ന്യൂഡല്‍ഹി: ആഗോളതലത്തില്‍ 2020ന്റെ ആദ്യ പകുതിയില്‍ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ സേവന നിബന്ധനകളോ ലംഘിച്ചതിന് 104 ദശലക്ഷത്തിലധികം വീഡിയോകള്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കംചെയ്തിട്ടുണ്ടെന്ന് ടിക് ടോക്ക് പറഞ്ഞു. ഇതില്‍ 96.4% വീഡിയോകള്‍ ഉപയോക്താവ് റിപ്പോര്‍ട്ടു ചെയ്യുന്നതിനുമുമ്പ് നീക്കം ചെയ്യപ്പെട്ടവയാണ്. 90.3% എണ്ണം ആരെങ്കിലും കാണുന്നതിന് മുമ്പ് നീക്കം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ടിക് ടോക്കിന്റെ ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിന്റെ റിപ്പോര്‍ട്ടിലാണ് 2020 പകുതിയോടെ വീഡിയോകള്‍ നീക്കം ചെയ്തതായി പറയുന്നത്.
ഉപയോക്താവിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ട് 42 രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്ന് 1,768 അപേക്ഷകള്‍ ടിക്ടോക്കിന് ലഭിച്ചു. 15 രാജ്യങ്ങളിലെ മാര്‍ക്കറ്റുകളില്‍ നിന്നും കണ്ടന്റ് മാറ്റണമെന്നും അല്ലെങ്കില്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ 121 അപേക്ഷകള്‍ നല്‍കി.കോപ്പി റൈറ്റുള്ള 10,625 കണ്ടന്റുകളും ടിക്ടോക്കില്‍ നിന്ന് നീക്കം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സ്‌പെയിന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ ഫാക്ട് ചെക്കിംഗ് ടിക്ടോക് നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള 3.7 കോടി വീഡിയോകളാണ് നീക്കം ചെയ്തത്.

