ന്യൂഡൽഹി / 2026 / ഒക്ടോബർ 22
കൃഷിക്കൊപ്പം സൗരോർജവും ഉൽപ്പാദിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്ന ഏഴാമത് അഗ്രിവോൾട്ടെയ്ക്സ് ലോകസമ്മേളനത്തിന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. മൂന്നുദിവസത്തെ സമ്മേളനം ബുധനാഴ്ച കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്ഘാടനം ചെയ്തു. മുകളിൽ സ്ഥാപിക്കുന്ന സോളാർ പാനലുകളിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും താഴെ കൃഷി തുടരുകയും ചെയ്യുന്ന രീതിയാണിത്. കർഷകരെ ഭക്ഷ്യോൽപ്പാദകർക്കൊപ്പം ഊർജോൽപ്പാദകരുമാക്കുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൃഷിയും സൗരോർജവും ഒരുമിപ്പിക്കുന്നത് കർഷകരുടെ സാമ്പത്തിക പുരോഗതിക്കും ലോകക്ഷേമത്തിനും പുതിയ വഴിയൊരുക്കുകയാണെന്ന് ചൗഹാൻ പറഞ്ഞു. രാജ്യത്തെ 85 ശതമാനം വരുന്ന ചെറുകിട, നാമമാത്ര കർഷകരുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയാകണം ഇതിനുള്ള നയം തയ്യാറാക്കേണ്ടത്. സാങ്കേതികവിദ്യയുടെ പ്രയോജനം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമെത്തിയ പ്രതിനിധികളെയും വേദിയിൽ ഒത്തുകൂടിയ നിരവധി കർഷകരെയും മന്ത്രി സ്വാഗതം ചെയ്തു.
ഒരേ ഭൂമിയിൽനിന്ന് വിളയും വൈദ്യുതിയും ലഭിക്കുന്നത് ഇരട്ട നേട്ടമാണെന്ന് ചൗഹാൻ വിശദീകരിച്ചു. മാങ്ങയും കിട്ടും, മാങ്ങക്കുരുവിൽനിന്നും വരുമാനം ലഭിക്കും എന്ന അർഥമുള്ള ഹിന്ദി പ്രയോഗത്തിലൂടെയാണ് അദ്ദേഹം ഇതിന്റെ പ്രയോജനം അവതരിപ്പിച്ചത്. കുറഞ്ഞ ചെലവിൽ മികച്ച ഫലം ലഭിക്കുമെന്ന മറ്റൊരു പ്രയോഗവും അദ്ദേഹം ഉപയോഗിച്ചു. വെള്ളം സംരക്ഷിക്കണമെന്ന പഴയ ചൊല്ലിനൊപ്പം ഇന്നത്തെ കാലത്ത് വൈദ്യുതിയും സംരക്ഷിക്കണമെന്ന് പറയേണ്ടതുണ്ട്. വൈദ്യുതിയില്ലെങ്കിൽ ആധുനിക ജീവിതവും കൃഷിയും നിലയ്ക്കും. അതുകൊണ്ടുതന്നെ കൃഷിയോടൊപ്പം ഊർജോൽപ്പാദനം നടത്തുന്നത് കർഷകക്ഷേമത്തിനായുള്ള പ്രധാന നടപടികളിലൊന്നാണെന്നും മന്ത്രി പറഞ്ഞു.
ചെറിയ കൃഷിയിടത്തിലും നടപ്പാക്കാനാകണം
ഭക്ഷ്യസുരക്ഷയ്ക്കായി ധാന്യങ്ങൾ ഇറക്കുമതി ചെയ്തിരുന്ന രാജ്യത്തുനിന്ന് ഗോതമ്പും അരിയും നിറഞ്ഞുനിൽക്കുന്ന സംഭരണശാലകളുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് ചൗഹാൻ പറഞ്ഞു. കർഷകരുടെ കഠിനാധ്വാനവും സമർപ്പണവുമാണ് ഇതിന് പിന്നിൽ. കാർഷിക മേഖല 4.5 ശതമാനം വളർച്ച നിലനിർത്തുന്നു. കാർഷികോൽപ്പന്ന കയറ്റുമതി റെക്കോർഡായ 5,255 കോടി അമേരിക്കൻ ഡോളറിലെത്തി. പയർവർഗങ്ങൾക്കും എണ്ണക്കുരുക്കൾക്കും പ്രത്യേക പ്രാധാന്യം നൽകി 2026–27 റാബി സീസണിലെ വിതയ്ക്കൽ അടുത്തിടെ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഈ നേട്ടങ്ങൾ നിലനിർത്താനും രാജ്യത്തിന്റെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റാനും പുതിയ സമീപനങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ശരാശരി കൃഷിഭൂമിയുടെ വലുപ്പം 0.96 ഹെക്ടർ മാത്രമാണെന്ന് ശാസ്ത്രജ്ഞരെയും നയരൂപകർത്താക്കളെയും ചൗഹാൻ ഓർമിപ്പിച്ചു. 85 ശതമാനത്തിലേറെ കർഷകരും ചെറുകിട, നാമമാത്ര വിഭാഗക്കാരാണ്. കൃഷി ഉപേക്ഷിച്ച് ഭൂമി മുഴുവൻ സൗരോർജനിലയമാക്കാൻ ഇവർക്ക് കഴിയില്ല. പരീക്ഷണങ്ങൾക്കായി ലബോറട്ടറികൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ധനസഹായം ലഭിച്ചേക്കാം. എന്നാൽ കർഷകർ മുടക്കുന്നത് കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ്. അതിനാൽ ചെറിയ കൃഷിയിടങ്ങളിലും പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്ന മാതൃക വേണം. ഒരു സാഹചര്യത്തിലും കാർഷികോൽപ്പാദനം തടസ്സപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി.
സോളാർ പാനലുകൾക്കടിയിൽ ഏതാനും വിളകൾ നട്ടതുകൊണ്ടുമാത്രം ലക്ഷ്യം കൈവരിക്കാനാകില്ല. പാനലുകളുടെ ഉയരം, താങ്ങുകൾ തമ്മിലുള്ള അകലം, നിലം ഉഴുന്നതിനുള്ള സൗകര്യം എന്നിവ കൃത്യമായി രൂപകൽപ്പന ചെയ്യണം. കർഷകർക്ക് കാര്യക്ഷമമായി കൃഷി നടത്താനാകണം. ഓരോ വർഷവും ഇഷ്ടമുള്ള വിളകൾ തിരഞ്ഞെടുക്കാനും വിളക്രമം മാറ്റാനും കഴിയണം. ഇതൊന്നും കാർഷിക ഉൽപ്പാദനക്ഷമതയെ ബാധിക്കരുതെന്നും ചൗഹാൻ നിർദേശിച്ചു.
വൈദ്യുതിക്ക് കൃത്യമായ പണം; ഗ്രാമങ്ങളിൽ തൊഴിൽ
പദ്ധതികൾ തുടങ്ങുന്നതിന് മുമ്പുതന്നെ പ്രായോഗിക വെല്ലുവിളികൾ പരിഹരിക്കണമെന്ന് ചൗഹാൻ ആവശ്യപ്പെട്ടു. പാനലുകളിൽനിന്ന് താഴേക്ക് വീഴുന്ന മഴവെള്ളം സുരക്ഷിതമായി ഒഴുക്കാനും ശേഖരിക്കാനും ഉറപ്പുള്ള സംവിധാനം വേണം. കൃഷിയിടത്തിലെ മണ്ണൊലിപ്പ് തടയാനും ഓരോ തുള്ളി വെള്ളവും പ്രയോജനപ്പെടുത്താനും ഇതിലൂടെ കഴിയണം. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങുന്നതിനും പദ്ധതികളെ വൈദ്യുതിശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനും വിശ്വസനീയമായ ക്രമീകരണങ്ങൾ ആവശ്യമാണ്. കർഷകർക്ക് സുതാര്യമായും സമയബന്ധിതമായും പണം ലഭിക്കുന്നുവെന്നും ഉറപ്പാക്കണം.
കർഷക ഉൽപ്പാദക സംഘടനകളെ പദ്ധതിയിൽ സജീവമായി പങ്കെടുപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും അറ്റകുറ്റപ്പണി നടത്താനും പരിപാലിക്കാനും ഗ്രാമങ്ങളിലെ യുവാക്കൾക്കും സ്ത്രീകൾക്കും പരിശീലനം നൽകണം. ഇതിലൂടെ ഗ്രാമങ്ങളിൽത്തന്നെ വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. കമ്പനി പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചാലോ കരാർ അവസാനിക്കുമ്പോൾ പാനലുകൾ നീക്കം ചെയ്യേണ്ടിവന്നാലോ കർഷകർക്ക് സാമ്പത്തികബാധ്യതയോ പാനലുകൾ നീക്കുന്നതുൾപ്പെടെയുള്ള ജോലിഭാരമോ വരരുത്. ഇതിനുള്ള സംരക്ഷണ വ്യവസ്ഥകളും ഉത്തരവാദിത്വങ്ങളും തുടക്കത്തിൽത്തന്നെ നിശ്ചയിക്കണം. പദ്ധതിയുടെ മുഴുവൻ കാലയളവിലും കർഷകരുടെ താൽപ്പര്യം സംരക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര നവീന, പുനരുപയോഗ ഊർജമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തെ ചൗഹാൻ അഭിനന്ദിച്ചു. പദ്ധതി വിജയിപ്പിക്കാൻ കൃഷിമന്ത്രാലയം നവീന, പുനരുപയോഗ ഊർജമന്ത്രാലയത്തിനൊപ്പം പ്രവർത്തിക്കുമെന്നും ഉറപ്പുനൽകി. കാർഷികോൽപ്പാദനം നിലനിർത്തുകയും പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുകയും കർഷകരുടെ സാമ്പത്തികനില മെച്ചപ്പെടുത്തുകയും ചെയ്യുന്ന മാതൃകയ്ക്ക് ഇരുമന്ത്രാലയങ്ങളുടെയും അടുത്ത ഏകോപനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോസിൽ ഇതര ഊർജശേഷി 308 ഗിഗാവാട്ട് കടന്നു
ഇതുവരെ നടന്ന അഗ്രിവോൾട്ടെയ്ക്സ് അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ഏറ്റവും വലുതും ചരിത്രപ്രാധാന്യമുള്ളതുമാണ് ഏഴാമത് സമ്മേളനമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ, നവീന പുനരുപയോഗ ഊർജമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. റെക്കോർഡ് പങ്കാളിത്തം കാരണം അധിക ഹാളുകൾ ഒരുക്കേണ്ടിവന്നു. ലോകരാജ്യങ്ങൾ സാമ്പത്തിക വെല്ലുവിളികൾ നേരിടുമ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടരുകയാണ്. നടപ്പു സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 7.8 ശതമാനം വളർന്നതായും അദ്ദേഹം പറഞ്ഞു.
2014ന് മുമ്പ് ഏകദേശം 249 ഗിഗാവാട്ടായിരുന്ന ഇന്ത്യയുടെ ആകെ വൈദ്യുതോൽപ്പാദനശേഷി ഇപ്പോൾ 560 ഗിഗാവാട്ട് കടന്നതായി ജോഷി അറിയിച്ചു. ഇതിൽ ഫോസിൽ ഇതര സ്രോതസ്സുകളിൽനിന്നുള്ള സ്ഥാപിത ശേഷി 308 ഗിഗാവാട്ടിലേറെയാണ്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ മാത്രം 100 ഗിഗാവാട്ട് കൂട്ടിച്ചേർത്തു. വൻതോതിലുള്ള ഉൽപ്പാദനത്തിലൂടെ ഇത്തരം വൈദ്യുതിയുടെ ചെലവും കുറഞ്ഞു. 2012–13ൽ യൂണിറ്റിന് 11 രൂപയായിരുന്നത് ഇപ്പോൾ 2.60 രൂപയായി. പുനരുപയോഗ ഊർജമേഖലയിലെ ഇന്ത്യയുടെ കരുത്തും കൃഷിയിൽ ഇതിന്റെ ഉപയോഗം വിപുലീകരിക്കാനുള്ള അവസരങ്ങളുമാണ് ഈ മാറ്റങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം ഉദ്ധരിച്ച്, ഇന്ത്യയിലെ 11.6 കോടി ഹെക്ടർ കാർഷികഭൂമിയിൽ 4.75 കോടി ഹെക്ടർ അഗ്രിവോൾട്ടെയ്ക്സിന് സാങ്കേതികമായി അനുയോജ്യമാണെന്ന് ജോഷി പറഞ്ഞു. ഇത് ഏകദേശം 30 ശതമാനമാണെന്നും അദ്ദേഹം പരാമർശിച്ചു. അനുയോജ്യമായ ഭൂമിയുടെ പകുതിയും മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ്. ഈ ഭൂമിയുടെ പത്ത് ശതമാനത്തിൽ മാത്രം പദ്ധതി നടപ്പാക്കിയാൽ 2050 വരെയുള്ള ഇന്ത്യയുടെ പ്രതീക്ഷിത വൈദ്യുതി ആവശ്യം മുഴുവൻ നിറവേറ്റാനാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. വൈദ്യുതോൽപ്പാദനത്തിനൊപ്പം വിളവിൽ പത്ത് മുതൽ ഇരുപത് ശതമാനം വരെ വർധന കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൃഷി തുടരുന്നതിനൊപ്പം ദീർഘകാല ഊർജാവശ്യങ്ങൾ നിറവേറ്റാനും ഇതിലൂടെ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
പി എം കുസുമിന്റെ അടുത്തഘട്ടത്തിൽ വൻ പദ്ധതി
പി എം കുസും പദ്ധതിയിൽ ഇതുവരെ 30 ലക്ഷം കാർഷിക പമ്പുകൾ സൗരോർജവുമായി ബന്ധിപ്പിച്ചതായി ജോഷി അറിയിച്ചു. രാത്രിയിൽ ജലസേചനം നടത്തുന്നതിലെ അപകടങ്ങളും ബുദ്ധിമുട്ടുകളും ഇതിലൂടെ കർഷകർക്ക് ഒഴിവാക്കാനായി. പകൽ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കാനും വഴിയൊരുങ്ങി. പദ്ധതിയുടെ അടുത്തഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വിപുലമായ അഗ്രിവോൾട്ടെയ്ക്സ് പരിപാടിക്ക് സർക്കാർ ഉടൻ തുടക്കമിടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പഠനങ്ങൾ പ്രകാരം ഈ മേഖലയിൽ ഏകദേശം 3.32 ലക്ഷം മുഴുവൻസമയ പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. യുവാക്കൾക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കുന്നതിലൂടെ ഉപജീവനത്തിനായി ജില്ലാ ആസ്ഥാനങ്ങളിലേക്കും വൻനഗരങ്ങളിലേക്കും കുടിയേറേണ്ട സാഹചര്യം കുറയും. പുനരുപയോഗ ഊർജത്തിന്റെ വ്യാപനത്തിനും സ്ഥിരതയുള്ള ഗ്രാമീണ തൊഴിലവസരങ്ങൾക്കും പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര നവീന, പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് യെസ്സോ നായിക്, ഇന്ത്യയിലെയും ഭൂട്ടാനിലെയും ജർമൻ അംബാസഡർ ഡോ. ജാസ്പർ വീക്, നവീന പുനരുപയോഗ ഊർജമന്ത്രാലയ സെക്രട്ടറി സന്തോഷ് കുമാർ സാരംഗി, കൃഷി കർഷകക്ഷേമ വകുപ്പ് സെക്രട്ടറി അതീഷ് ചന്ദ്ര എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡയറക്ടർ ജനറലുമായ ഡോ. മാംഗി ലാൽ ജാട്ട്, അന്താരാഷ്ട്ര സൗരോർജ സഖ്യം ഡയറക്ടർ ജനറൽ ആശിഷ് ഖന്ന എന്നിവരും വേദിയിലുണ്ടായിരുന്നു.
അഗ്രിവോൾട്ടെയ്ക്സുമായി ബന്ധപ്പെട്ട പ്രധാന സാങ്കേതിക ഉപകരണങ്ങളും വിവരസാമഗ്രികളും ഉദ്ഘാടനച്ചടങ്ങിൽ പുറത്തിറക്കി. കൃഷിയിടങ്ങളിൽ അറിവോടെയും കൃത്യതയോടെയും തീരുമാനങ്ങളെടുക്കാൻ കർഷകരെയും മറ്റു ബന്ധപ്പെട്ടവരെയും സഹായിക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രായോഗികമായി നടപ്പാക്കാനും കൃഷിയെയും സൗരോർജോൽപ്പാദനത്തെയും കൂടുതൽ ഫലപ്രദമായി ഒരുമിപ്പിക്കാനും ഇവ സഹായിക്കും.
