ന്യൂഡൽഹി / 2026 / ഒക്ടോബർ 21
രാജ്യവ്യാപകമായി നടക്കുന്ന പ്രത്യേക ശുചിത്വ പ്രചാരണത്തിന്റെ ആറാം ഘട്ടത്തിൽ നാലായിരത്തോളം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ. ഒക്ടോബർ രണ്ടിന് ആരംഭിച്ച പരിപാടിയിൽ ഇതുവരെ ഏകദേശം 1.3 ലക്ഷം ചതുരശ്ര അടി സ്ഥലം ഉപയോഗയോഗ്യമാക്കി. ഇലക്ട്രോണിക് ഉപകരണങ്ങളടക്കമുള്ള പാഴ്വസ്തുക്കൾ വിറ്റതിലൂടെ ഏകദേശം പത്ത് ലക്ഷം രൂപയും ലഭിച്ചു.
കാർഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പും ഐസിഎആറും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൗൺസിലിന്റെ 114 സ്ഥാപനങ്ങൾക്കൊപ്പം പ്രാദേശിക കേന്ദ്രങ്ങളും കാർഷിക സാങ്കേതികവിദ്യാ പ്രയോഗ ഗവേഷണ സ്ഥാപനങ്ങളും കൃഷിവിജ്ഞാന കേന്ദ്രങ്ങളും പങ്കെടുക്കുന്നു. വൃത്തിയുള്ള തൊഴിലിടങ്ങൾ ഒരുക്കാനും മാലിന്യം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനും പൊതുജനപങ്കാളിത്തം വർധിപ്പിക്കാനുമാണ് ശ്രമം.
ഗാന്ധിജയന്തി ദിനത്തിൽ ഡൽഹിയിലെ പൂസ ദേശീയ കാർഷിക ശാസ്ത്ര സമുച്ചയത്തിലടക്കം ശുചീകരണം നടത്തിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. ഒക്ടോബർ 31 വരെ പരിപാടികൾ തുടരും. ശുചിത്വം ഒരു മാസത്തെ പ്രവർത്തനമായി ഒതുക്കാതെ വർഷം മുഴുവൻ പിന്തുടരണമെന്നാണ് അധികൃതരുടെ ആഹ്വാനം.
സ്ഥാപനങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കും
സ്ഥാപനവളപ്പുകൾക്കൊപ്പം ഗ്രാമങ്ങളും റോഡുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കുന്നുണ്ട്. പ്രത്യേക ഗ്രാമസഭകളും ശുചിത്വയോഗങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. മാലിന്യക്കൂടുകൾ സ്ഥാപിക്കുകയും വൃത്തിയാക്കിയ ഇടങ്ങളിൽ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു.
ഉപയോഗശൂന്യമായ പഴയ സാധനങ്ങൾ കണ്ടെത്തി നീക്കുന്നതിനൊപ്പം പഴയ ഫയലുകളും പരിശോധിക്കുന്നു. ചട്ടപ്രകാരം ഒഴിവാക്കാവുന്ന രേഖകൾ നീക്കി സ്ഥലവും രേഖാസംരക്ഷണ സംവിധാനവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ശുചീകരണത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളിലൂടെ മാറ്റങ്ങൾ രേഖപ്പെടുത്തുന്നുമുണ്ട്.
മാലിന്യവും ഇനി വിഭവം
കുളവാഴയിൽനിന്ന് മണ്ണിരക്കമ്പോസ്റ്റ് നിർമിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളും പ്രചാരണത്തിന്റെ ഭാഗമാണ്. പാഴ്വസ്തുക്കൾ ഉപയോഗിച്ച് കലാസൃഷ്ടികളും ഉപകാരപ്രദമായ ഉൽപ്പന്നങ്ങളും നിർമിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കാനും പ്രത്യേക ശ്രദ്ധ നൽകുന്നു.
ശ്രീ വിജയപുരത്തെ കേന്ദ്ര ദ്വീപ് കാർഷിക ഗവേഷണ സ്ഥാപനത്തിൽ കാലിത്തൊഴുത്തുകൾ കഴുകിയ വെള്ളം തീറ്റപ്പുൽ കൃഷിക്ക് ഉപയോഗിക്കുന്നു. മൃഗങ്ങളുടെ ചാണകം മണ്ണിരക്കമ്പോസ്റ്റ് നിർമാണത്തിനും ഉപയോഗിക്കുന്നു. വെള്ളവും പോഷകങ്ങളും പാഴാകാതെ തിരിച്ചുപയോഗിക്കുന്ന രീതിയാണ് ഇവിടെ നടപ്പാക്കുന്നത്.
ശുചീകരണ തൊഴിലാളികൾക്ക് ആദരം
ഗോവയിലെ കേന്ദ്ര തീരദേശ കാർഷിക ഗവേഷണ സ്ഥാപനത്തിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. വർഷം മുഴുവൻ സ്ഥാപനപരിസരം വൃത്തിയായി സൂക്ഷിക്കുന്ന അവരുടെ സേവനത്തിനുള്ള അംഗീകാരമായിരുന്നു ചടങ്ങ്.
ഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന പരിപാടിയിൽ ഐസിഎആർ ഡയറക്ടർ ജനറൽ ഡോ. മാംഗി ലാൽ ജാട്ട് കൂട്ടായ ശുചീകരണ പ്രവർത്തനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടി. വൃത്തിയുള്ള തൊഴിലിടങ്ങൾ ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.