ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി: അഭിഭാഷകയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊല്‍ക്കത്ത: മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകയ്ക്ക് ജീവപര്യന്തം തടവ്ശിക്ഷ. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്ന അനിന്ദിത പാലിനെയാണ് ബംഗാളിലെ നോര്‍ത്ത് 24 പരാഗനാസ് ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് ശിക്ഷകളും ഒരേസമയം അനുഭവിച്ചാല്‍ മതി. മൂന്ന് വയസുള്ള കുട്ടി ഉള്ളത് പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവ് വിധിച്ചത്.

അതേസമയം, കേസില്‍ തന്നെ കുടുക്കിയതാണെന്നും അവസാന ശ്വാസം വരെ പോരാടുമെന്നും അനിന്ദിത പാല്‍ പറഞ്ഞു. 2018 നവംബര്‍ 24, 25ന്റെ രാത്രിയില്‍ കൊല്‍ക്കത്തയ്ക്കടുത്തുള്ള ന്യൂ ടൗണ്‍ ഫ്ലാറ്റില്‍ വച്ച് ഭര്‍ത്താവും അഭിഭാഷകനുമായ രജത് ഡേയെ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ച് അനിന്ദിത പാല്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.ഡേയുടെ പിതാവ് നല്‍കിയ പരാതിയില്‍ നവംബര്‍ 29 നാണ് പോലിസ് അനിന്ദിതയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →