ന്യൂഡൽഹി / 2026 / നവംബർ 03
പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ഉപജീവനവും ഉറപ്പാക്കുന്നതിൽ ജൈവമണ്ഡല സംരക്ഷിത മേഖലകൾ വഹിക്കുന്ന പങ്ക് ഓർമപ്പെടുത്തി ഇന്ന് അന്താരാഷ്ട്ര ജൈവമണ്ഡല സംരക്ഷിത മേഖലാ ദിനം ആചരിക്കുന്നു. ഇന്ത്യയിൽ വിജ്ഞാപനം ചെയ്ത 18 ജൈവമണ്ഡല സംരക്ഷിത മേഖലകളിൽ 13 എണ്ണം യുനെസ്കോയുടെ ലോക ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ടം മുതൽ ഉയർന്ന മലനിരകളിലെ തണുത്ത മരുഭൂമികളും കടലിലെ ആവാസവ്യവസ്ഥകളും വരെയുള്ള പ്രദേശങ്ങൾ ഇതിലുണ്ട്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും സംസ്ഥാന വനംവകുപ്പുകളുടെയും നേതൃത്വത്തിൽ ശാസ്ത്രീയ ഗവേഷണവും ജനപങ്കാളിത്തവും സർക്കാർ പദ്ധതികളും ചേർത്താണ് സംരക്ഷണപ്രവർത്തനങ്ങൾ നടത്തുന്നത്. പരിസ്ഥിതി സംരക്ഷണവും മനുഷ്യരുടെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയാണ് ലക്ഷ്യം.
കരയിലും കടലിലും മറ്റു ജലാശയങ്ങളിലുമുള്ള ജീവജാലങ്ങളുടെ വൈവിധ്യമാണ് ജൈവവൈവിധ്യം. ജൈവവൈവിധ്യ കൺവെൻഷൻ ഇതിനെ മൂന്നായി തിരിക്കുന്നു. വ്യത്യസ്ത നെല്ലിനങ്ങൾപോലെ ഒരേ ജീവിവർഗത്തിനുള്ളിലെ വ്യത്യാസങ്ങളാണ് ജനിതക വൈവിധ്യം. ഒരു വനത്തിലെ കടുവകളും ആനകളും ഓർക്കിഡുകളുംപോലെ വ്യത്യസ്ത ജീവിവർഗങ്ങളുടെ സാന്നിധ്യമാണ് ജീവിവർഗ വൈവിധ്യം. കാടുകൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ, പവിഴപ്പുറ്റുകൾ തുടങ്ങിയ വ്യത്യസ്ത ആവാസവ്യവസ്ഥകൾ ആവാസവ്യവസ്ഥാ വൈവിധ്യത്തിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർന്നാണ് ഭൂമിയിലെ ജീവനും പാരിസ്ഥിതിക പ്രവർത്തനങ്ങളും നിലനിർത്തുന്നത്. ഇവ സംരക്ഷിക്കാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനും ദേശീയ സർക്കാരുകൾ നിർണയിക്കുന്ന പ്രദേശങ്ങളാണ് ജൈവമണ്ഡല സംരക്ഷിത മേഖലകൾ. പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വമുള്ള ഉപയോഗം, ഭക്ഷ്യസുരക്ഷ, ജലലഭ്യത, കാലാവസ്ഥാ മാറ്റങ്ങളെ നേരിടാനുള്ള ശേഷി, ജനങ്ങളുടെ ഉപജീവനം എന്നിവയ്ക്ക് ഇവ സഹായിക്കുന്നു. വരുംതലമുറകൾക്കായി പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഇവയുടെ ആഗോള പ്രാധാന്യം കണക്കിലെടുത്താണ് യുനെസ്കോ നവംബർ മൂന്ന് അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ചത്. ലോകത്തെ 17 അതിസമ്പന്ന ജൈവവൈവിധ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭൂമിയുടെ കരവിസ്തൃതിയിൽ 2.4 ശതമാനം മാത്രമുള്ള ഇന്ത്യയിൽ ലോകത്ത് രേഖപ്പെടുത്തിയ ജീവിവർഗങ്ങളുടെ ഏകദേശം ഏഴ് മുതൽ എട്ട് ശതമാനംവരെയുണ്ട്. ഈ പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക ജനങ്ങളുടെ വികസനാവശ്യങ്ങളും നിറവേറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

പ്രകൃതിയോട് ചേർന്ന ജീവിതത്തിന് പരീക്ഷണശാലകൾ
പ്രകൃതിയെയും അതിനെ ആശ്രയിക്കുന്ന സമൂഹങ്ങളെയും ഒരുമിച്ച് പരിഗണിച്ചാലേ ജൈവവൈവിധ്യ സംരക്ഷണം ഫലപ്രദമാകൂ. ശാസ്ത്രീയ ഗവേഷണം, ഉത്തരവാദിത്വമുള്ള വിഭവപരിപാലനം, വിവിധ വിഭാഗങ്ങളുടെ സഹകരണം എന്നിവയും ആവശ്യമാണ്. ഈ ലക്ഷ്യങ്ങളെ ഒരുമിപ്പിക്കുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള സംവിധാനമാണ് ജൈവമണ്ഡല സംരക്ഷിത മേഖലകൾ. മനുഷ്യരും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ശാസ്ത്രീയ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്ന യുനെസ്കോയുടെ ‘മനുഷ്യനും ജൈവമണ്ഡലവും’ പദ്ധതി 1971-ലാണ് ആരംഭിച്ചത്. സുസ്ഥിര വികസനരീതികൾ പരീക്ഷിക്കാനും അവയുടെ ഫലം കാണിച്ചുകൊടുക്കാനുമുള്ള ജീവിക്കുന്ന പരീക്ഷണശാലകളായാണ് ഈ മേഖലകൾ പ്രവർത്തിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിച്ചുകൊണ്ട് ഉപജീവനം തുടരാൻ പ്രാദേശിക സമൂഹങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഇന്ത്യയിലെ വന്യജീവി സംരക്ഷണ നിയമങ്ങൾക്കു കീഴിൽ പ്രധാനമായും ജീവികളെയും അവയുടെ ആവാസകേന്ദ്രങ്ങളെയുമാണ് സംരക്ഷിക്കുന്നത്. ജൈവമണ്ഡല സംരക്ഷിത മേഖലകൾക്ക് കൂടുതൽ വിശാലമായ സമീപനമാണുള്ളത്. സംരക്ഷിത ആവാസവ്യവസ്ഥകളെയും ചുറ്റുമുള്ള ജനങ്ങളെയും ബന്ധിപ്പിച്ച് പ്രകൃതിസംരക്ഷണവും ജനക്ഷേമവും ഒരുമിച്ച് സാധ്യമാക്കുകയാണ് ഇവ ചെയ്യുന്നത്. ജൈവവൈവിധ്യം, ജനിതക വിഭവങ്ങൾ, ആവാസവ്യവസ്ഥകൾ, ഭൂപ്രകൃതി, അവയുമായി ബന്ധപ്പെട്ട സാംസ്കാരിക വൈവിധ്യം എന്നിവ സംരക്ഷിക്കുകയാണ് ആദ്യ ചുമതല. പാരിസ്ഥിതിക പരിധികളും പ്രാദേശിക സാംസ്കാരിക മൂല്യങ്ങളും മാനിക്കുന്ന സാമ്പത്തിക, സാമൂഹിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് രണ്ടാമത്തേത്. ഗവേഷണം, പരിസ്ഥിതി നിരീക്ഷണം, വിദ്യാഭ്യാസം, പരിശീലനം, അറിവിന്റെ കൈമാറ്റം എന്നിവയിലൂടെ സംരക്ഷണരീതികൾ മെച്ചപ്പെടുത്തുകയാണ് മൂന്നാമത്തെ ചുമതല.
സംരക്ഷണത്തിന്റെ തോതും മനുഷ്യപ്രവർത്തനങ്ങളും അടിസ്ഥാനമാക്കി ഓരോ മേഖലയെയും പരസ്പരം ബന്ധപ്പെട്ട മൂന്ന് ഭാഗങ്ങളായി തിരിക്കുന്നു. ഏറ്റവും കർശനമായ സംരക്ഷണമുള്ള കേന്ദ്രഭാഗമാണ് കോർ മേഖല. ആവാസകേന്ദ്രങ്ങളും ജീവിവർഗങ്ങളും ജനിതക വൈവിധ്യവും പ്രധാന പാരിസ്ഥിതിക പ്രവർത്തനങ്ങളും ഇവിടെ സംരക്ഷിക്കുന്നു. മനുഷ്യപ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. സംരക്ഷണത്തിന് അനുയോജ്യമായ ഗവേഷണവും നിരീക്ഷണവും അനുവദിക്കും. കോർ മേഖലയെ ചുറ്റിയോ അതിനോടു ചേർന്നോ ഉള്ള ബഫർ മേഖലയിൽ പരിസ്ഥിതി വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം, നിയന്ത്രിത പ്രകൃതിസൗഹൃദ വിനോദസഞ്ചാരം എന്നിവ നടത്താം. പ്രകൃതിയെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാനും കർശന സംരക്ഷണമുള്ള ഭാഗങ്ങളിലെ സമ്മർദം കുറയ്ക്കാനും ഇത് സഹായിക്കും. ജനവാസം, ഉപജീവനം, സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ളതാണ് പരിവർത്തന മേഖല. ഉത്തരവാദിത്വമുള്ള കൃഷി, സുസ്ഥിര വനപരിപാലനം, പ്രകൃതിസൗഹൃദ വിനോദസഞ്ചാരം, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ മറ്റു പ്രവർത്തനങ്ങൾ എന്നിവ ഇവിടെ നടത്താം. ആഗോളതലത്തിൽ ശരാശരി 18 ശതമാനം കോർ മേഖലയും 30 ശതമാനം ബഫർ മേഖലയും 52 ശതമാനം പരിവർത്തന മേഖലയുമാണ്. കർശന സംരക്ഷണത്തെയും സുസ്ഥിര വികസനത്തെയും കൂട്ടിയിണക്കുന്ന സമീപനമാണിത്. യുനെസ്കോയുടെ ലോക ശൃംഖലയിൽ 145 രാജ്യങ്ങളിലായി 797 ജൈവമണ്ഡല സംരക്ഷിത മേഖലകളുണ്ട്. ഇവിടങ്ങളിൽ താമസിക്കുന്ന ഏകദേശം 30 കോടി ആളുകൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നു. ഭൂമിയുടെ കരഭാഗത്തിന്റെ ഏകദേശം അഞ്ച് ശതമാനം മാത്രമാണ് ഇവയുടെ വിസ്തൃതി. എന്നാൽ കരയിലെ നട്ടെല്ലുള്ള ജീവിവർഗങ്ങളുടെ വൈവിധ്യസമ്പത്തിന്റെ 60 ശതമാനത്തിലധികം ഇവിടങ്ങളിലുണ്ട്. 2025–26-ലെ ലോക ശൃംഖലാ ഭൂപടമനുസരിച്ച് 2050-ഓടെ ഏകദേശം 40 ശതമാനം മേഖലകൾ കൂടുതൽ തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ നേരിടാനിടയുണ്ട്. പകുതിയിലധികം മേഖലകൾക്ക് മറ്റൊരു അന്താരാഷ്ട്ര പദവികൂടിയുണ്ട്.
ഇന്ത്യയിലെ 18 മേഖലകൾ; സംരക്ഷണത്തിന് കേന്ദ്ര–സംസ്ഥാന പിന്തുണ
വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും സമ്പന്നമായ പാരിസ്ഥിതിക പൈതൃകവും പ്രതിനിധീകരിക്കുന്നതാണ് ഇന്ത്യയുടെ ജൈവമണ്ഡല സംരക്ഷിത മേഖലാ ശൃംഖല. ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര ആവാസവ്യവസ്ഥാ പരിപാലനത്തിനും ഇന്ത്യ നൽകുന്ന പ്രാധാന്യവും ഇതിലൂടെ വ്യക്തമാകുന്നു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 18 മേഖലകളിൽ 13 എണ്ണം യുനെസ്കോയുടെ ലോക ശൃംഖലയിലുണ്ട്. ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര അംഗീകാരമുള്ള ജൈവമണ്ഡല സംരക്ഷിത മേഖലകളുള്ള രാജ്യമാണ് ഇന്ത്യ.
| ജൈവമണ്ഡല സംരക്ഷിത മേഖല | പ്രഖ്യാപിച്ച വർഷം | യുനെസ്കോ ശൃംഖലയിൽ ഉൾപ്പെട്ട വർഷം | സംസ്ഥാനം / കേന്ദ്രഭരണപ്രദേശം | വിസ്തൃതി ചതുരശ്ര കിലോമീറ്ററിൽ |
|---|
| നീലഗിരി | 1986 | 2000 | തമിഴ്നാട്, കേരളം, കർണാടക | 5,520 |
| നന്ദാദേവി | 1988 | 2004 | ഉത്തരാഖണ്ഡ് | 6,407.03 |
| നോക്രെക് | 1988 | 2009 | മേഘാലയ | 820 |
| മാന്നാർ ഉൾക്കടൽ | 1989 | 2001 | തമിഴ്നാട് | 10,500 |
| സുന്ദർബൻസ് | 1989 | 2001 | പശ്ചിമ ബംഗാൾ | 9,630 |
| മാനസ് | 1989 | ഉൾപ്പെട്ടിട്ടില്ല | അസം | 2,837 |
| ഗ്രേറ്റ് നിക്കോബാർ | 1989 | 2013 | ആൻഡമാൻ നിക്കോബാർ ദ്വീപുകൾ | 885 |
| സിമിലിപാൽ | 1994 | 2009 | ഒഡീഷ | 5,569 |
| ദിബ്രു–സൈഖോവ | 1997 | ഉൾപ്പെട്ടിട്ടില്ല | അസം | 765 |
| ദിഹാങ്–ദിബാങ് | 1998 | ഉൾപ്പെട്ടിട്ടില്ല | അരുണാചൽ പ്രദേശ് | 5,111.50 |
| പച്മർഹി | 1999 | 2009 | മധ്യപ്രദേശ് | 4,981.72 |
| കാഞ്ചൻജംഗ | 2000 | 2018 | സിക്കിം | 2,931.12 |
| അഗസ്ത്യമല | 2001 | 2016 | കേരളം, തമിഴ്നാട് | 3,500 |
| അചാനക്മാർ–അമർകണ്ഠക് | 2005 | 2012 | മധ്യപ്രദേശ്, ഛത്തീസ്ഗഢ് | 3,835.46 |
| ഗ്രേറ്റ് റൺ ഓഫ് കച്ച് | 2008 | ഉൾപ്പെട്ടിട്ടില്ല | ഗുജറാത്ത് | 12,454 |
| കോൾഡ് ഡെസേർട്ട് | 2009 | 2025 | ഹിമാചൽ പ്രദേശ് | 7,770 |
| ശേഷാചലം | 2010 | ഉൾപ്പെട്ടിട്ടില്ല | ആന്ധ്രപ്രദേശ് | 4,755.58 |
| പന്ന | 2011 | 2020 | മധ്യപ്രദേശ് | 2,998.98 |
ഈ മേഖലകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രത്യേക സർക്കാർ പദ്ധതിയുമുണ്ട്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ ജൈവമണ്ഡല സംരക്ഷിത മേഖലാ വിഭാഗമാണ് ‘പ്രകൃതിവിഭവങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണം’ എന്ന കുടക്കീഴിലുള്ള കേന്ദ്രാവിഷ്കൃത ‘ജൈവവൈവിധ്യ സംരക്ഷണ’ ഉപപദ്ധതി നടത്തുന്നത്. യുനെസ്കോയുടെ മനുഷ്യനും ജൈവമണ്ഡലവും പദ്ധതിയുടെ ചട്ടക്കൂടിൽ പ്രഖ്യാപിച്ച മേഖലകൾക്ക് പരിപാലനപദ്ധതിയിൽ നിർദേശിക്കുന്ന സംരക്ഷണ, വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നു. സംസ്ഥാന വനംവകുപ്പുകളാണ് പദ്ധതി നടപ്പാക്കുന്നത്. വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളിൽ കേന്ദ്ര–സംസ്ഥാന ചെലവുവിഹിതം 90:10 ആണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 60:40 ആണ്. 2022–23 മുതൽ നന്ദാദേവി, പച്മർഹി, ദിഹാങ്–ദിബാങ്, അഗസ്ത്യമല എന്നീ നാല് മേഖലകളിൽ അഞ്ചുവർഷത്തെ സംയോജിത പരിപാലനപദ്ധതികൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. സംരക്ഷിത മേഖലാ അധികൃതർ, ഗവേഷണസ്ഥാപനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരെ ഒരുമിപ്പിക്കുന്ന പദ്ധതികളാണിവ. ആവാസവ്യവസ്ഥകളുടെ പുനരുദ്ധാരണം, ജൈവവൈവിധ്യ നിരീക്ഷണം, ശാസ്ത്രീയ ഗവേഷണം, സുസ്ഥിര ഉപജീവനം എന്നിവയ്ക്കാണ് മുൻഗണന. ജൈവവൈവിധ്യ സംരക്ഷണത്തിൽ വിവിധ സർക്കാർ സംവിധാനങ്ങളെ ഒരുമിപ്പിക്കുന്ന സമീപനത്തിന്റെ ഭാഗമാണ് ഈ പ്രവർത്തനങ്ങൾ.
നീലഗിരിയിലെ കാടുകളിൽനിന്ന് തണുത്ത മരുഭൂമിവരെ
മലനിരകളിലെ കാടുകൾ, കണ്ടൽക്കാടുകൾ നിറഞ്ഞ നദീമുഖങ്ങൾ, പവിഴപ്പുറ്റുകൾ, ഉയർന്ന പ്രദേശങ്ങളിലെ മരുഭൂമികൾ എന്നിവ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ജൈവമണ്ഡല സംരക്ഷിത മേഖലകൾ അസാധാരണമായ ജീവസമ്പത്തിന്റെ ആവാസകേന്ദ്രങ്ങളാണ്. പശ്ചിമഘട്ടത്തിലെ നീലഗിരി ആഗോളപ്രാധാന്യമുള്ള ജൈവവൈവിധ്യ കേന്ദ്രമാണ്. തമിഴ്നാട്, കേരളം, കർണാടക എന്നിവിടങ്ങളിലായി ഏകദേശം 5,52,000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്നു. ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ, മലനിരകളിലെ ചോലക്കാടുകൾ, പുൽമേടുകൾ എന്നിവ ഇവിടെയുണ്ട്. ഈ വൈവിധ്യമാർന്ന ഭൂപ്രദേശം തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗങ്ങൾക്ക് അഭയമൊരുക്കുന്നു. സിംഹവാലൻ കുരങ്ങ്, വരയാട്, ആന, കടുവ, കാട്ടുപോത്ത്, മ്ലാവ്, പുള്ളിമാൻ എന്നിവ ഇവിടെ കാണപ്പെടുന്നു. നൂറിലധികം സസ്തനിവർഗങ്ങളും 550 പക്ഷിവർഗങ്ങളും നിരവധി ഉരഗങ്ങളും ഉഭയജീവികളും ഇവിടെയുണ്ട്. നീലഗിരി ജില്ലയിൽ മാത്രം ആറായിരത്തിലധികം സസ്യവർഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിമാചൽ പ്രദേശിലെ കോൾഡ് ഡെസേർട്ട് ജൈവമണ്ഡല സംരക്ഷിത മേഖല 7,770 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 3,300 മുതൽ 6,600 മീറ്റർവരെ ഉയരത്തിലാണ് ഇത്. ദുഷ്കരമായ ഈ ഉയർന്ന പ്രദേശത്ത് ജലവും പോഷകങ്ങളും കടത്തിവിടുന്ന സംവഹനകലകളുള്ള 732 സസ്യവർഗങ്ങളുണ്ട്. ഇതിൽ 30 എണ്ണം തദ്ദേശീയ ഇനങ്ങളാണ്. ഹിമപ്പുലി, ഹിമാലയൻ ഐബെക്സ്, നീല ആട് എന്നിവയും ഇവിടെയുണ്ട്. ഏകദേശം 12,000 ആളുകൾ ഇവിടെ താമസിക്കുന്നു. മൃഗങ്ങളെ മേയ്ക്കൽ, യാക്ക്–ആട് വളർത്തൽ, ബാർലി–പട്ടാണി കൃഷി, ടിബറ്റൻ ഔഷധസസ്യ ചികിത്സ എന്നിവയാണ് പരമ്പരാഗത ഉപജീവനമാർഗങ്ങൾ. തമിഴ്നാടിന്റെ തെക്കുകിഴക്കൻ തീരത്തുള്ള മാന്നാർ ഉൾക്കടൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സമുദ്ര ജൈവവൈവിധ്യ മേഖലകളിലൊന്നാണ്. ഏകദേശം 10.5 ലക്ഷം ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ പവിഴപ്പുറ്റുകളും കടൽപ്പുല്ല് പ്രദേശങ്ങളും കണ്ടൽക്കാടുകളുമുണ്ട്. പരസ്പരം ബന്ധപ്പെട്ട ഈ ആവാസവ്യവസ്ഥകളിൽ 4,223 സസ്യ–ജന്തുവർഗങ്ങളുണ്ട്. ഏകദേശം 47 തീരദേശ ഗ്രാമങ്ങളുള്ള പ്രദേശത്തെ 25 ലക്ഷത്തോളം ജനങ്ങളുടെ ജീവിതത്തിന് ഈ മേഖല പിന്തുണ നൽകുന്നു.


കാടിന് ഭീഷണിയായ കൊങ്ങിണിയിൽനിന്ന് വരുമാനം
നീലഗിരിയിലെ തദ്ദേശീയ സമൂഹങ്ങൾ വേരോടെ നീക്കിയ ലാന്റാന അഥവാ കൊങ്ങിണിച്ചെടിയുടെ തണ്ടുകൾ ഉപയോഗിച്ച് ആനശിൽപ്പങ്ങളും ഫർണിച്ചറുകളും കരകൗശലവസ്തുക്കളും നിർമിക്കുന്നു. പ്രാദേശിക ജനങ്ങൾക്ക് ഉപജീവനം നൽകുന്നതിനൊപ്പം ആവാസവ്യവസ്ഥകളുടെ നാശത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും ഇത് സഹായിക്കുന്നു. 2021-ൽ ലണ്ടനിൽ യഥാർഥ ആനകളുടെ വലുപ്പത്തിലുള്ള 125 ലാന്റാന ആനശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു. വന്യജീവികളുമായുള്ള സഹവർത്തിത്വത്തിന്റെ സന്ദേശമാണ് ഇത് നൽകിയത്. ബെംഗളൂരു വിമാനത്താവളത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും രാഷ്ട്രപതി ഭവനിലും ഈ ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നീക്കംചെയ്ത അധിനിവേശ സസ്യത്തിന് സാമ്പത്തിക ഉപയോഗം കണ്ടെത്താനും തദ്ദേശീയ കരകൗശലപ്രവർത്തകർക്ക് വരുമാനം നൽകാനും അധിനിവേശ ജീവിവർഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും ഇതിലൂടെ കഴിയുന്നു.
ഇന്ത്യൻ വനങ്ങളിൽ ഏകദേശം മൂന്ന് ലക്ഷം ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച അധിനിവേശ കുറ്റിച്ചെടിയാണ് ലാന്റാന കമാര. ഇടതൂർന്ന കുറ്റിക്കാടുകളായി വളരുന്ന ഇത് തദ്ദേശീയ സസ്യങ്ങളെ അടിച്ചമർത്തുകയും ജൈവവൈവിധ്യം കുറയ്ക്കുകയും സ്വാഭാവിക തീപിടിത്തരീതികളിൽ മാറ്റമുണ്ടാക്കുകയും ചെയ്യുന്നു. ചെടി പുറത്തുവിടുന്ന രാസവസ്തുക്കൾ സമീപത്തെ മറ്റു സസ്യങ്ങളുടെ വളർച്ച തടയും. വേഗത്തിൽ വീണ്ടും വളരുന്നതിനാൽ നീക്കംചെയ്യുന്നതും പ്രയാസമാണ്. 1916 മുതൽ നിർമാർജനശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നിയന്ത്രണം ഇപ്പോഴും ചെലവേറിയതും വെല്ലുവിളിയുമാണ്. പ്രകൃതിയും മനുഷ്യരും ഒരുമിച്ച് അഭിവൃദ്ധിപ്പെടുന്ന ഭാവിയിലേക്കുള്ള മാതൃകയാണ് ഇന്ത്യയുടെ ജൈവമണ്ഡല സംരക്ഷിത മേഖലകൾ മുന്നോട്ടുവയ്ക്കുന്നത്. ഗവേഷണം, ആവാസവ്യവസ്ഥകളുടെ പുനരുദ്ധാരണം, സമൂഹങ്ങളുടെ നേതൃത്വത്തിലുള്ള സംരക്ഷണം എന്നിവയിൽ തുടർച്ചയായ നിക്ഷേപം ആവശ്യമാണ്. പരമ്പരാഗത അറിവിനൊപ്പം ആധുനിക നിരീക്ഷണരീതികളും ചേർത്താൽ പ്രതിസന്ധികളെ നേരിടാൻ ശേഷിയുള്ള ആവാസവ്യവസ്ഥകളും സുസ്ഥിര ഉപജീവനവും ഉറപ്പാക്കാം. സർക്കാരുകൾ, ഗവേഷകർ, പ്രാദേശിക സമൂഹങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ ശക്തമായ പങ്കാളിത്തവും ആവശ്യമാണ്. പ്രകൃതിസംരക്ഷണം ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സാംസ്കാരിക പൈതൃകം കാക്കുകയും വരുംതലമുറകൾക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കുകയും ചെയ്യുമെന്നാണ് ഈ മേഖലകൾ കാണിച്ചുതരുന്നത്.
.