പട്ന (ബിഹാർ) /2026 / നവംബർ 25
ബിഹാറിലെ പട്ന ബാപ്പു സഭാഗാറിൽ നവംബർ 26ന് ദേശീയ ക്ഷീരദിനം ആഘോഷിക്കും. കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിനു കീഴിലെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതിയ പദ്ധതികൾക്ക് തുടക്കമിടും. ക്ഷീര, കന്നുകാലി മേഖലയിലെ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന, പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജൻ സിങ് എന്ന ലലൻ സിങ് മുഖ്യാതിഥിയാകും. ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ഇതേ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രി പ്രൊഫസർ എസ്. പി. സിങ് ബഘേൽ, ബിഹാറിലെ ക്ഷീര, മത്സ്യബന്ധന, മൃഗവിഭവ മന്ത്രി നന്ദ് കിഷോർ റാം എന്നിവരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും. ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യമായി ഇന്ത്യയെ മാറ്റുന്നതിൽ അദ്ദേഹം നൽകിയ സംഭാവനയും ദിനാഘോഷത്തിൽ അനുസ്മരിക്കും.
മൂന്ന് വിഭാഗങ്ങളിലായി ദേശീയ ഗോപാൽ രത്ന പുരസ്കാരം
കന്നുകാലി, ക്ഷീര മേഖലകളിലെ ഏറ്റവും ഉയർന്ന ദേശീയ ബഹുമതികളിലൊന്നായ 2026ലെ ദേശീയ ഗോപാൽ രത്ന പുരസ്കാരങ്ങൾ രാജീവ് രഞ്ജൻ സിങ് സമ്മാനിക്കും. നാടൻ പശു, എരുമ ഇനങ്ങളെ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും ക്ഷീരമേഖലയുടെ വികസനത്തിനും കന്നുകാലികളുടെ ഉൽപാദനക്ഷമത കൂട്ടുന്നതിനും മികച്ച സംഭാവന നൽകിയവരെയാണ് ആദരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയ്ക്ക് പുറത്തുള്ളവരിൽ നാടൻ പശുക്കളെയോ എരുമകളെയോ വളർത്തുന്ന മികച്ച ക്ഷീരകർഷകൻ, മികച്ച കൃത്രിമ ബീജസങ്കലന ടെക്നീഷ്യൻ, മികച്ച ക്ഷീര സഹകരണ സംഘം, പാൽ ഉൽപാദക കമ്പനി, ക്ഷീരകർഷക ഉൽപാദക സംഘടന എന്നിവയിൽ ഒന്നിന് നൽകുന്ന പുരസ്കാരം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്. വടക്കുകിഴക്കൻ മേഖലയിലെയും ഹിമാലയൻ സംസ്ഥാനങ്ങളിലെയും വിജയികൾക്ക് ഓരോ വിഭാഗത്തിലും പ്രത്യേക പുരസ്കാരവും നൽകും.
പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാൻ പ്ലാന്റ്
ദേശീയ ക്ഷീരവികസന പദ്ധതിയുടെ ഭാഗമായി ക്ഷീര സഹകരണ സംഘങ്ങൾക്ക് അനുവദിച്ച വിവരസംസ്കരണ, പാൽ ശേഖരണ യൂണിറ്റുകൾ വിതരണം ചെയ്യും. പട്നയിലെ വി.പി.എം.യുവിലും മുസഫർപുരിലെ ടിമുലിലും ധാതുമിശ്രിത നിർമാണ പ്ലാന്റുകൾ രാജ്യത്തിന് സമർപ്പിക്കും. സമസ്തിപുരിലെ മിഥില മിൽക്ക് യൂണിയനിലെ മലിനജല ശുദ്ധീകരണ പ്ലാന്റും രാജ്യത്തിന് സമർപ്പിക്കും. പാൽ ശേഖരണവും ഗുണനിലവാര പരിശോധനയും മെച്ചപ്പെടുത്താനും കന്നുകാലികൾക്ക് മികച്ച പോഷണം ഉറപ്പാക്കാനും ക്ഷീരമേഖലയിലെ പ്രവർത്തനങ്ങൾ പരിസ്ഥിതിസൗഹൃദമാക്കാനും ഈ പദ്ധതികൾ സഹായിക്കും. പട്നയിലെ ബിഹ്തയ്ക്കടുത്തുള്ള സിക്കന്ദർപുരിൽ നമസ്തേ ഇന്ത്യ സ്ഥാപിച്ച പാൽ സംസ്കരണ പ്ലാന്റും രാജ്യത്തിന് സമർപ്പിക്കും. പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് മൃഗസംരക്ഷണ അടിസ്ഥാനസൗകര്യ വികസന നിധിയുടെ സഹായത്തോടെയാണ് സ്ഥാപിച്ചത്. കന്നുകാലി ആരോഗ്യ, രോഗനിയന്ത്രണ പദ്ധതിക്കു കീഴിൽ അനുവദിച്ച മൃഗചികിത്സാ മരുന്ന് വിൽപന കേന്ദ്രത്തിനുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. മൃഗചികിത്സാ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ക്ഷീര സംഘങ്ങൾക്ക് ഗ്രേഡിങ് പോർട്ടൽ, കന്നുകാലി മേഖലയ്ക്ക് പുതിയ കണക്കുകൾ
ക്ഷീര സഹകരണ സംഘങ്ങൾക്കും പാൽ ഉൽപാദക സംഘടനകൾക്കും റേറ്റിങ്ങും ഗ്രേഡും നൽകാനുള്ള നടപടിക്രമങ്ങൾ പുറത്തിറക്കും. ഇതിനായി അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ പോർട്ടലും തുടങ്ങും. സ്ഥാപനങ്ങളുടെ പ്രവർത്തനശേഷിയും കാര്യക്ഷമതയും കൂട്ടാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നടപടികൾ. വികസിത് ഭാരത് 2047 ലക്ഷ്യമിട്ട് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കന്നുകാലി, ക്ഷീര മേഖലകളുടെ കർമരേഖയും പുറത്തിറക്കും. ഉൽപാദനക്ഷമതയുള്ളതും സുസ്ഥിരവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ശേഷിയുള്ളതുമായ മേഖല കെട്ടിപ്പടുക്കാനുള്ള മാർഗങ്ങളാണ് രേഖയിലുള്ളത്. 2026ലെ അടിസ്ഥാന മൃഗസംരക്ഷണ സ്ഥിതിവിവരക്കണക്കുകളും ചടങ്ങിൽ പുറത്തുവിടും. 2025 മാർച്ച് ഒന്നുമുതൽ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ നടത്തിയ സംയോജിത സാമ്പിൾ സർവേയാണ് ഇതിന് അടിസ്ഥാനം. പാൽ, മുട്ട, മാംസം, കമ്പിളി എന്നിവയുടെ ഉൽപാദനവും സംസ്ഥാനാടിസ്ഥാനത്തിലുള്ള ഉൽപാദന കണക്കുകളും ആളോഹരി ലഭ്യതയും പ്രസിദ്ധീകരണത്തിലുണ്ടാകും. കണക്കുകളുടെ അടിസ്ഥാനത്തിൽ നയം രൂപപ്പെടുത്താനും മേഖലയിലെ പദ്ധതികൾ ആസൂത്രണം ചെയ്യാനും തീരുമാനങ്ങളെടുക്കാനും ഈ വിവരങ്ങൾ സഹായിക്കും.
കർഷകരുമായി സംവാദം, വിപണിയിലേക്ക് സുധയുടെ പുതിയ ഉൽപന്നങ്ങൾ
മാതൃകാപരമായി പ്രവർത്തിക്കുന്ന ക്ഷീരകർഷകരുമായി സംവാദം നടത്തും. കർഷകർക്ക് നേരിട്ട് സംസാരിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും അവസരമുണ്ടാകും. ക്ഷീരമേഖലയെ ശക്തിപ്പെടുത്താൻ അവർ നൽകിയ സംഭാവനകളും വിജയകരമായ രീതികളും പുതിയ പരീക്ഷണങ്ങളും സംവാദത്തിൽ ചർച്ചയാകും. കർഷകരുടെ അറിവ് കൂടുതൽ പേരിലേക്ക് എത്തിക്കാനും ക്ഷീരവികസനത്തിൽ കൂടുതൽ പേരെ പങ്കാളികളാക്കാനുമാണ് പരിപാടി. സുധ ബ്രാൻഡിന്റെ മഖാന ഖീറും റബ്രിയും വിപണിയിലിറക്കും. സുധ ബ്രാൻഡ് വിൽപന കേന്ദ്രങ്ങളുടെ താക്കോലുകളും കൈമാറും. മൂല്യവർധിത ക്ഷീരോൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും ക്ഷീരോൽപന്നങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കാനുമാണ് ഈ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കന്നുകാലി കർഷകർ, പാൽ ഫെഡറേഷനുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർ പങ്കെടുക്കും. കർഷകരുടെയും മേഖലയിലെ മറ്റു പങ്കാളികളുടെയും സംഭാവനകൾ അംഗീകരിക്കാനും പുതിയ നേട്ടങ്ങളും പദ്ധതികളും പരിചയപ്പെടുത്താനും ആഘോഷം വേദിയാകും. എല്ലാവരെയും ഉൾക്കൊള്ളുന്നതും ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ളതുമായ ശക്തമായ കന്നുകാലി, ക്ഷീരമേഖല വളർത്താൻ സഹകരണം കൂട്ടാനും പരിപാടി ലക്ഷ്യമിടുന്നു. ക്ഷീരമേഖലയിൽ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ച ഉറപ്പാക്കാനും വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും ആഘോഷം ആവർത്തിച്ച് ഉറപ്പിക്കും.
.