക്ഷ്യമിട്ട് നടത്തിയ പ്രചാരണം തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ആയിരുന്നു എന്ന് ഫെയ്സ് ബുക്ക് പറഞ്ഞു. ഈ അക്കൗണ്ടുകള്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവും സെന്റ് പീറ്റേഴ്സ്ബര്‍ഗ് ആസ്ഥാനമായുള്ള ഒരു സംഘടനയുമായി ബന്ധമുള്ളതാണ്. എന്നാല്‍ ആരോപണത്തോട് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. നേരത്തെ, തെരഞ്ഞെടുപ്പ് ഇടപെടല്‍ ആരോപണം റഷ്യ പലതവണ നിഷേധിക്കുകയും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു.

