പ്രധാന വിവരങ്ങൾ
- അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളം ഉയരത്തിൽ സംഭരിക്കുകയും ആവശ്യസമയത്ത് താഴേക്ക് ഒഴുക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയുമാണ് പമ്പ്ഡ് സ്റ്റോറേജ് രീതി.
- ഇന്ത്യയിൽ പ്രവർത്തനത്തിലുള്ള പത്ത് പദ്ധതികളുടെ ആകെ ശേഷി 7.43 ജിഗാവാട്ടാണ്.
- രാജ്യത്ത് 345.38 ജിഗാവാട്ട് സാധ്യതയുള്ള 320 പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്.
- 2035–36ഓടെ ആകെ ശേഷി 105.56 ജിഗാവാട്ടിലെത്തിക്കാനാണ് ലക്ഷ്യം.
- പദ്ധതികൾ വേഗത്തിലാക്കാൻ അനുമതികൾ ലളിതമാക്കുകയും അടിസ്ഥാനസൗകര്യ സഹായവും പ്രസരണനിരക്കിളവും നൽകുകയും ചെയ്യുന്നു
ന്യൂഡൽഹി/ 2026 / നവംബർ 03
ശുദ്ധ ഊർജത്തിന്റെ ഉപയോഗം വർധിക്കുന്ന ഇന്ത്യയിൽ, അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് ആവശ്യസമയത്ത് ലഭ്യമാക്കാൻ പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ വിപുലീകരിക്കുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ രൂപരേഖപ്രകാരം, 2035–36ഓടെ 100.81 ജിഗാവാട്ടിന്റെ പദ്ധതികൾ പ്രവർത്തനത്തിലെത്തിക്കാനാണ് ലക്ഷ്യം. ഇതോടെ ആകെ ശേഷി 105.56 ജിഗാവാട്ടാകും. അധിക വൈദ്യുതി ഉപയോഗിച്ച് വെള്ളം ഉയരത്തിലുള്ള സംഭരണിയിലേക്ക് പമ്പുചെയ്യുകയും ആവശ്യസമയത്ത് താഴേക്ക് ഒഴുക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയുമാണ് രീതി. വെള്ളവും ഗുരുത്വാകർഷണവും ഉപയോഗിക്കുന്നതിനാൽ ‘ജലബാറ്ററി’ എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സമയവും അത് ആവശ്യമായി വരുന്ന സമയവും തമ്മിലുള്ള വിടവ് നികത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
ഊർജസുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യ സൗരോർജത്തിന്റെയും കാറ്റിൽനിന്നുള്ള വൈദ്യുതിയുടെയും ശേഷി വേഗത്തിൽ വർധിപ്പിക്കുകയാണ്. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച്, ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കാത്ത രാജ്യത്തെ സ്ഥാപിത വൈദ്യുതി ഉൽപ്പാദനശേഷി 308.027 ജിഗാവാട്ടാണ്. 2025–26 സാമ്പത്തികവർഷം മാത്രം 55.29 ജിഗാവാട്ട് കൂട്ടിച്ചേർത്തു. 2030ഓടെ 500 ജിഗാവാട്ടിലെത്തുകയാണ് ലക്ഷ്യം. ഇതിൽ സൗരോർജത്തിനും കാറ്റിൽനിന്നുള്ള വൈദ്യുതിക്കും വലിയ പങ്കുണ്ടാകും. എന്നാൽ സൂര്യപ്രകാശം, കാലാവസ്ഥ, ദിവസേനയുള്ള ആവശ്യകത എന്നിവയ്ക്കനുസരിച്ച് ഇവയുടെ ഉൽപ്പാദനം മാറും. ഉൽപ്പാദനം ആവശ്യത്തേക്കാൾ കൂടുമ്പോൾ വൈദ്യുതി സംഭരിക്കുകയും ഉൽപ്പാദനം കുറയുമ്പോഴോ ആവശ്യം ഉയരുമ്പോഴോ ഉപയോഗിക്കുകയും വേണം. 2031–32ഓടെ 73.93 ജിഗാവാട്ട് സംഭരണശേഷി ആവശ്യമായിരിക്കുമെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ വിലയിരുത്തൽ. ഇതിൽ 26.69 ജിഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിൽനിന്നും 47.24 ജിഗാവാട്ട് ബാറ്ററി സംഭരണ സംവിധാനങ്ങളിൽനിന്നുമാണ് പ്രതീക്ഷിക്കുന്നത്.
വെള്ളം മുകളിലേക്ക് പമ്പുചെയ്യും; താഴേക്ക് ഒഴുക്കി വൈദ്യുതിയുണ്ടാക്കും
സാധാരണയായി വ്യത്യസ്ത ഉയരങ്ങളിലുള്ള രണ്ട് ജലസംഭരണികളാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിലുണ്ടാകുക. വൈദ്യുതി അധികമുള്ളപ്പോൾ താഴത്തെ സംഭരണിയിലെ വെള്ളം മുകളിലേക്ക് പമ്പുചെയ്യും. ഉയരത്തിൽ സംഭരിച്ച വെള്ളത്തിൽ സ്ഥിതികോർജമായി ഊർജം സൂക്ഷിക്കപ്പെടും. വൈദ്യുതി ആവശ്യമായി വരുമ്പോൾ ഈ വെള്ളം ടർബൈനുകളിലൂടെ താഴേക്ക് ഒഴുക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കും. ആവശ്യം കുറയുകയും അധിക വൈദ്യുതി ലഭ്യമാകുകയും ചെയ്യുമ്പോൾ വെള്ളം വീണ്ടും മുകളിലേക്ക് പമ്പുചെയ്യും. ഇങ്ങനെ സംഭരണവും ഉൽപ്പാദനവും ആവർത്തിക്കാം. വലിയ അളവിൽ വൈദ്യുതി ദീർഘനേരത്തേക്ക് സംഭരിക്കാനും തിരക്കേറിയ സമയത്തെ ആവശ്യം നിറവേറ്റാനും വൈദ്യുതിശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാനും ഈ പദ്ധതികൾ സഹായിക്കുന്നു. ബാറ്ററി സംഭരണ സംവിധാനങ്ങൾ കുറഞ്ഞ സമയത്തേക്കുള്ള ആവശ്യങ്ങളോട് അതിവേഗം പ്രതികരിക്കും. വൈദ്യുതിയുടെ ആവൃത്തി നിയന്ത്രിക്കാനും ഉയർന്ന ആവശ്യകത കൈകാര്യം ചെയ്യാനും ശൃംഖലയിൽ സന്തുലനം നിലനിർത്താനും അവ സഹായിക്കും. ഉൽപ്പാദനകേന്ദ്രങ്ങൾക്കോ ഉപഭോഗകേന്ദ്രങ്ങൾക്കോ സമീപം താരതമ്യേന വേഗത്തിൽ ബാറ്ററികൾ സ്ഥാപിക്കാം. പമ്പ്ഡ് സ്റ്റോറേജിന് അനുയോജ്യമായ ഭൂപ്രകൃതി വേണമെങ്കിലും വലിയ അളവിൽ ദീർഘകാല സംഭരണവും നീണ്ട പ്രവർത്തനായുസ്സും ലഭിക്കും. അതിനാൽ രണ്ട് സംവിധാനങ്ങളും പരസ്പരം സഹായിക്കുന്നവയാണ്.
സ്വാഭാവിക ജലപാതകളുമായി സംഭരണികൾക്കുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ മൂന്നുതരമാണ്. ഓൺ സ്ട്രീം പദ്ധതികളിൽ രണ്ട് സംഭരണികളും നദിയിലോ തോട്ടിലോ നീർച്ചാലിലോ ആയിരിക്കും. മുകളിലെ വെള്ളം ടർബൈനിലൂടെ ഒഴുക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ആവശ്യം കുറയുമ്പോഴോ അധിക വൈദ്യുതിയുള്ളപ്പോഴോ തിരികെ പമ്പുചെയ്യുകയും ചെയ്യും. ഓഫ് സ്ട്രീം ഓപ്പൺ ലൂപ്പ് പദ്ധതികളിൽ ഒരു സംഭരണി നദിയിലോ തോട്ടിലോ നീർച്ചാലിലോ ആയിരിക്കും. മറ്റേത് നദിയിലോ വർഷം മുഴുവൻ ഒഴുക്കുള്ള തോട്ടിലോ നീർച്ചാലിലോ ആയിരിക്കില്ല. ഇവിടെയും വെള്ളം താഴേക്ക് ഒഴുക്കി വൈദ്യുതിയുണ്ടാക്കിയശേഷം അധിക വൈദ്യുതി ഉപയോഗിച്ച് തിരികെ പമ്പുചെയ്യും. ഓഫ് സ്ട്രീം ക്ലോസ്ഡ് ലൂപ്പ് പദ്ധതികളിൽ രണ്ട് സംഭരണികളും നദികളിൽനിന്നും സ്ഥിരമായി ഒഴുക്കുള്ള സ്വാഭാവിക ജലപാതകളിൽനിന്നും മാറിയായിരിക്കും. വൈദ്യുതി ആവശ്യമുള്ളപ്പോൾ വെള്ളം താഴേക്ക് ഒഴുക്കുകയും ആവശ്യം കുറഞ്ഞ സമയത്ത് തിരികെ പമ്പുചെയ്യുകയും ചെയ്യും. ഓരോ സ്ഥലത്തെയും ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ സാഹചര്യങ്ങൾക്കനുസരിച്ച് മൂന്നുതരം പദ്ധതികൾക്കും പ്രസക്തിയുണ്ട്. എന്നാൽ നിർമാണം വേഗത്തിലാക്കാനും ജലജീവികളെയും ചുറ്റുപാടിനെയും ബാധിക്കുന്നത് കുറയ്ക്കാനും നദികളിൽനിന്ന് മാറിയുള്ള കൂടുതൽ പദ്ധതികൾ കണ്ടെത്താൻ ശ്രമം നടക്കുന്നു.

പ്രവർത്തനത്തിലുള്ളത് പത്ത് പദ്ധതികൾ; രാജ്യത്ത് വലിയ സാധ്യത
2026 ഓഗസ്റ്റിലെ കണക്കനുസരിച്ച്, ഇന്ത്യയിൽ പ്രവർത്തനത്തിലുള്ള പത്ത് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ ആകെ ശേഷി 7.43 ജിഗാവാട്ടാണ്. ഇവ ഓരോന്നും 25 മെഗാവാട്ടിൽ കൂടുതൽ സ്ഥാപിതശേഷിയുള്ളവയാണ്. 15.87 ജിഗാവാട്ട് ശേഷിയുള്ള പതിനൊന്ന് പദ്ധതികൾ നിർമാണത്തിലോ നടപ്പാക്കൽ ഘട്ടത്തിലോ ആണ്. അടുത്തഘട്ടത്തിലുള്ള 10.40 ജിഗാവാട്ടിന്റെ എട്ട് പദ്ധതികൾക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സമ്മതമോ വിലയിരുത്തലോ ലഭിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 345.38 ജിഗാവാട്ട് സാധ്യതയുള്ള 320 പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 56.67 ജിഗാവാട്ടിന്റെ 62 ഓൺ സ്ട്രീം പദ്ധതികളും 288.71 ജിഗാവാട്ടിന്റെ 258 ഓഫ് സ്ട്രീം പദ്ധതികളും ഉൾപ്പെടുന്നു. പ്രവർത്തനത്തിലുള്ളവ ഉൾപ്പെടെ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പദ്ധതികൾ രാജ്യത്തെ അഞ്ച് മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്നു. പദ്ധതി അനുയോജ്യത പരിശോധിക്കുമ്പോൾ ഭൂപ്രകൃതി, ഭൂഗർഭഘടന, ജലലഭ്യതയും ഒഴുക്കും, സംഭരണികളുടെ പ്രത്യേകതകൾ, അടിത്തറയുടെ അവസ്ഥ, ഭൂകമ്പസാധ്യത, പരിസ്ഥിതി എന്നിവ വിലയിരുത്തും. നിർമാണസാമഗ്രികളുടെ ലഭ്യത, വൈദ്യുതി ഉൽപ്പാദനസാധ്യത, പ്രസരണശൃംഖലയുമായുള്ള ബന്ധം എന്നിവയും പരിശോധിക്കും.
129.72 ജിഗാവാട്ടുമായി പടിഞ്ഞാറൻ മേഖലയിലാണ് ഏറ്റവും കൂടുതൽ സാധ്യത കണ്ടെത്തിയിരിക്കുന്നത്. പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന നദികളുടെ കുത്തനെയുള്ള ചരിവുകളും ഭൂപ്രകൃതിയുമാണ് ഇതിന് പ്രധാന കാരണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിൽ 67.36 ജിഗാവാട്ടും ഗുജറാത്തിൽ 33.36 ജിഗാവാട്ടുമാണ് സാധ്യത. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവ മുന്നിലുള്ള തെക്കൻ മേഖലയിൽ 97.76 ജിഗാവാട്ട് സാധ്യതയുണ്ട്. കിഴക്കൻ മേഖലയിൽ 53.41 ജിഗാവാട്ടാണ് കണ്ടെത്തിയത്. ഇതിൽ 41.53 ജിഗാവാട്ട് ഒഡിഷയിലാണ്. ഉത്തർപ്രദേശും ഹിമാചൽപ്രദേശും മുന്നിലുള്ള വടക്കൻ മേഖലയിൽ 50.32 ജിഗാവാട്ടും വടക്കുകിഴക്കൻ മേഖലയിൽ 14.18 ജിഗാവാട്ടുമാണ് സാധ്യത. ആഗോളതലത്തിൽ വലിയ തോതിലുള്ള ഊർജസംഭരണത്തിന് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുതിയാണ്. അന്താരാഷ്ട്ര പുനരുപയോഗ ഊർജ ഏജൻസിയുടെ കണക്കനുസരിച്ച്, 2025 അവസാനം ലോകത്തെ സ്ഥാപിതശേഷി 159.8 ജിഗാവാട്ടായിരുന്നു. ചൈനയിൽ ഏകദേശം 66 ജിഗാവാട്ടും ജപ്പാനിൽ 22 ജിഗാവാട്ടും അമേരിക്കയിൽ 19 ജിഗാവാട്ടുമാണ് ഉണ്ടായിരുന്നത്. 7.18 ജിഗാവാട്ടുമായി ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 2026 ജൂലൈയോടെ ഇന്ത്യയുടെ ശേഷി 7.43 ജിഗാവാട്ടായി ഉയർന്നു.
2035–36ഓടെ ശേഷി 105.56 ജിഗാവാട്ടിലേക്ക്
രാജ്യത്ത് കണ്ടെത്തിയ വലിയ സാധ്യത പ്രയോജനപ്പെടുത്തി ദീർഘനേരത്തേക്കുള്ള ഊർജസംഭരണം വികസിപ്പിക്കാനാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ രൂപരേഖ. നിർമാണത്തിലുള്ളവ ഉൾപ്പെടെ 100.81 ജിഗാവാട്ടിന്റെ പദ്ധതികൾ 2035–36ഓടെ പ്രവർത്തനത്തിലെത്തിക്കാനാണ് കണക്കാക്കുന്നത്. ഇതോടെ ആകെ പമ്പ്ഡ് സ്റ്റോറേജ് ശേഷി 105.56 ജിഗാവാട്ടാകും. വൈദ്യുതിശൃംഖലയെ ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാനും കൂടുതൽ പുനരുപയോഗ ഊർജം ഉൾക്കൊള്ളാനും ഈ വികസനം സഹായിക്കും. വർഷം തിരിച്ചുള്ള ശേഷിവർധനയുടെ രൂപരേഖ ഇങ്ങനെയാണ്:
| സാമ്പത്തികവർഷം | കൂട്ടിച്ചേർക്കുന്ന ശേഷി, ജിഗാവാട്ട് | ആകെ ശേഷി, ജിഗാവാട്ട് |
|---|---|---|
| 2024–25 വരെ | — | 4.745 |
| 2025–26 | 2.68 | 7.425 |
| 2026–27 | 2.92 | 10.345 |
| 2027–28 | 1.6 | 11.945 |
| 2028–29 | 6.35 | 18.295 |
| 2029–30 | 13.5 | 31.795 |
| 2030–31 | 21.19 | 52.985 |
| 2031–32 | 8.8 | 61.785 |
| 2032–33 | 14.59 | 76.375 |
| 2033–34 | 11.88 | 88.255 |
| 2034–35 | 5.7 | 93.955 |
| 2035–36 | 11.6 | 105.555 |
| ആകെ കൂട്ടിച്ചേർക്കൽ | 100.81 | — |
ശുദ്ധ ഊർജമേഖലയിലെ നിക്ഷേപവും സാങ്കേതിക സഹകരണവും ശക്തമാക്കാൻ ഭാരത് പുനരുപയോഗ ഊർജ ഉച്ചകോടിയും പ്രദർശനവും 2026 നവംബർ രണ്ടുമുതൽ അഞ്ചുവരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുകയാണ്. ‘നിക്ഷേപിക്കുക, പുതുമകൾ സൃഷ്ടിക്കുക, പ്രചോദിപ്പിക്കുക’ എന്നതാണ് പ്രമേയം. നാൽപ്പതിലധികം മന്ത്രിമാർക്കൊപ്പം നയരൂപകർത്താക്കൾ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ പ്രമുഖർ തുടങ്ങി 130ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു. ഓസ്ട്രേലിയ, ഡെൻമാർക്ക്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ബ്രിട്ടൻ എന്നിവയാണ് ഒമ്പത് പങ്കാളികൾ. ഇന്ത്യയിലെ പതിമൂന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പുനരുപയോഗ ഊർജസാധ്യതകളും നിക്ഷേപാവസരങ്ങളും ശുദ്ധ ഊർജ ഉൽപ്പന്നങ്ങളുടെ നിർമാണശേഷിയും അവതരിപ്പിക്കുന്നു. സൗരോർജം, കാറ്റിൽനിന്നുള്ള ഊർജം, ഹരിത ഹൈഡ്രജൻ, ഊർജസംഭരണം, വൈദ്യുതിശൃംഖലയുമായുള്ള സംയോജനം, ആഭ്യന്തര നിർമാണം, ഡിജിറ്റൽവൽക്കരണം, ഊർജമേഖലയിലെ നിർമിതബുദ്ധി ഉപയോഗം എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. മന്ത്രിതല ചർച്ചകൾ, കമ്പനിമേധാവികളുടെ വട്ടമേശയോഗങ്ങൾ, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചകൾ, നാനൂറിലധികം പ്രദർശകർ പങ്കെടുക്കുന്ന പ്രദർശനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമ്പതാമത് അന്താരാഷ്ട്ര സൗരസഖ്യ അസംബ്ലിക്കും നാലാമത് അന്താരാഷ്ട്ര ഹരിത ഹൈഡ്രജൻ സമ്മേളനത്തിനുമൊപ്പമാണ് പരിപാടി. ശുദ്ധ ഊർജനിക്ഷേപം, സാങ്കേതിക പങ്കാളിത്തം, വ്യവസായ സഹകരണം എന്നിവയ്ക്കുള്ള ആഗോള വേദിയാകുന്ന പരിപാടി അന്താരാഷ്ട്ര സഹകരണവും ശക്തമാക്കുന്നു.
അനുമതികൾ വേഗത്തിലാക്കും; അടിസ്ഥാനസൗകര്യങ്ങൾക്ക് സഹായം
പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ നയപരവും നിയന്ത്രണപരവുമായ നടപടികൾക്കൊപ്പം ആവശ്യവും വിതരണവും പിന്തുണയ്ക്കുന്ന നടപടികളും സ്വീകരിച്ചിട്ടുണ്ട്. വികസന മാർഗനിർദേശങ്ങൾ: പദ്ധതികൾ വേഗത്തിൽ വികസിപ്പിക്കുന്നതിനുള്ള നയചട്ടക്കൂടായി കേന്ദ്ര വൈദ്യുതി മന്ത്രാലയം 2023 ഏപ്രിലിൽ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. അടിസ്ഥാനസൗകര്യ സഹായം: റോഡുകൾ, പാലങ്ങൾ, റെയിൽവേ അനുബന്ധപാതകൾ, റോപ്പ് വേകൾ, വാർത്താവിനിമയ സൗകര്യങ്ങൾ, വൈദ്യുതി പ്രസരണലൈനുകൾ എന്നിവയ്ക്ക് ബജറ്റ് സഹായം നൽകുന്നു. പദ്ധതികളിലേക്കുള്ള ഗതാഗതവും മറ്റ് ബന്ധങ്ങളും മെച്ചപ്പെടുത്തി അവയുടെ പ്രായോഗികത ശക്തമാക്കുകയാണ് ലക്ഷ്യം. മത്സരാധിഷ്ഠിത സംഭരണം: പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളിൽനിന്ന് സംഭരണശേഷിയും സംഭരിച്ച വൈദ്യുതിയും വാങ്ങാൻ സുതാര്യവും ഏകീകൃതവുമായ നിരക്കാധിഷ്ഠിത മത്സരലേല മാർഗനിർദേശങ്ങൾ 2025 ഫെബ്രുവരിയിൽ പുറത്തിറക്കി. പ്രസരണനിരക്കിളവ്: 2028 ജൂൺ മുപ്പതിനകം നിർമാണച്ചുമതല നൽകുന്ന പദ്ധതികൾക്ക് അന്തർസംസ്ഥാന വൈദ്യുതി പ്രസരണനിരക്കിൽ നൂറുശതമാനം ഇളവ് ലഭിക്കും. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുന്നതുമുതൽ 25 വർഷത്തേക്കാണ് ഇളവ്. ഇത് പദ്ധതികളുടെ സാമ്പത്തിക പ്രായോഗികത മെച്ചപ്പെടുത്തും. വേഗത്തിലുള്ള പദ്ധതി അനുമതി: വിശദമായ പദ്ധതിരേഖയ്ക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സമ്മതം നൽകാനുള്ള സമയപരിധി എല്ലാ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കും തൊണ്ണൂറിൽനിന്ന് അമ്പത് ദിവസമായി കുറച്ചു. അന്തർസംസ്ഥാന വിഷയങ്ങൾക്കുള്ള പ്രത്യേക അനുമതിയുടെ ആവശ്യകതയും ഒഴിവാക്കി.
പരിസ്ഥിതി വിലയിരുത്തൽ: കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്കായി വ്യത്യസ്ത വിലയിരുത്തൽ വ്യവസ്ഥകൾ കൊണ്ടുവന്നു. ബാധകമായ വ്യവസ്ഥകൾപ്രകാരം യോഗ്യമായ പദ്ധതികൾക്ക് ബി രണ്ട് വിഭാഗത്തിന്റെ ആനുകൂല്യം ലഭിക്കും. ഓഫ് സ്ട്രീം പദ്ധതികൾക്ക് അടിസ്ഥാന പരിസ്ഥിതിവിവരങ്ങളുടെ ആവശ്യകതയും കുറച്ചിട്ടുണ്ട്. നിയന്ത്രണപരമായ സംരക്ഷണങ്ങൾ നിലനിർത്തിക്കൊണ്ട് വിലയിരുത്തൽ വേഗത്തിലാക്കാനാണിത്. സർവേയും പരിശോധനയും: വനഭൂമിയിലെ സർവേയ്ക്കുള്ള വ്യവസ്ഥകൾ വിപുലീകരിക്കുകയും ഭൂഗർഭപരിശോധനയ്ക്കുള്ള കുഴികളുടെ അനുവദനീയ പരിധി വർധിപ്പിക്കുകയും ചെയ്തു. സാങ്കേതികമായി ശക്തമായ വിശദപദ്ധതിരേഖകൾ സമയബന്ധിതമായി തയ്യാറാക്കാൻ ഇത് സഹായിക്കും. സംയോജിത ആസൂത്രണം: ദേശീയ വൈദ്യുതി ആസൂത്രണത്തിൽ ഊർജസംഭരണവും പ്രസരണവികസനവും ഒരുമിച്ച് പരിഗണിക്കുന്നു. പുനരുപയോഗ ഊർജത്തിലെ ഉൽപ്പാദനവ്യത്യാസം കൈകാര്യം ചെയ്യാനും പ്രസരണത്തിരക്ക് കുറയ്ക്കാനും ശൃംഖലയുടെ വിശ്വാസ്യത വർധിപ്പിക്കാനുമാണിത്. 2025–26 മുതൽ 2035–36 വരെയുള്ള കാലയളവിൽ 100 ജിഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് ശേഷി ശൃംഖലയുമായി സംയോജിപ്പിക്കുന്ന രൂപരേഖയുമുണ്ട്. ഡിജിറ്റൽ നിരീക്ഷണം: കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ജൽ വിദ്യുത് വിശദപദ്ധതിരേഖാ പോർട്ടലിലൂടെ സർവേയും പരിശോധനയും തത്സമയം നിരീക്ഷിക്കാം. പദ്ധതി തയ്യാറാക്കുന്നവർക്കിടയിലെ ഏകോപനത്തിനും അനുമതികൾ വേഗത്തിലാക്കാനും ഇത് സഹായിക്കും. മൂലധനച്ചെലവിന്റെ പരിധി: 2025 ഓഗസ്റ്റ് ഒന്നിലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ, ജലവൈദ്യുത നിലയങ്ങൾ സ്ഥാപിക്കുന്ന പദ്ധതികൾക്ക് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ സമ്മതം ആവശ്യമായ മൂലധനച്ചെലവിന്റെ പരിധി 3,000 കോടി രൂപയായി പുതുക്കി. ഓഫ് സ്ട്രീം ക്ലോസ്ഡ് ലൂപ്പ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് ചെലവ് എത്രയായാലും ഈ സമ്മതം വേണ്ട. നയവ്യക്തത, സാമ്പത്തിക പിന്തുണ, ലളിതമാക്കിയ അനുമതികൾ, മത്സരാധിഷ്ഠിത സംഭരണം, സംയോജിത ആസൂത്രണം എന്നിവ പദ്ധതികളുടെ വേഗത്തിലുള്ള വികസനത്തിന് സാഹചര്യമൊരുക്കുന്നു. 2030ലെ 500 ജിഗാവാട്ട് ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, ഉൽപ്പാദനത്തിനും പ്രസരണത്തിനുമൊപ്പം സംഭരണവും വികസിപ്പിക്കേണ്ടത് നിർണായകമാണ്. ഉയർന്ന ആവശ്യകത കൈകാര്യം ചെയ്യാനും മാറിവരുന്ന പുനരുപയോഗ ഊർജം ഉൾക്കൊള്ളാനും ശൃംഖലയുടെ വഴക്കവും പ്രതിസന്ധികളെ നേരിടാനുള്ള ശേഷിയും വർധിപ്പിക്കാനും പമ്പ്ഡ് സ്റ്റോറേജിന് കഴിയും. കൂടുതൽ ശുദ്ധവും വിശ്വസനീയവും ഭാവിയിലെ ആവശ്യങ്ങൾക്ക് സജ്ജവുമായ വൈദ്യുതിസംവിധാനത്തിനാണ് ഇത് വഴിയൊരുക്കുന്നത്.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.


