ന്യൂഡൽഹി /2026 / നവംബർ 03
ലിംഗാധിഷ്ഠിത കണക്കുകൾ പരിശോധിച്ച് അവ നയരൂപീകരണത്തിന് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഏകദിന ദേശീയ സമ്മേളനം നവംബർ രണ്ടിന് ന്യൂഡൽഹിയിൽ നടന്നു. കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയം യു എൻ വിമണുമായി ചേർന്നാണ് സമ്മേളനം സംഘടിപ്പിച്ചത്. നയരൂപകർത്താക്കൾ, കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിനിധികൾ, സ്ഥിതിവിവരക്കണക്ക് വിദഗ്ധർ, ഗവേഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാങ്കേതിക വിദഗ്ധർ, ഐക്യരാഷ്ട്രസഭാ ഏജൻസികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയരൂപീകരണത്തിന് ലിംഗാധിഷ്ഠിത കണക്കുകളുടെ വിശകലനവും ഉപയോഗവും ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
മന്ത്രാലയത്തിന്റെ പ്രധാന പ്രസിദ്ധീകരണമായ ‘ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും 2025’ എന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചർച്ച ചെയ്യാനും പ്രചരിപ്പിക്കാനുമാണ് സമ്മേളനം ഒരുക്കിയത്. പ്രധാന കണ്ടെത്തലുകളും വിവിധ മേഖലകൾ തമ്മിലുള്ള ബന്ധവും കൂടുതൽ വ്യക്തമായി മനസ്സിലാക്കുക, മന്ത്രാലയങ്ങളും ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളും തമ്മിൽ ചർച്ചയ്ക്ക് അവസരമൊരുക്കുക, ലിംഗാധിഷ്ഠിത കണക്കുകളുടെ വിശകലനവും നയപരമായ ഉപയോഗവും മെച്ചപ്പെടുത്താനുള്ള സാധ്യതകൾ കണ്ടെത്തുക എന്നിവയ്ക്കായിരുന്നു ഊന്നൽ.
വിവരങ്ങൾ ശേഖരിക്കുന്നവരും ഉപയോഗിക്കുന്നവരും തമ്മിലുള്ള അകലം കുറയ്ക്കണം
യു എൻ വിമൺ ഇന്ത്യയുടെ രാജ്യപ്രതിനിധി ഷോകോ ഇഷികാവയുടെ സ്വാഗതപ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവരങ്ങൾ വേർതിരിച്ച് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി. വിവരങ്ങൾ തയ്യാറാക്കുന്നവരും ഉപയോഗിക്കുന്നവരും തമ്മിലുള്ള അകലം കുറയ്ക്കണമെന്നും പറഞ്ഞു. ലിംഗസമത്വവും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തവും മുന്നോട്ടുകൊണ്ടുപോകുന്നതിൽ യൂറോപ്യൻ യൂണിയൻ–ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ജീൻ എറിക് പാകെ വിശദീകരിച്ചു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. പ്രീതം ബി. യശ്വന്തും സംസാരിച്ചു. തുടർന്ന് സംസാരിച്ച സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിലെ കേന്ദ്ര സ്ഥിതിവിവരക്കണക്ക് വിഭാഗം ഡയറക്ടർ ജനറൽ ഡോ. ദലീപ് സിങ്, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയങ്ങൾക്ക് സ്ത്രീപുരുഷ വ്യത്യാസങ്ങൾ തിരിച്ചറിയണമെന്ന് വ്യക്തമാക്കി.
ക്ഷേമസേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലും ഉണ്ടായ പുരോഗതി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഡോ. ഷമിക രവി ചൂണ്ടിക്കാട്ടി. തൊഴിലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണം, സംസ്ഥാനതല വിശകലനം നടത്തണം, നയപരിഷ്കാരങ്ങൾക്ക് വഴികാട്ടുന്ന ലിംഗാധിഷ്ഠിത കണക്കുകൾ കൂടുതൽ ശക്തമാക്കണം എന്നീ ആവശ്യങ്ങളും അവർ ഉന്നയിച്ചു. പ്രഭാഷകരുടെയും പങ്കെടുത്തവരുടെയും യു എൻ വിമണിന്റെയും സംഭാവനകൾ എടുത്തുപറഞ്ഞ് മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ സുപ്രിയ റോയ് നന്ദി രേഖപ്പെടുത്തിയതോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു.
ആരോഗ്യത്തിലും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും വിശദമായ ചർച്ച
സമ്മേളനത്തിൽ നാല് വിഷയാധിഷ്ഠിത സാങ്കേതിക ചർച്ചകൾ നടന്നു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ആരോഗ്യവും അതിജീവനവും; പെൺകുട്ടികളുടെ വിദ്യാഭ്യാസം, പഠനം, തുടർഘട്ടങ്ങളിലേക്കുള്ള പ്രവേശനം; സ്ത്രീകളുടെ തൊഴിൽ, വേതനം, ഔപചാരിക തൊഴിൽ, പരിചരണച്ചുമതലകൾ; സ്ത്രീകളുടെ ഉപജീവനം, സംരംഭങ്ങൾ, നൈപുണ്യം, സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവയായിരുന്നു വിഷയങ്ങൾ. വിദഗ്ധരും നയരൂപകർത്താക്കളും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ‘ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും 2025’ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭിക്കുന്ന ഫലങ്ങളിലെ വ്യത്യാസങ്ങൾ തിരിച്ചറിയാനും കണക്കുകളിൽനിന്നുള്ള തെളിവുകൾ പ്രായോഗിക നയനടപടികളാക്കി മാറ്റാനുള്ള സാധ്യതകൾ കണ്ടെത്താനും ചർച്ചകൾ ശ്രമിച്ചു.
മാതൃആരോഗ്യ പരിചരണത്തിലും അടിസ്ഥാന ആരോഗ്യസേവനങ്ങളിലും ഉണ്ടായ പുരോഗതി ആരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചയിൽ വിലയിരുത്തി. പോഷകാഹാരത്തിലും കൗമാരക്കാരുടെ ആരോഗ്യത്തിലും തുടരുന്ന വെല്ലുവിളികളും ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചർച്ചയിൽ പ്രവേശനനിരക്കിലെ പുരോഗതി എടുത്തുപറഞ്ഞു. അതേസമയം, പഠനഫലങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ മേഖലകളിലെ പങ്കാളിത്തം, തൊഴിലിലേക്കുള്ള അവസരങ്ങൾ എന്നിവയിലെ വിടവുകൾക്ക് ഊന്നൽ നൽകി.
തൊഴിൽപങ്കാളിത്തം ഉയരുമ്പോഴും വേതനത്തിലും പരിചരണച്ചുമതലയിലും വെല്ലുവിളി
സ്ത്രീകളുടെ തൊഴിൽ, വേതനം, ഔപചാരിക തൊഴിൽ, പരിചരണച്ചുമതലകൾ എന്നിവയെക്കുറിച്ചുള്ള ചർച്ചയിൽ തൊഴിൽശക്തിയിലെ സ്ത്രീപങ്കാളിത്തം ഉയരുന്നത് വിലയിരുത്തി. എന്നാൽ തൊഴിലിന്റെ ഗുണനിലവാരം, വേതനവ്യത്യാസം, പ്രതിഫലമില്ലാത്ത പരിചരണജോലികൾ എന്നിവയിൽ വെല്ലുവിളികൾ തുടരുന്നതായും ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ ഉപജീവനം, സംരംഭങ്ങൾ, നൈപുണ്യം, സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവ പരിശോധിച്ച ചർച്ചയിൽ സംരംഭകത്വത്തിലും സാമ്പത്തിക ഉൾപ്പെടുത്തലിലും ഉണ്ടായ പുരോഗതി വിലയിരുത്തി. വായ്പയും വിപണിയും കൂടുതൽ ലഭ്യമാക്കണമെന്നും നിലനിൽക്കുന്ന ഉപജീവനമാർഗങ്ങൾ ഉറപ്പാക്കണമെന്നും അഭിപ്രായമുയർന്നു. സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും ഒപ്പം പ്രാധാന്യം നൽകണമെന്നും ചർച്ച വ്യക്തമാക്കി.
അടുത്ത റിപ്പോർട്ടിനും നയപരിഷ്കാരങ്ങൾക്കും നിർദേശങ്ങൾ
സമാപന സമ്മേളനത്തിൽ യു എൻ വിമൺ ഇന്ത്യയുടെ വനിതാ സാമ്പത്തിക ശാക്തീകരണ വിഭാഗം കൺട്രി പ്രോഗ്രാം മാനേജർ സുഹേല ഖാനും മന്ത്രാലയത്തിലെ ദേശീയ സാമ്പിൾ സർവേ വിഭാഗം ഡയറക്ടർ ജനറൽ ഗീത സിങ് റാത്തോഡും സംസാരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക പങ്കാളിത്തം എന്നിവയിൽ തുടരുന്ന സ്ത്രീപുരുഷ അസമത്വങ്ങൾ പരിഹരിക്കണമെന്ന് ഇരുവരും വ്യക്തമാക്കി. തൊഴിലിന്റെ ഗുണനിലവാരം, പ്രതിഫലമില്ലാത്ത പരിചരണജോലികൾ, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകി. ‘ഇന്ത്യയിലെ സ്ത്രീകളും പുരുഷന്മാരും’ റിപ്പോർട്ടിന്റെ വരുംപതിപ്പുകൾക്ക്, പ്രത്യേകിച്ച് 2026 പതിപ്പിന്, ചർച്ചകൾ വിലപ്പെട്ട നിർദേശങ്ങളും നൽകി. സ്ത്രീപുരുഷ വ്യത്യാസങ്ങൾ കൂടുതൽ കൃത്യമായി അളക്കുക, മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുക, തെളിവുകളുടെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപീകരിക്കുക എന്നിവയുടെ ആവശ്യകതയും എടുത്തുപറഞ്ഞു. മന്ത്രാലയം അഡീഷണൽ ഡയറക്ടർ ജനറൽ സുനിത ഭാസ്കർ നന്ദി രേഖപ്പെടുത്തി.
ഇന്ത്യയിലെ ലിംഗാധിഷ്ഠിത സ്ഥിതിവിവരക്കണക്ക് സംവിധാനം ശക്തിപ്പെടുത്തണമെന്ന നിലപാട് സമ്മേളനം ആവർത്തിച്ചു. സർക്കാർ സ്ഥാപനങ്ങൾ, സ്ഥിതിവിവരക്കണക്ക് ഏജൻസികൾ, ഗവേഷകർ, വികസന പങ്കാളികൾ എന്നിവർ തമ്മിലുള്ള സഹകരണം തുടരണമെന്നും വ്യക്തമാക്കി. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനും ലിംഗസമത്വം മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി സ്ത്രീപുരുഷ വിവരങ്ങളെ നയരൂപീകരണത്തിന് ഉപകാരപ്പെടുന്ന കണ്ടെത്തലുകളാക്കി മാറ്റണമെന്ന ആഹ്വാനത്തോടെയാണ് സമ്മേളനം അവസാനിച്ചത്.
.