ന്യൂഡൽഹി / 2026 / ഒക്ടോബർ 31
രാജ്യത്തെ ചെറുകിട പലചരക്കുകടകളുടെ ചരക്കുവാങ്ങലും വിതരണവും ഡിജിറ്റലാക്കാനുള്ള നടപടികൾ ചർച്ചചെയ്ത് ഭാരത് കൊമേഴ്സ് ചിന്തൻ ശിവിർ ന്യൂഡൽഹിയിലെ വാണിജ്യഭവനിൽ നടന്നു. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അധ്യക്ഷനായി. വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പും ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സും ചേർന്നാണ് കമ്പനി മേധാവികളുടെ ഉന്നതതല വട്ടമേശയോഗം സംഘടിപ്പിച്ചത്. നിത്യോപയോഗ ഉൽപ്പന്നമേഖലയിലെ പ്രമുഖ കമ്പനികളിൽനിന്നുള്ള നാൽപ്പതിലേറെ നേതാക്കൾ പങ്കെടുത്തു. ഒഎൻഡിസിയുടെ ഡിജിദുകാൻ വഴി പരമ്പരാഗത വ്യാപാരമേഖലയെ ശക്തിപ്പെടുത്താനും ഡിജിറ്റലാക്കാനുമുള്ള പൊതുവായ പ്രവർത്തനരേഖയാണ് യോഗം ചർച്ചചെയ്തത്.
ചെറുകടകളെ കേന്ദ്രീകരിച്ചുള്ള ഡിജിറ്റൽ സംവിധാനത്തിന് ആഹ്വാനം
ചെറുകിട വ്യാപാരികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി തുറന്ന ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഒരുക്കിയാൽ അവർ അത് സ്വീകരിക്കുമെന്നതിന് ഡിജിദുകാൻ ഉദാഹരണമാണെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. ലോകത്തിന് ഇന്ത്യയിൽനിന്ന് പഠിക്കാവുന്ന മറ്റൊരു മാതൃകയായി ഇത് മാറണം. ചരക്കുവാങ്ങൽ കൂടുതൽ ലളിതവും സുതാര്യവുമാക്കുകയും വിതരണക്കാരെ ശക്തിപ്പെടുത്തുകയും ചെയ്താൽ കടകളുടെ പ്രവർത്തനമൂലധനത്തിൽ കൂടുതൽ തുക ലഭ്യമാക്കാനും വളർച്ചയ്ക്ക് സഹായിക്കാനും കഴിയും. പദ്ധതി രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാൻ നിത്യോപയോഗ ഉൽപ്പന്ന കമ്പനികൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാജ്യത്തെ ചില്ലറവ്യാപാരമേഖലയുടെ, പ്രത്യേകിച്ച് വിപുലമായ പലചരക്കുകട ശൃംഖലയുടെ, ഡിജിറ്റൽ മാറ്റത്തിന് തുറന്ന ഡിജിറ്റൽ അടിസ്ഥാനസൗകര്യം നിർണായകമാണെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി അമർദീപ് സിങ് ഭാട്ടിയ പറഞ്ഞു. വ്യത്യസ്ത സംവിധാനങ്ങൾക്ക് പരസ്പരം ബന്ധപ്പെട്ടു പ്രവർത്തിക്കാവുന്ന തുറന്ന ശൃംഖലയിലൂടെ സമീപപ്രദേശങ്ങളിലെ കടകൾക്ക് ഡിജിറ്റലായി ചരക്കുകൾ വാങ്ങാനും മാറുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ കൂടുതൽ ഫലപ്രദമായി പങ്കാളികളാകാനും കഴിയും. വ്യാപാരികളെയും ഉൽപ്പന്ന കമ്പനികളെയും വിതരണക്കാരെയും പൊതുശൃംഖലയിൽ ബന്ധിപ്പിക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായ വ്യാപാരസംവിധാനമാണ് വകുപ്പും ഒഎൻഡിസിയും ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ വിതരണബന്ധം നിലനിർത്തി ചരക്കുവാങ്ങൽ എളുപ്പമാക്കും
രാജ്യത്തിന്റെ ചില്ലറവ്യാപാര സമ്പദ്വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുകയും ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ ഉപജീവനത്തിന് പിന്തുണ നൽകുകയും ചെയ്യുന്ന പരമ്പരാഗത വ്യാപാരമേഖലയെ വീണ്ടും ശക്തിപ്പെടുത്തുന്നതിലായിരുന്നു ചർച്ചകളുടെ ഊന്നൽ. ഡിജിറ്റൽ ചരക്കുവാങ്ങൽ വേഗത്തിലാക്കാനും വിതരണശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ചെറുകടകളുടെ മത്സരശേഷി ഉയർത്താനും കമ്പനികളും വിതരണക്കാരും വ്യവസായമേഖലയിലെ മറ്റ് പങ്കാളികളും സ്ഥാപനതലത്തിൽ കൂടുതൽ പ്രതിബദ്ധത കാണിക്കണമെന്ന് യോഗം വിലയിരുത്തി. പൊതുവായ ഡിജിറ്റൽ അടിസ്ഥാനസൗകര്യം, പങ്കിട്ട സേവനങ്ങൾ, വാണിജ്യപരമായി നിലനിൽക്കുന്ന മാതൃകകൾ എന്നിവയിലൂടെ പങ്കാളികളെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. ഹിന്ദുസ്ഥാൻ യൂണിലിവർ, കൊക്കകോള ഇന്ത്യ, ഐടിസി, പി ആൻഡ് ജി, മാരികോ, കെവിൻകെയർ, പിഡിലൈറ്റ്, ബ്രിട്ടാനിയ, അദാനി വിൽമർ, എൽടി ഫുഡ്സ്, അൻമോൽ ഇൻഡസ്ട്രീസ്, ഹൽദിറാംസ്, ഇമാമി, വീബ, നിലോൺസ് എന്നിവയുടെ മുതിർന്ന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ചരക്കുനീക്ക സേവനദാതാക്കളും സാങ്കേതിക പങ്കാളികളും ഒഎൻഡിസി ശൃംഖലയിലെ അംഗങ്ങളും സന്നിഹിതരായിരുന്നു.
ചെറുകടകളെ ചരക്കുവാങ്ങുന്നവരെന്ന നിലയിൽ ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതാണ് ഡിജിദുകാന്റെ പ്രവർത്തനരീതി. ഒറ്റ ഡിജിറ്റൽ സംവിധാനത്തിലൂടെ വിവിധ ബ്രാൻഡുകളുടെയും വിതരണക്കാരുടെയും മൊത്തവ്യാപാരികളുടെയും ഉൽപ്പന്നങ്ങൾ കണ്ടെത്താനും ഓർഡർ നൽകാനും കഴിയും. വില, വ്യാപാര ആനുകൂല്യങ്ങൾ, ഉൽപ്പന്നങ്ങളുടെ ലഭ്യത എന്നിവയും കൂടുതൽ വ്യക്തമായി അറിയാം. നിലവിലെ വിതരണബന്ധങ്ങളെ മാറ്റിസ്ഥാപിക്കാതെ ശക്തിപ്പെടുത്തുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. പിന്നീട് പങ്കിട്ട ചരക്കുനീക്ക സേവനങ്ങളും ഔദ്യോഗിക വായ്പകളും മറ്റ് സേവനങ്ങളും ലഭ്യമാക്കാവുന്ന പൊതുഡിജിറ്റൽ അടിത്തറയും ഇതിലൂടെ സൃഷ്ടിക്കും. പരമ്പരാഗത വ്യാപാരശൃംഖലയിൽ പങ്കാളികളാകുന്നതിനുള്ള സങ്കീർണതയും ചെലവും കുറയ്ക്കുകയാണ് ലക്ഷ്യം.
ഡിജിറ്റൽ തിരിച്ചറിയൽ മുതൽ വായ്പവരെ അഞ്ചു മേഖലകളിൽ ചർച്ച
പരമ്പരാഗത വ്യാപാരമേഖലയെ ശക്തിപ്പെടുത്താൻ അഞ്ചു പ്രധാന മേഖലകളാണ് യോഗം ചർച്ചചെയ്തത്. വിവിധ ബ്രാൻഡുകളുമായും വിതരണക്കാരുമായും സേവനദാതാക്കളുമായും എളുപ്പത്തിൽ ഇടപെടാൻ കടകൾക്ക് പൊതുവായ ഡിജിറ്റൽ തിരിച്ചറിയൽ ഒരുക്കുന്നതാണ് ആദ്യത്തേത്. പങ്കിട്ട ചരക്കുനീക്ക സംവിധാനങ്ങളും ചെറുസംഭരണ കേന്ദ്രങ്ങളും ഒരുക്കുന്നതാണ് രണ്ടാമത്തേത്. ഇതിലൂടെ വിതരണക്കാരുടെ സേവനപരിധി വർധിപ്പിക്കാനും നിലവിലെ വിതരണപാതകൾക്ക് പുറത്തുള്ള പ്രദേശങ്ങളിൽ ഉൾപ്പെടെ അടുത്ത ദിവസംതന്നെ ആവശ്യമായ ചരക്കുകൾ എത്തിക്കാനും ലക്ഷ്യമിടുന്നു. ഡിജിറ്റൽ ചരക്കുവാങ്ങലും ഇടപാടുകളും അടിസ്ഥാനമാക്കിയ ധനസഹായത്തിലൂടെ ഔദ്യോഗിക വായ്പ ലഭ്യത വർധിപ്പിക്കുന്നതാണ് മൂന്നാമത്തെ മേഖല. പ്രവർത്തനമൂലധനം ലഭ്യമാക്കാനും വിതരണക്കാരിൽനിന്നുള്ള അനൗപചാരിക കടത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും.
സാങ്കേതിക സംവിധാനങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് നാലാമത്തെ മേഖല. നേരിട്ട് ബന്ധിപ്പിച്ച് ഉപയോഗിക്കാവുന്ന വിതരണ മാനേജ്മെന്റ് സിസ്റ്റം കണക്ടറുകൾ, ഏകീകൃത ഉൽപ്പന്നപ്പട്ടികകൾ, പൊതുവായ ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലൂടെ ശൃംഖലയിൽ ചേരുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കൂടുതൽ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ചർച്ച നടന്നു. കമ്പനികൾ, വിൽപ്പനസംഘങ്ങൾ, വിതരണക്കാർ, മറ്റ് വ്യാപാരപങ്കാളികൾ എന്നിവർക്കുള്ള വാണിജ്യ പ്രോത്സാഹനങ്ങൾ പുനഃക്രമീകരിക്കുന്നതാണ് അഞ്ചാമത്തെ മേഖല. ഡിജിറ്റൽ ഓർഡറുകൾ സ്വീകരിക്കുന്നതും കൂടുതൽ കടകളിലേക്ക് സേവനം എത്തിക്കുന്നതും വ്യാപാരികൾ തുടർച്ചയായി സംവിധാനം ഉപയോഗിക്കുന്നതും ശൃംഖലയിലെ എല്ലാവർക്കും സാമ്പത്തികമായി പ്രയോജനകരമാക്കുകയാണ് ലക്ഷ്യം.
ഹൈദരാബാദിൽ ആവർത്തിച്ചുള്ള പ്രതിമാസ ഓർഡറുകൾ 73 മുതൽ 78 ശതമാനംവരെ
2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് ഹൈദരാബാദ്, ജയ്പുർ, മുംബൈ എന്നീ നഗരങ്ങളിലായി 21,000ത്തിലേറെ വ്യാപാരികളെ 450ലേറെ ബ്രാൻഡുകളുമായി ഡിജിദുകാൻ ബന്ധിപ്പിച്ചിട്ടുണ്ട്. മുൻപത്തെ പാദത്തിൽ വ്യാപാരികളുടെ എണ്ണം 12,000ത്തിലേറെയായിരുന്നു. ഹൈദരാബാദിൽ മാത്രം 16,000ത്തിലേറെ വ്യാപാരികൾ ശൃംഖലയിൽ ചേർന്നു. ഇവിടെ പ്രതിമാസം വീണ്ടും ഓർഡർ നൽകുന്നവരുടെ നിരക്ക് 73 മുതൽ 78 ശതമാനംവരെയാണ്. ഒഎൻഡിസിയുടെ പ്രാരംഭ വ്യാപാരി പഠനത്തിൽ പങ്കെടുത്തവരിൽ 40 ശതമാനംപേർ, ഡിജിദുകാൻ വഴി വാങ്ങിയ ഉൽപ്പന്നങ്ങളുടെ കരുതൽശേഖരം കുറഞ്ഞതായി അറിയിച്ചു. പ്രവർത്തനമൂലധനം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. സുനിൽ ജെ. സിംഘിയുടെ അധ്യക്ഷതയിലുള്ള ദേശീയ വ്യാപാരി ക്ഷേമ ബോർഡും പദ്ധതി വ്യാപിപ്പിക്കാൻ ഒഎൻഡിസിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. പ്രാദേശിക വ്യാപാരസംഘടനകളെ അണിനിരത്തുക, വ്യാപാരികളുടെ പങ്കാളിത്തം കൂട്ടുക, ഡിജിറ്റൽ ചരക്കുവാങ്ങലിന്റെയും കാര്യക്ഷമമായ വിതരണശൃംഖലയുടെയും നേട്ടങ്ങൾ ചെറുസംരംഭങ്ങൾക്ക് ലഭ്യമാക്കുക എന്നിവയിലാണ് സഹകരണം കേന്ദ്രീകരിക്കുന്നത്.
വിതരണക്കാരുടെ ബില്ലിങ്, പ്രിന്റിങ്, ഓർഡർ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ വലിയതോതിൽ ഓൺലൈനായിട്ടുണ്ടെങ്കിലും കുടുംബങ്ങൾ നടത്തുന്ന മിക്ക ചെറുകടകളും ഇപ്പോഴും പേനയും കടലാസും ഓർമയും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഒഎൻഡിസി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിഭോർ ജെയിൻ പറഞ്ഞു. ഈ കടകളെ ചരക്കുവാങ്ങുന്നവരെന്ന നിലയിൽ ഡിജിറ്റലാക്കുന്നതിനൊപ്പം നിലവിലെ വിതരണശൃംഖലയെ ശക്തിപ്പെടുത്തുകയാണ് ഡിജിദുകാൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്ഥാൻ യൂണിലിവർ, മാരികോ, കോൾഗേറ്റ് പാമോലീവ്, ഇമാമി, അമുൽ എന്നിവ വിതരണശൃംഖലകൾ വഴി പദ്ധതിയിൽ പങ്കാളികളാണ്. ഐടിസി, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ബ്രിട്ടാനിയ എന്നിവ വിവിധ ഘട്ടങ്ങളിലുള്ള സംയോജനത്തിലോ ചർച്ചകളിലോ ആണ്. പേടിഎം ഫോർ ബിസിനസ്, ക്വിപ്പോ, മൾട്ടിപ്ലൈ ഡോട്ട് എഐ എന്നിവ ശൃംഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ബിസോം, ബോട്രീ, ക്വിഡ്പേ, ഇഎൻഎസ് തുടങ്ങിയ വിതരണ മാനേജ്മെന്റ്, സാങ്കേതിക സേവനദാതാക്കൾ സംയോജന നടപടികളുമായി മുന്നോട്ടുപോകുന്നു. ഇലാസ്റ്റിക്റൺ, ഷിപ്റോക്കറ്റ്, ഇന്ത്യ പോസ്റ്റ്, മൂവിങ് തുടങ്ങിയ ചരക്കുനീക്ക, സംഭരണ പങ്കാളികളും ശൃംഖലയുടെ ഭാഗമാണ്. തടസ്സമില്ലാത്ത ചരക്കുവാങ്ങലിനും കൂടുതൽ പ്രദേശങ്ങളിലേക്കുള്ള വിതരണത്തിനും വേഗത്തിൽ ചരക്കുകൾ വീണ്ടും എത്തിക്കുന്നതിനും ഇവ പിന്തുണ നൽകുന്നു. അടുത്ത ഘട്ടത്തിൽ മുംബൈയിൽ, പ്രത്യേകിച്ച് വടക്കൻ മുംബൈയിൽ, ബ്രാൻഡുകളുടെയും വിതരണക്കാരുടെയും പങ്കാളിത്തം വർധിപ്പിക്കും. നിലവിലുള്ള വിപണികളിലെ പ്രവർത്തനവും ശക്തിപ്പെടുത്തും.
ചില്ലറവ്യാപാരത്തിനൊപ്പം യാത്രയും വിനോദസഞ്ചാരവും ധനസേവനങ്ങളും
സംരംഭങ്ങൾക്ക് പ്രവേശനം എളുപ്പമാക്കാനും കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനുമുള്ള ശൃംഖലാ മാതൃകയിലൂടെയാണ് ഒഎൻഡിസി രാജ്യത്ത് തുറന്ന ഡിജിറ്റൽ വാണിജ്യ അടിസ്ഥാനസൗകര്യം ഒരുക്കുന്നത്. ഇതുവരെ 50 കോടിയിലേറെ ഇടപാടുകൾ ശൃംഖലയിലൂടെ നടന്നിട്ടുണ്ട്. ചില്ലറവ്യാപാരമാണ് പ്രധാന ശ്രദ്ധാമേഖല. സംരംഭങ്ങൾക്കും ഗിഗ് തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും പുതിയ അവസരങ്ങൾ തുറക്കാനുമാണ് ലക്ഷ്യം. വ്യാപാരികൾ തമ്മിലുള്ള ചരക്കുവാങ്ങൽ ഡിജിറ്റലാക്കാൻ 21,000ത്തിലേറെ വ്യാപാരികളെ ഉൾപ്പെടുത്തിയ ഡിജിദുകാനും ചില്ലറവ്യാപാര പദ്ധതികളുടെ ഭാഗമാണ്. കർഷകർ, കരകൗശല തൊഴിലാളികൾ, സഹകരണ സ്ഥാപനങ്ങൾ, മറ്റ് ചെറുകിട ഉൽപ്പാദകർ എന്നിവരുടെ ഉൽപ്പന്നങ്ങളെ ഇ കൊമേഴ്സിന് അനുയോജ്യമാക്കി കൂടുതൽ വിപണികളിലെത്തിക്കുന്ന അമേസിങ് ഇന്ത്യയും ഇതിൽ ഉൾപ്പെടുന്നു.
പൊതുഗതാഗത മേഖലയിൽ നാൽപ്പതിലേറെ ഉപഭോക്തൃ ആപ്പുകളിലൂടെ ദിവസവും അഞ്ചുലക്ഷത്തിലേറെ മെട്രോ, ബസ് യാത്രകൾക്ക് ഒഎൻഡിസി സൗകര്യമൊരുക്കുന്നു. 80,000ത്തിലേറെ വ്യാപാരികളും മുപ്പതിലേറെ ചെറുകിട, സൂക്ഷ്മ വാഹനനിര നടത്തിപ്പുകാരും ചരക്കുനീക്ക അടിസ്ഥാനസൗകര്യം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ പുരാവസ്തു സർവേയുടെ 170 സ്മാരകങ്ങളും 29 മ്യൂസിയങ്ങളും ഉൾപ്പെടെ ആയിരത്തിലേറെ വിനോദസഞ്ചാര അനുഭവങ്ങളും ശൃംഖലയിൽ ലഭ്യമാണ്. ധനസേവനങ്ങൾ കൂടുതൽ പേരിലെത്തിക്കാൻ ചെറിയ തുകകളിലുള്ള നിക്ഷേപ, വായ്പാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിക്ഷേപകരിൽ ഭൂരിഭാഗവും രണ്ടാംനിര നഗരങ്ങളിൽനിന്നും അതിനു പുറത്തുള്ള പ്രദേശങ്ങളിൽനിന്നുമുള്ളവരാണ്.
.