ന്യൂയോർക്ക്: ഭൂമിയിലെ ജീവൻ്റെ നിലനിൽപിനായി 2010 ൽ നിശ്ചയിച്ച 20 സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നു പോലും സാക്ഷാത്കരിക്കാൻ കഴിഞ്ഞ പത്ത് വർഷങ്ങൾ കൊണ്ട് സാധിച്ചില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു.
20 ൽ 6 ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള നേർത്ത ശ്രമങ്ങൾ നടന്നപ്പോൾ 14 എണ്ണവും സമ്പൂർണമായി അവഗണിക്കപ്പെട്ടു. ഐക്യ രാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ആഗോള ജൈവവൈവിധ്യ റിപ്പോർട്ടിൽ (Global biodiversity Outlook Report ) ആണ് കഴിഞ്ഞ ഒരു ദശക്കാലം കൊണ്ട് ഭൂമിയിലെ ജീവരാശിയുടെ നിലനിൽപ്പിനായി ലോകരാജ്യങ്ങൾ ഒന്നും ചെയ്തില്ല എന്ന് വ്യക്തമാക്കുന്നത്.
2010 ൽ ലോകത്തിലെ 196 രാജ്യങ്ങൾ പത്തു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട ഈ ലക്ഷ്യങ്ങൾ നിശ്ചയിക്കുകയും അത് അംഗീകരിക്കുകയും ചെയ്തിരുന്നതാണെന്ന് യു എൻ പറയുന്നു. ജൈവ വൈവിധ്യ സംരക്ഷണത്തെ കുറിച്ചുള്ള ആഗോള ആശയ വിനിമയം , ജൈവവൈവിധ്യ പരിപാലനത്തിനായുള്ള സർക്കാരുകളുടെയും കോർപ്പറേറ്റുകളുടെയും നടപടികൾ , സുസ്ഥിരമായ കൃഷിയും മത്സ്യ ബന്ധനവും , വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം എന്നിവയെല്ലാം 20 ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിരുന്നു. 2050 ലേക്കായി പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരിക്കുകയാണ് യു.എൻ.