കേരളത്തിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കിലേക്ക്.

തൃശൂര്‍: കേരളത്തിലെ കോവിഡ് സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. തുടക്കത്തിലെ ജാഗ്രത നാളുകള്‍ക്കുശേഷം ഇല്ലാതായ കാഴ്ചയാണ് കണ്ടുവരുന്നത്. ഉപജീവനത്തിനായി ഇളവുകള്‍ നല്‍കിയതില്‍ ജനങ്ങള്‍ പുലര്‍ത്തിയ അശ്രദ്ധ കോവിഡ് വ്യാപനത്തില്‍ പങ്കുവഹിച്ചു എന്നാണ് നിരീക്ഷിക്കാന്‍ കഴിയുന്നത്. പോലീസ് ഉദ്യോഗസ്ഥരിലും ആരോഗ്യപ്രവര്‍ത്തകരിലും വര്‍ദ്ധിക്കുന്ന രോഗവ്യാപനം കോവിഡ് പ്രതിരോധത്തിലെ പ്രതിസന്ധി വെളിവാക്കുന്നു.

റൂട്ടിന്‍ ടെസ്റ്റിംഗ്, പൂള്‍ഡ് സെന്‍റിനെല്‍, ട്രൂനാറ്റ്, ആന്‍റിജന്‍ ടെസ്റ്റ് എന്നിവയാണ് പ്രധാന ടെസ്റ്റിംഗ് രീതികള്‍. ടെസ്റ്റുകളുടെ എണ്ണത്തിനു ആനുപാതികമായി രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു എന്നത് രോഗവ്യാപനത്തെ സൂചിപ്പിക്കുന്നു. ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് ഇതുവരെ ആകെ 24,50,599 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. 1,38,631 കോവിഡ് കേസുകള്‍ കണ്ടെത്തി. അതായത് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.66%. എന്നാല്‍ പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ദേശീയ ശരാശരിയെ മറികടന്നു. ഇന്ത്യയിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.5% ആണ്. കഴിഞ്ഞ ദിവസത്തെ കേരളത്തിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.53% ആണ്. അതായത് ടെസ്റ്റ് ചെയ്യപ്പെടുന്നവരില്‍ രോഗികളാണെന്ന് കണ്ടെത്തുന്നവരുടെ എണ്ണം 100 ല്‍ 12 പേര്‍ എന്ന നിലയിലേക്ക് എത്തികഴിഞ്ഞു.

ഓരോ ദിവസത്തെയും കണക്കെടുത്താല്‍ കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ചുവരുന്നതായി കാണാം. കഴിഞ്ഞ ഒരാഴ്ചയായി ഇത് ശരാശരി 10% എന്ന നിരക്കില്‍ തുടരുന്നു. ഇത് കോവിഡ് വ്യാപനത്തിന്‍റെ അത്യന്തം ഗുരുതരമായ സ്ഥിതിയാണ് വെളിപെടുത്തുന്നത്. ഒപ്പം, മരണസംഖ്യ ഉയരുന്നു എന്നതും ഏറെ ആശങ്ക ഉണ്ടാക്കുന്നു. ലഭിച്ച കണക്കനുസരിച്ച് ഇതുവരെ 572 പേര്‍ കേരളത്തില്‍ കോവിഡ് മൂലം മരണപ്പെട്ടു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാല്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കും. ഇന്നുവരെയുള്ള കേരളത്തിലെ കോവിഡ് ടെസ്റ്റുകളുടെ എണ്ണവും രോഗം സ്ഥിരീകരിച്ചവയുടെ എണ്ണവും പരിശോധിച്ചാല്‍ ഇത് വ്യക്തമാണ്. അവധിദിനമായതിനാല്‍ ഞായറാഴ്ച നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കുറയും. അതിനാല്‍ കണക്കുപ്രകാരം കോവിഡ് കേസുകളും കുറയും. എന്നാല്‍ യഥാര്‍ത്ഥ അവസ്ഥ ഗുരുതരമായിതന്നെ നിലനില്‍ക്കും.

ഇന്ത്യയില്‍ ഇതുവരെ 6,53,25,779 പേര്‍ക്ക് ടെസ്റ്റുകള്‍ നടത്തി. 55,67,126 ടെസ്റ്റുകളാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്ര സംസ്ഥാനമാണ്. അവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20% ത്തിനു മുകളിലാണ്. ആന്ധ്രപ്രദേശ്, കര്‍ണാടക, ഡല്‍ഹി, ഗോവ, തമിഴ്നാട് എന്നിവയാണ് ദേശീയ ശരാശരിയേക്കാള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മറ്റു സംസ്ഥാനങ്ങള്‍. ആകെ ശരാശരി നിരക്കില്‍ കേരളം ദേശീയ ശരാശരിയെ മറികടന്നിട്ടില്ല എങ്കിലും വ്യാപനതോത് കണക്കിലെടുക്കുമ്പോള്‍ വരും നാളുകളില്‍ അതിനുള്ള സാധ്യത തള്ളികളയാനാകില്ല.

തയ്യാറാക്കിയത്: സിജോ പി ജോസ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →