കൊവിഡ്: 20 ലക്ഷത്തിലേറെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിലയ്ക്കുമെന്ന് മലാല

ന്യൂയോര്‍ക്ക്: വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും എണ്ണത്തില്‍ വര്‍ധന വരുത്തുകയെന്ന ലക്ഷ്യത്തിന് വന്‍ തിരിച്ചടിയാണ് കൊവിഡ് നല്‍കുകയെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായി. കോവിഡ് പ്രതിസന്ധി അവസാനിച്ചാലും 20 ലക്ഷത്തിലേറെ പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്കു മടങ്ങിയെത്തില്ലെന്നാണ് കരുതുന്നതെന്നും ന്യൂയോര്‍ക്കില്‍ ഓണ്‍ലൈന്‍ വഴി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധനചെയ്ത് സംസാരിക്കവെ മലാല പറഞ്ഞു.

ആഗോളതലത്തില്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തികനിക്ഷേപത്തില്‍ വര്‍ഷം 220 കോടി രൂപയുടെ കുറവുവന്നതായും മലാല പറഞ്ഞു. അഞ്ചുവര്‍ഷംമുമ്പ് യു.എന്‍. നിശ്ചയിച്ച സുസ്ഥിര ആഗോളലക്ഷ്യങ്ങള്‍, വിദ്യാഭ്യാസം ആഗ്രഹിക്കുന്നതും സമത്വത്തിനായി പോരാടുന്നതുമായ ദശലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ഭാവിയെ പ്രതിനിധാനം ചെയ്തതാണെന്ന് മലാല അന്താരാഷ്ട്രസമൂഹത്തെ ഓര്‍മിപ്പിച്ചു.

എന്നാല്‍, ലക്ഷ്യം കൈവരിക്കാനായി വളരെകുറച്ച് നടപടികള്‍മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നും കുട്ടികള്‍ക്ക് 12 വര്‍ഷത്തെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള സാമ്പത്തിക നിക്ഷേപം എപ്പോള്‍ നല്‍കുമെന്നും മലാല ചോദിച്ചു. യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ മുഹമ്മദ് എന്നിവരും വെര്‍ച്വലായിനടന്ന യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →