തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ കാന്‍സര്‍ രോഗികളെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചു. മെഡിക്കല്‍ കോളേജാശുപത്രിയിലെ കാന്‍സര്‍ രോഗികളുടെ വാര്‍ഡ് അടച്ചിട്ടാണ് ഇവരെ നീക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം അടുത്തദിവസം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം പോലും പാളിപ്പോയ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കാണ് കാന്‍സര്‍ രോഗികളെ മാറ്റാനുളള ശ്രമം നടക്കുന്നത്.
ഈ പുതിയ സംവിധാനം ഏര്പെടുത്തിയാല് ആയിരക്കണക്കിന് രോഗികള്‍ ദുരിതത്തിലാകും. പ്രവര്‍ത്തനം മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും രോഗികളേയും ജീവനക്കാരേയും സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. നിലവില്‍ കാന്‍സര്‍ രോഗികളെ ചികിത്സിക്കുന്ന നെഞ്ചുരോഗാശുപത്രിയിലെ വാര്‍ഡ് കോവിഡ് വാര്‍ഡാക്കി മാറ്റുന്നുവെന്ന കാരണം പറഞ്ഞാണ് സ്വകാര്യാശുപത്രിയിലേക്ക് ഇവരെ മാറ്റുന്നത്. എന്നാല്‍ നിലവില്‍ നെഞ്ചുരോഗാശുപത്രിയിലെ വിട്ടുകൊടുത്ത 120 കിടക്കകളില്പോലും രോഗികളെ പൂര്‍ണ്ണമായി കിടത്തിയിട്ടില്ല. കോവിഡ് സ്ഥിരീകരിച്ചവരെ പ്രദേശിക തലങ്ങളില്‍ തയ്യാറാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലാണ് പ്രവേശിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വിഭാഗം ഡോക്ടര്‍മാരെ അങ്ങോട്ട് നിയമിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്തായാലും രോഗികള്‍ക്കും ജീവനക്കാര്‍ക്കും വളരെയേറെ ബൂദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണ് ഈ സംവിധാനം .
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാസങ്ങളില്‍പോലും പതിനായിരത്തോളം കാന്‍സര്‍ രോഗികള്‍ ഓപിയില്‍ എത്തിയിരുന്ന ആശുപത്രിയാണിത്. കോവിഡ് സ്ഥിരീകരിച്ച ഫെബ്രുവരി മുതല്‍ കാന്‍സര്‍ ചികിത്സക്കായി ഐപി വിഭാഗത്തില്‍ 32,396, ഓ പി വിഭാഗത്തില്‍ 46,706, കീമോ 22240, കോബാള്‍ട്ട് 9936 എന്നിങ്ങനെയാണ് രോഗികള്‍ എത്തിയിരുന്നത്. ഇത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ രോഗികളുടെ തുടര്‍ ചികിത്സക്ക് തടസമാകും. മാത്രമല്ല
മെഡിക്കല്‍ റിപ്പോര്‍ട്ടുകളും രേഖകളും ലഭിക്കാന്‍ വൈകും. ഒപ്പം ചികിത്സയും വൈകും.