ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45-ാമത് ഇന്ത്യാ അന്താരാഷ്ട്ര വ്യാപാരമേളയിൽ ആയുഷ് പവലിയൻ കാണാൻ നിരവധി പേരെത്തുന്നു. നവംബർ 13 മുതൽ 27 വരെ നടക്കുന്ന മേളയിൽ ഹാൾ നമ്പർ രണ്ടിലാണ് പവലിയൻ. കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനങ്ങളും ഗവേഷണ കൗൺസിലുകളും ചേർന്നാണ് ഇന്ത്യയിലെ വിവിധ പരമ്പരാഗത ചികിത്സാരീതികൾ ഇവിടെ പരിചയപ്പെടുത്തുന്നത്. സൗജന്യ ആരോഗ്യ കൺസൾട്ടേഷനും യോഗ പരിശീലനവും സന്ദർശകർക്ക് നേരിട്ട് പങ്കെടുക്കാവുന്ന പരിപാടികളുമുണ്ട്. പരമ്പരാഗത ഭക്ഷണം, ഔഷധസസ്യങ്ങൾ, ബോധവത്കരണ അവതരണങ്ങൾ എന്നിവയിലൂടെ രോഗപ്രതിരോധത്തിലും ആരോഗ്യകരമായ ജീവിതത്തിലും ആയുഷ് രീതികളുടെ പങ്ക് വിശദീകരിക്കുന്നു.

ആയുർവേദ പരിശോധനയും ഔഷധസസ്യങ്ങളുടെ പരിചയപ്പെടുത്തലും
ആയുർവേദ ഗവേഷണ കേന്ദ്രമായ സി സി ആർ എ എസ്–കാരി ആയുർവേദ ഒ പി സേവനവും പ്രകൃതി പരിശോധനയും നൽകുന്നു. രോഗപ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി, ആയുർവേദത്തിലൂടെയുള്ള ആരോഗ്യപരിപാലനം എന്നിവയെക്കുറിച്ചും ഇവിടെ വിവരങ്ങൾ നൽകുന്നു. അശ്വഗന്ധ, ശതാവരി, അർജുനം, നെല്ലിക്ക, മഞ്ഞൾ, ചിറ്റമൃത് തുടങ്ങിയ പതിവായി ഉപയോഗിക്കുന്ന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ന്യൂഡൽഹിയിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് പ്രദർശിപ്പിക്കുന്നു. ഇവയുടെ പരമ്പരാഗത ഉപയോഗവും ആരോഗ്യപരിപാലനത്തിലെ പങ്കും വിശദീകരിക്കുന്നുണ്ട്. ഔഷധസസ്യങ്ങൾ ഉപയോഗിക്കുമ്പോൾ ശരിയായ അളവും ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും കണക്കിലെടുക്കണമെന്നും വിദഗ്ധരുടെ മാർഗനിർദേശം തേടണമെന്നും സന്ദർശകരെ ഓർമിപ്പിക്കുന്നു.

റാഗി കുക്കീസ് മുതൽ ആയുർവേദ പാമ്പും കോണിയും വരെ
ജയ്പൂരിലെ ദേശീയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് റാഗി കുക്കീസ്, ത്രിഫല ജാം, കറ്റാർവാഴ ജെൽ, ഔഷധസസ്യങ്ങൾ ചേർത്ത ലിപ് ബാം തുടങ്ങിയ ആയുഷ് ആഹാർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നു. ഭക്ഷണരീതിയും ജീവിതശൈലിയും പരിചയപ്പെടുത്തുന്ന ആയുർവേദ പാമ്പും കോണിയും കളിയും ഇവിടെയുണ്ട്. മനുഷ്യശരീരത്തിലെ വിവിധ സംവിധാനങ്ങൾ വെർച്വൽ റിയാലിറ്റിയിലൂടെ കണ്ടറിയാം. പ്രകൃതി, പഞ്ചകർമം, ആയുർവേദ പാചകം, ദൈനംദിന ജീവിതത്തിൽ ആയുർവേദത്തിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ സാമഗ്രികളും പ്രദർശനത്തിലുണ്ട്.
രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം പോഷക് കുക്കീസ്, ആയുർവേദ ബ്രെഡ്, പരമ്പരാഗത പാനീയമായ പാനകം എന്നിവയിലൂടെ ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ഭക്ഷ്യോൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നു. ‘ദാദി സേ പൂഛോ’, ‘മില്ലറ്റ്സ് ഓൺ ദ വീൽ’ എന്നീ പരിപാടികളിൽ സന്ദർശകർക്കും പങ്കെടുക്കാം. പരമ്പരാഗത ഭക്ഷണരീതികൾ, ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങൾ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് ഈ പരിപാടികളുടെ വിഷയം.
യോഗ പരിശീലനവും ഭക്ഷണക്രമത്തിൽ വ്യക്തിഗത നിർദേശവും
മൊറാർജി ദേശായി ദേശീയ യോഗ ഇൻസ്റ്റിറ്റ്യൂട്ട് പവലിയനിലെ പ്രത്യേക വേദിയിൽ പതിവായി യോഗ പ്രദർശനവും പരിശീലനവും നടത്തുന്നു. പ്രായം, ആരോഗ്യപ്രശ്നങ്ങൾ, ജീവിതശൈലി എന്നിവ കണക്കിലെടുത്ത് ഓരോരുത്തർക്കും യോഗ പരിശീലനത്തിനുള്ള വ്യക്തിഗത നിർദേശങ്ങളും നൽകുന്നുണ്ട്. യോഗ ക്വിസും ആസന മത്സരങ്ങളും സന്ദർശകരുടെ പങ്കാളിത്തം കൂട്ടുന്നു. യോഗ ദിനചര്യയുടെ ഭാഗമാക്കാനും സന്ദർശകർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.
യോഗ, പ്രകൃതിചികിത്സാ ഗവേഷണ കേന്ദ്ര കൗൺസിൽ ഡിജിറ്റൽ ദൃശ്യശ്രാവ്യ അവതരണങ്ങൾ, ബോധവത്കരണ സാമഗ്രികൾ, ആയുഷ് ആഹാർ പ്രദർശനം എന്നിവയിലൂടെ യോഗയും പ്രകൃതിചികിത്സയും പരിചയപ്പെടുത്തുന്നു. മഖാന ലഡ്ഡു, നിലക്കടല ലഡ്ഡു, എള്ളുണ്ട, നംകീൻ തുടങ്ങിയ ലഘുഭക്ഷണങ്ങളും ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. നവംബർ 17നും 18നും യോഗ, പ്രകൃതിചികിത്സ, ഭക്ഷണരീതി, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് സൗജന്യ കൺസൾട്ടേഷൻ നൽകി.

യുനാനി ഒ പിയിൽ 151 പേർക്ക് സൗജന്യ സേവനം, സിദ്ധ സ്റ്റാളിൽ പഠനാവസരങ്ങളും
യുനാനി ചികിത്സാ ഗവേഷണ കേന്ദ്ര കൗൺസിലിനു കീഴിലുള്ള ന്യൂഡൽഹിയിലെ യുനാനി ചികിത്സാ മേഖലാ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടാണ് യുനാനി സ്റ്റാൾ നടത്തുന്നത്. പരമ്പരാഗത യുനാനി ഭക്ഷണവും ആരോഗ്യപരിപാലന രീതികളും ഇവിടെ പരിചയപ്പെടുത്തുന്നു. യുനാനി ഖഹ്വ, ഹരീര, ഹൽവ ഗീക്വാർ, ഗുൽകന്ദ്, മുറബ്ബ നെല്ലിക്ക എന്നിവ രുചിച്ചുനോക്കാം. പുതുക്കിയ ഡിജിറ്റൽ മിസാജ് പരിശോധനാ കിയോസ്കിലൂടെ സന്ദർശകർക്ക് സ്വന്തം ശരീരപ്രകൃതി വിലയിരുത്താനും അതനുസരിച്ച് ഭക്ഷണ നിർദേശങ്ങൾ സ്വീകരിക്കാനും കഴിയും. യുനാനി ചികിത്സയെക്കുറിച്ചുള്ള ഡിജിറ്റൽ അവതരണങ്ങളും ഡോക്യുമെന്ററികളുമുണ്ട്. നവംബർ 18നും 19നും യുനാനി ഒ പി വഴി 151 രോഗികൾക്ക് സൗജന്യ കൺസൾട്ടേഷനും മരുന്നും നൽകി.
സിദ്ധ ഗവേഷണ കേന്ദ്ര കൗൺസിലും ചെന്നൈയിലെ ദേശീയ സിദ്ധ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് സിദ്ധ സ്റ്റാൾ നടത്തുന്നത്. സിദ്ധ ചികിത്സയുടെ അടിസ്ഥാന തത്ത്വങ്ങൾ, രോഗപ്രതിരോധ മാർഗങ്ങൾ, ചികിത്സാരീതികൾ എന്നിവ ഇവിടെ വിശദീകരിക്കുന്നു. സിദ്ധ ഭക്ഷണക്രമം, പോഷണം, ജീവിതശൈലിയിലെ മാറ്റങ്ങൾ, രോഗനിർണയ രീതികൾ, പരമ്പരാഗത ഔഷധക്കൂട്ടുകൾ, വർമ ചികിത്സ ഉൾപ്പെടെയുള്ള ചികിത്സാരീതികൾ എന്നിവ പ്രദർശനത്തിലുണ്ട്. ഡിജിറ്റൽ അവതരണങ്ങളും ഡോക്യുമെന്ററികളും ബോധവത്കരണ സാമഗ്രികളും ഉപയോഗിച്ചാണ് ഇവ പരിചയപ്പെടുത്തുന്നത്. ദേശീയ സിദ്ധ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന, ഗവേഷണ പ്രവർത്തനങ്ങളും ബി എസ് എം എസ്, എം ഡി സിദ്ധ, പി എച്ച് ഡി കോഴ്സുകളും സ്റ്റാളിൽ പരിചയപ്പെടുത്തുന്നു. സിദ്ധ മേഖലയിലെ പഠന, തൊഴിൽ അവസരങ്ങളെക്കുറിച്ച് അറിയാൻ വിദ്യാർഥികളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഹിമാലയൻ ചികിത്സാരീതിയും ഔഷധസസ്യങ്ങളുടെ തത്സമയ പ്രദർശനവും
ഹിമാലയൻ മേഖലയിലെ പുരാതന ചികിത്സാരീതികൾ ദേശീയ സോവാ റിഗ്പ ഇൻസ്റ്റിറ്റ്യൂട്ട് പരിചയപ്പെടുത്തുന്നു. സോവാ റിഗ്പ ഭക്ഷണക്രമം, ചികിത്സാക്രമങ്ങൾ, ഔഷധസസ്യങ്ങൾ ഉപയോഗിച്ചുള്ള മരുന്നുകൂട്ടുകൾ എന്നിവയെക്കുറിച്ച് സ്റ്റാളിൽ വിശദമായ വിവരങ്ങൾ ലഭിക്കും. സോവാ റിഗ്പയുടെ പരമ്പരാഗത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ചികിത്സകർ വ്യക്തിഗത മാർഗനിർദേശവും നൽകുന്നു.
ദേശീയ ഔഷധസസ്യ ബോർഡ് ഔഷധസസ്യങ്ങൾ നേരിട്ട് പ്രദർശിപ്പിക്കുകയും അവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ശതാവരിച്ചെടികൾ വിതരണം ചെയ്യുകയും ചെയ്യുന്നു. ചെടികൾക്കൊപ്പം നൽകിയ ക്യു ആർ കോഡ് സ്കാൻ ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. ഔഷധസസ്യങ്ങളും അവയുടെ ഉപയോഗവും പരിചയപ്പെടുത്താൻ ലഘുലേഖകളും ‘പ്രൊഫസർ ആയുഷ്മാൻ’ എന്ന ചിത്രകഥാപുസ്തകവും വിതരണം ചെയ്യുന്നുണ്ട്. പ്രദർശനങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നതിലൂടെ ഇന്ത്യയിലെ പരമ്പരാഗത ആരോഗ്യപരിപാലന രീതികൾ നേരിട്ട് അറിയാനും രോഗപ്രതിരോധം, പോഷണം, ആരോഗ്യപരിപാലനം എന്നിവയിലെ അവയുടെ പങ്ക് മനസ്സിലാക്കാനും സന്ദർശകർക്ക് അവസരമുണ്ട്. ആയുഷ് രീതികൾ എളുപ്പത്തിൽ കണ്ടും പഠിച്ചും മനസ്സിലാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന മന്ത്രാലയത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമാണ് പവലിയൻ.
.