ന്യൂഡൽഹി /2026 / നവംബർ 21
ഗർഭാശയമുഖ അർബുദം തടയാനുള്ള ദേശീയ എച്ച്പിവി വാക്സിനേഷൻ പദ്ധതിയിലൂടെ ഇന്ത്യയിൽ ഒരു കോടിയിലധികം ഡോസുകൾ നൽകി. 2026 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി ഒൻപത് മാസത്തിനുള്ളിലാണ് ഈ നേട്ടത്തിലെത്തിയതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ വർഷം വാക്സിൻ നൽകാൻ ലക്ഷ്യമിട്ട 14 വയസ്സുള്ള പെൺകുട്ടികളിൽ ഏകദേശം 87 ശതമാനം പേർക്ക് ഇതിനകം വാക്സിൻ നൽകി. മാതാപിതാക്കളുടെ സമ്മതത്തോടെ, താൽപര്യമുള്ള പെൺകുട്ടികൾക്ക് രാജ്യത്തെ നിശ്ചിത സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ സുരക്ഷിതമായ ഈ വാക്സിന്റെ ഒറ്റ ഡോസ് സൗജന്യമായി നൽകുന്നു. ഹ്യൂമൻ പാപ്പിലോമ വൈറസ് ബാധയിൽനിന്ന് കൗമാരക്കാരായ പെൺകുട്ടികളെ സംരക്ഷിക്കാനുള്ള ഈ പദ്ധതി, രോഗപ്രതിരോധ സേവനങ്ങൾ രാജ്യത്ത് കൂടുതൽ പേരിലേക്ക് എത്തുന്നതിന്റെ സൂചനയാണെന്ന് മന്ത്രാലയം പറഞ്ഞു.

ആറ് സംസ്ഥാനങ്ങൾ ലക്ഷ്യം പൂർത്തിയാക്കി
ഇന്ത്യൻ രജിസ്ട്രാർ ജനറലിന്റെ 2021ലെ ജനസംഖ്യാ കണക്കനുസരിച്ച് ഏകദേശം 1.2 കോടി പെൺകുട്ടികൾക്കാണ് ഒരു വർഷം വാക്സിൻ നൽകാൻ ലക്ഷ്യമിട്ടത്. ഗുജറാത്ത്, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, മിസോറം, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട മുഴുവൻ പെൺകുട്ടികൾക്കും വാക്സിൻ നൽകി. എണ്ണത്തിൽ മുന്നിലുള്ള ഉത്തർപ്രദേശിൽ 29.33 ലക്ഷത്തിലധികം 14 വയസ്സുകാരികൾക്ക് വാക്സിൻ നൽകി. ബിഹാറിൽ 13.70 ലക്ഷത്തിലധികം പേർക്കും ഗുജറാത്തിൽ 7.75 ലക്ഷത്തിലധികം പേർക്കും വാക്സിൻ ലഭിച്ചു. അസമിൽ 95.63 ശതമാനം, തെലങ്കാനയിൽ 95.28 ശതമാനം, കർണാടകയിൽ 93.16 ശതമാനം, ഉത്തരാഖണ്ഡിൽ 90.17 ശതമാനം എന്നിങ്ങനെയാണ് വാക്സിനേഷൻ നിരക്ക്. ഛത്തീസ്ഗഢ് 86.21 ശതമാനവും രാജസ്ഥാൻ 85.23 ശതമാനവും നേടി. കേരളത്തിൽ 77.02 ശതമാനവും തമിഴ്നാട്ടിൽ 76.12 ശതമാനവും ഒഡിഷയിൽ 74.90 ശതമാനവും കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയുവിൽ 72.99 ശതമാനവുമാണ് നിരക്ക്. ഭൂമിശാസ്ത്രം, ജനസംഖ്യ, സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ എന്നിവയിൽ വ്യത്യാസമുള്ള പ്രദേശങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതി നടപ്പാക്കിയത് കൂടുതൽ പേരിലേക്ക് എത്താൻ സഹായിച്ചെന്ന് മന്ത്രാലയം അറിയിച്ചു.
വാക്സിൻ കൂടുതൽ പേരിലെത്തിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും കൈകോർത്തു
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സർക്കാരുകളും ചേർന്നാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. ജില്ലാ ഭരണകൂടങ്ങൾ, പൊതുജനാരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർ, അധ്യാപകർ, മാതാപിതാക്കൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവരുടെ സഹകരണവും ഒരു കോടി ഡോസ് എന്ന നേട്ടത്തിലെത്താൻ സഹായിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും വിദൂര പ്രദേശങ്ങളിലും എത്തിച്ചേരാൻ പ്രയാസമുള്ള ഇടങ്ങളിലും വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അതത് സാഹചര്യങ്ങൾക്കനുസരിച്ച് നടപടികൾ സ്വീകരിച്ചു. ബിഹാർ, തമിഴ്നാട്, സിക്കിം എന്നിവിടങ്ങളിലെ സംസ്ഥാനതല പദ്ധതികളും ദേശീയ പദ്ധതിയുമായി കൂട്ടിച്ചേർത്തു. പ്രാദേശിക സമൂഹങ്ങളെ പങ്കെടുപ്പിക്കാനും മാതാപിതാക്കൾക്ക് ശാസ്ത്രീയ വിവരങ്ങൾ നൽകാനും പദ്ധതി ഊന്നൽ നൽകി. കുട്ടികളുടെ ചികിത്സാ വിദഗ്ധർ, ഗൈനക്കോളജിസ്റ്റുകൾ, എയിംസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ എന്നിവർ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകി. അധ്യാപകർ, ആശാ പ്രവർത്തകർ, ഓക്സിലറി നഴ്സ് മിഡ്വൈഫുമാർ, മറ്റു ആരോഗ്യപ്രവർത്തകർ എന്നിവർ മാതാപിതാക്കളുമായും നാട്ടുകാരുമായും ചേർന്ന് തെറ്റായ വിവരങ്ങൾ തിരുത്തുകയും വാക്സിനേഷനെക്കുറിച്ച് അറിഞ്ഞ് തീരുമാനമെടുക്കാൻ സഹായിക്കുകയും ചെയ്തു. ഈ കൂട്ടായ പ്രവർത്തനം പൊതുജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാനും വിവിധ വിഭാഗങ്ങൾക്കിടയിൽ വാക്സിന് സ്വീകാര്യത നേടാനും സഹായിച്ചെന്ന് മന്ത്രാലയം വ്യക്തമാക്കി.
യു വിൻ വഴി വാക്സിനേഷന് സമയം ബുക്ക് ചെയ്യാം
യു വിൻ ഡിജിറ്റൽ സംവിധാനത്തിലൂടെ വാക്സിനേഷൻ പുരോഗതി തത്സമയം നിരീക്ഷിക്കാം. വാക്സിൻ ലഭിച്ചവരുടെ വിവരങ്ങളും വാക്സിനേഷൻ രേഖകളും ഇതിൽ സൂക്ഷിക്കുന്നു. ജില്ലാതല പുരോഗതി വിലയിരുത്താനും വാക്സിനേഷൻ കുറഞ്ഞ പ്രദേശങ്ങളും ഇനിയും വാക്സിൻ ലഭിക്കാത്ത പെൺകുട്ടികളെയും കണ്ടെത്താനും പദ്ധതി നടത്തിപ്പുകാർ ഈ സംവിധാനം ഉപയോഗിക്കുന്നു. അതനുസരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ആവശ്യമായ സൗകര്യങ്ങൾ വിനിയോഗിക്കാനും കഴിയും. മാതാപിതാക്കൾക്ക് പെൺമക്കളുടെ വാക്സിനേഷനായി സമയം ബുക്ക് ചെയ്യാനും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സംവിധാനമുണ്ട്. ഇതോടെ വാക്സിനേഷൻ നടപടികൾ കൂടുതൽ എളുപ്പവും സുതാര്യവുമായി. ഡിജിറ്റൽ നിരീക്ഷണവും താഴെത്തട്ടിലെ പ്രവർത്തനവും ഒരുമിപ്പിച്ചതോടെ പദ്ധതി കാര്യക്ഷമമായി നടത്താനും അർഹരായ കൂടുതൽ പെൺകുട്ടികളിലേക്ക് എത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കഴിയുന്നുണ്ട്.
അർബുദ പ്രതിരോധത്തിന് നേരത്തേയുള്ള വാക്സിനേഷൻ
സ്ത്രീകളിൽ അർബുദവുമായി ബന്ധപ്പെട്ട രോഗബാധയ്ക്കും മരണത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് ഗർഭാശയമുഖ അർബുദം. ഉയർന്ന അപകടസാധ്യതയുള്ള ചില തരം എച്ച്പിവി ബാധ ദീർഘകാലം തുടരുന്നതാണ് ഭൂരിഭാഗം കേസുകൾക്കും കാരണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അർബുദത്തിലേക്ക് നയിക്കാവുന്ന വൈറസ് ബാധയുടെ സാധ്യത കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് വാക്സിനേഷൻ. ലോകത്ത് 80 കോടിയിലധികം എച്ച്പിവി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്. വാക്സിന്റെ സുരക്ഷയ്ക്കും ഫലപ്രാപ്തിക്കും വിപുലമായ ശാസ്ത്രീയ തെളിവുകളുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. വാക്സിൻ ലക്ഷ്യമിടുന്ന എച്ച്പിവി വകഭേദങ്ങൾ മൂലമുള്ള അണുബാധയ്ക്കും അതുമായി ബന്ധപ്പെട്ട അർബുദത്തിനു മുമ്പുള്ള മാറ്റങ്ങൾക്കും എതിരെ മികച്ച സംരക്ഷണം ലഭിക്കുന്നതായി രണ്ടു പതിറ്റാണ്ടിനടുത്തുള്ള ഗവേഷണവും പ്രായോഗിക അനുഭവവും വ്യക്തമാക്കുന്നു. വൈറസ് ബാധയ്ക്കുള്ള സാഹചര്യം ഉണ്ടാകുന്നതിന് ഏറെ മുമ്പേ സംരക്ഷണം നൽകാനാണ് 14 വയസ്സിൽ വാക്സിൻ നൽകുന്നത്. വാക്സിൻ സ്വീകരിക്കുന്നവരുടെ സുരക്ഷയ്ക്കാണ് പദ്ധതിയിൽ മുൻഗണന. പരിശീലനം നേടിയ മെഡിക്കൽ ഓഫീസർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിശ്ചിത സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ എല്ലാ വാക്സിനേഷൻ സെഷനുകളും നടത്തുന്നത്. വാക്സിൻ നൽകിയ ശേഷം അപൂർവമായി ആരോഗ്യപ്രശ്നമുണ്ടായാൽ ഉടൻ പരിശോധിക്കാനും നിരീക്ഷിക്കാനും ചികിത്സ നൽകാനും വാക്സിനേഷൻ കേന്ദ്രങ്ങളെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരുടെയും ആവശ്യമായ ചികിത്സാ സൗകര്യങ്ങളുടെയും പിന്തുണയോടെ നിലവിലുള്ള വാക്സിനേഷൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു. ശാസ്ത്രീയ തെളിവുകൾ തുറന്നുപറയാനും കാര്യങ്ങൾ മനസ്സിലാക്കിയ ശേഷമുള്ള മാതാപിതാക്കളുടെ സമ്മതം ഉറപ്പാക്കാനും മന്ത്രാലയം തുടർന്നും ഊന്നൽ നൽകും.
അർഹരായ എല്ലാ പെൺകുട്ടികളിലേക്കും പദ്ധതി എത്തിക്കും
ഒരു കോടി ഡോസ് പിന്നിട്ടതോടെ, ഇനിയും വാക്സിൻ ലഭിക്കാത്ത പെൺകുട്ടികളിലേക്ക് എത്താനും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാക്സിനേഷൻ നിരക്ക് ഉയർത്താനുമാണ് മന്ത്രാലയത്തിന്റെ ശ്രദ്ധ. വാക്സിനേഷൻ കുറഞ്ഞ ഇടങ്ങൾ കണ്ടെത്താനും ബോധവൽക്കരണം ശക്തമാക്കാനും എല്ലാവർക്കും ഒരുപോലെ വാക്സിൻ ലഭ്യമാക്കാനും സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ, ചികിത്സാ വിദഗ്ധർ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുമായി സഹകരണം തുടരും. അർഹരായ 14 വയസ്സുകാരികളുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും വിവരങ്ങൾ അറിയാനും വാക്സിനേഷന് സമയം ബുക്ക് ചെയ്യാനും അടുത്തുള്ള നിശ്ചിത സർക്കാർ ആരോഗ്യകേന്ദ്രത്തെ സമീപിക്കുകയോ യു വിൻ ഉപയോഗിക്കുകയോ ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യത്തിനും ജീവന് ഭീഷണിയാകാവുന്ന രോഗം തടയുന്നതിനുമുള്ള പ്രധാന ചുവടാണ് ഈ നേട്ടമെന്ന് മന്ത്രാലയം പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതി, ഭാവിതലമുറയിലെ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാനും തടയാവുന്ന രോഗങ്ങൾ കുറയ്ക്കാനും ഇന്ത്യ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. ഓരോ ഡോസും ഭാവിയിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അർഹരായ എല്ലാ പെൺകുട്ടികൾക്കും രോഗപ്രതിരോധ സേവനം ലഭ്യമാക്കി രാജ്യത്തെ ഗർഭാശയമുഖ അർബുദബാധ കുറയ്ക്കാനുള്ള പ്രതിബദ്ധത കേന്ദ്ര സർക്കാർ ആവർത്തിച്ചു.