ന്യൂഡൽഹി / 2026 / നവംബർ 02
ന്യൂഡൽഹിയിലെ ദേശീയ മൃഗശാല 2026 നവംബർ ഒന്നിന് 67ാം സ്ഥാപകദിനം ആഘോഷിച്ചു. സന്ദർശകർക്കായി സ്വതന്ത്രമായി ചിത്രങ്ങൾ വരയ്ക്കുന്ന പരിപാടിയും പക്ഷിനിരീക്ഷണ നടത്തവും സംഘടിപ്പിച്ചു. വന്യജീവി സംരക്ഷണം, ജൈവവൈവിധ്യ അവബോധം, പരിസ്ഥിതി വിദ്യാഭ്യാസം എന്നിവയോടുള്ള പ്രതിബദ്ധത പുതുക്കുന്നതായിരുന്നു ആഘോഷം. ചിത്രരചനാ പരിപാടിയെ അഭിനന്ദിച്ചും അതിൽ പങ്കെടുത്തും ഏകദേശം 1,500 സന്ദർശകർ ആവേശത്തോടെ പ്രതികരിച്ചു. പ്രത്യേകിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കും സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനും വന്യജീവികളെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും പരിപാടി അവസരമൊരുക്കി.

മൃഗശാല കാഴ്ചകൾക്കൊപ്പം പഠനത്തിനും ഗവേഷണത്തിനും
മൃഗശാലയുടെ യാത്രയിലെ പ്രധാന നാഴികക്കല്ലാണ് 67ാം സ്ഥാപകദിനമെന്ന് ഡയറക്ടർ ഡോ. സഞ്ജീത് കുമാർ പറഞ്ഞു. വന്യജീവി സംരക്ഷണം, മൃഗക്ഷേമം, ജൈവവൈവിധ്യ സംരക്ഷണം, പൊതുജനപങ്കാളിത്തം എന്നിവയോടുള്ള പ്രതിബദ്ധത പുതുക്കാനുള്ള അവസരമാണിത്. ആധുനിക മൃഗശാല മൃഗങ്ങളെ കാണാനുള്ള ഇടം മാത്രമല്ല. സംരക്ഷണത്തിനും പഠനത്തിനും ഗവേഷണത്തിനും പ്രചോദനത്തിനുമുള്ള കേന്ദ്രം കൂടിയാണ്. അറിവോടെയും ഉത്തരവാദിത്വത്തോടെയുമുള്ള തീരുമാനങ്ങളിലൂടെ ഓരോ സന്ദർശകനും, പ്രത്യേകിച്ച് ഓരോ കുട്ടിക്കും, പ്രകൃതിയുടെ സന്ദേശവാഹകരാകാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മൃഗശാലയുമായി ബന്ധപ്പെടാനും സമ്പന്നമായ ജൈവവൈവിധ്യത്തെക്കുറിച്ച് പഠിക്കാനും വരുംതലമുറകൾക്കായി വന്യജീവികളെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിൽ പങ്കാളികളാകാനും അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു.
പക്ഷിനിരീക്ഷണ നടത്തത്തിന്റെ പത്തൊൻപതാം പതിപ്പ്
ജൈവവൈവിധ്യ നിരീക്ഷണത്തിലും വന്യജീവി സംരക്ഷണത്തിലും പൊതുജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ മൃഗശാല ഞായറാഴ്ച പക്ഷിനിരീക്ഷണ നടത്തത്തിന്റെ പത്തൊൻപതാം പതിപ്പ് സംഘടിപ്പിച്ചു. രാവിലെ ഏഴര മുതൽ പത്തര വരെയായിരുന്നു പരിപാടി. പക്ഷിശാസ്ത്രജ്ഞൻ ഡോ. പരിതോഷ് അഹമ്മദിന്റെ വിദഗ്ധ മാർഗനിർദേശത്തിലും സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയുമാണ് നടത്തം നടന്നത്. പക്ഷിനിരീക്ഷണത്തിൽ താൽപ്പര്യമുള്ളവർ, പ്രകൃതിസ്നേഹികൾ, വിദ്യാർഥികൾ, വന്യജീവി ഫോട്ടോഗ്രാഫർമാർ, ജൈവവൈവിധ്യത്തിൽ താൽപ്പര്യമുള്ള പൗരന്മാർ എന്നിവരടക്കം 18 പേർ പങ്കെടുത്തു.

46 ഇനങ്ങളിലായി അഞ്ഞൂറിലധികം പക്ഷികളെ കണ്ടു
നിശ്ചിത പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിൽ പങ്കെടുത്തവർ 46 പക്ഷിയിനങ്ങൾ രേഖപ്പെടുത്തി. അഞ്ഞൂറിലധികം പക്ഷികളെയും കണ്ടു. ഈ നിരീക്ഷണങ്ങൾ സ്ഥലത്തെ ജൈവവൈവിധ്യം രേഖപ്പെടുത്താൻ സഹായിച്ചു. പൊതുജനങ്ങൾ പങ്കാളികളാകുന്ന ശാസ്ത്രീയ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാനുള്ള അവസരവും ലഭിച്ചു. പക്ഷികളുടെ പരിസ്ഥിതിബന്ധങ്ങൾ, പെരുമാറ്റം, സംരക്ഷണം എന്നിവയെക്കുറിച്ച് വിദഗ്ധൻ വിശദീകരിച്ചു. സ്വാഭാവിക കീടനിയന്ത്രണം ഉൾപ്പെടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പക്ഷികൾക്കുള്ള പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവാസവ്യവസ്ഥയുടെ ആരോഗ്യനില തിരിച്ചറിയാനുള്ള സൂചകങ്ങളായും പക്ഷികൾ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിച്ചു.
പങ്കെടുക്കാൻ മുൻകൂർ രജിസ്ട്രേഷൻ നിർബന്ധം
പ്രകൃതിനടത്തങ്ങൾ നേരിട്ട് ജീവജാലങ്ങളെ തിരിച്ചറിയാനുള്ള കഴിവ് മെച്ചപ്പെടുത്തുമെന്ന് പങ്കെടുത്തവരോട് സംസാരിച്ച ഡയറക്ടർ പറഞ്ഞു. പരിസ്ഥിതിയിലെ പരസ്പരബന്ധങ്ങളും ഭക്ഷ്യജാലങ്ങളും കൂടുതൽ മനസ്സിലാക്കാനും ജൈവവൈവിധ്യം രേഖപ്പെടുത്താനും ഇവ സഹായിക്കും. വന്യജീവി സംരക്ഷണത്തോട് നിലനിൽക്കുന്ന താൽപ്പര്യം വളർത്താനും ഇത്തരം പരിപാടികൾക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലപ്രദമായ പഠനവും പങ്കാളിത്തവും ഉറപ്പാക്കാൻ ഓരോ ഞായറാഴ്ച പക്ഷിനിരീക്ഷണ നടത്തത്തിലും 20 മുതൽ 25 വരെ പേർക്കാണ് അവസരം. മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് ആദ്യം അവസരം ലഭിക്കും. എല്ലാ ആഴ്ചയും തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ രജിസ്ട്രേഷൻ ഫോം ലഭ്യമാകും. ദേശീയ മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലും എൻസെഡ്പി സാഥി മൊബൈൽ ആപ്പിലും രജിസ്ട്രേഷൻ ലിങ്കുണ്ട്.
.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.