ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്നാരോപിച്ച ആം ആദ്മി എംഎല്‍എ മൊഹീന്ദര്‍ ഗോയല്‍ നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയലിന് രാജി സമര്‍പ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്പീക്കര്‍ അംഗീകരിച്ചില്ല. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കമ്മീഷണറെ അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിളിപ്പിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. താന്‍ മാസ്‌ക് ധരിച്ച് കൃത്യമായി അകലം പാലിച്ച് തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ പോയതായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചതിന് സിസിടിവി ദൃശ്യങ്ങള്‍ തെളിവായുണ്ട്. എന്നാല്‍ പോലിസ് തനിക്കെതിരേ വ്യാജ കേസ് ഫയല്‍ ചെയ്തുവെന്നുമാണ് എംഎല്‍എ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ജന പ്രതിനിധിയെ ഇതുപോലെ ഉപദ്രവിച്ചാല്‍ ഞാന്‍ എങ്ങനെ പ്രവര്‍ത്തിക്കും? എല്ലാ പോലീസുകാരും അങ്ങനെയല്ല, ഡിസിപി വളരെ നല്ല വ്യക്തിയാണ്. എന്നാല്‍ താന്‍ പോയ പ്രദേശം വളരെ അഴിമതി നിറഞ്ഞതാണെന്നും പണത്തിനായി അവിടുത്തെ പോലിസ് എന്തും ചെയ്യാമെന്നും അദ്ദേഹം ആരോപിച്ചു. സ്‌റ്റേഷന്‍ ചുമതലയുള്ള വിജയ് വിഹാര്‍, ബുദ്ധ വിഹാര്‍ എന്നിവര്‍ക്കെതിരേയാണ് എംഎല്‍എയുടെ ആരോപണം.
തന്റെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റുകളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരോട് മുമ്പ് പരാതിപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ആം ആദ്മി എംഎല്‍എ പറഞ്ഞു.

