ബീജിങ്: ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ തന്നെ പരീക്ഷണാത്മക കൊവിഡ് വാക്‌സിനുകള്‍ നല്‍കുന്നത് ആരംഭിക്കാന്‍ ലോകാരോഗ്യ സംഘടന ചൈനയ്ക്ക് പിന്തുണ നല്‍കിയിരുന്നെന്ന് ചൈന. വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനാണ് പിന്തുണ ഉണ്ടായിരുന്നതെന്ന് ചൈനീസ് ആരോഗ്യ വകുപ്പിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഷെങ് സോങ്വെയ് പറഞ്ഞു.ജൂണില്‍ ഈ അടിയന്തര പദ്ധതിക്ക് ചൈന അംഗീകാരം നല്‍കി ജൂലൈയില്‍ ഇത് ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സിനൊഫാം വികസിച്ച വാക്‌സിനാണ് ഇത്തരത്തില്‍ വ്യാപകമായി ഉപയോഗിച്ചതെന്നാണ് വിവരം. വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് വിധേയമായ ആരിലും പാര്‍സ്വഫലങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായില്ലെന്നും അധികൃതര്‍ പറയുന്നു. സിനോഫാം വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു.സുരക്ഷയും ഫലപ്രാപ്തിയും ട്രയലിലൂടെ വിലയിരുത്തുന്നതിന് മുമ്പാണ് ചൈന വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. അവസാന ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കി സുരക്ഷ ഉറപ്പാക്കിയതിന് ശേഷമേ ജനങ്ങള്‍ക്ക് നല്‍കാവൂ എന്ന് ലോകാരോഗ്യ സംഘടന അടക്കം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെയാണ് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കിയതെന്നാണ് ചൈന ഇപ്പോള്‍ പറയുന്നത്.

