കീലോങ് (ഹിമാചൽ പ്രദേശ്) / 2026 / ഒക്ടോബർ 12
ഹിമാചൽ പ്രദേശിലെ ലാഹൗൾ–സ്പിതി ജില്ലയിൽ ഉയർന്ന മലനിരകളിലെ ചികിത്സയ്ക്കും പൊതുജനാരോഗ്യ ഗവേഷണത്തിനുമായി പുതിയ കേന്ദ്രം വരുന്നു. കീലോങ്ങിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രി ജഗത് പ്രകാശ് നദ്ദ ഇന്ന് തറക്കല്ലിടും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഈ മേഖലയിലെ ആദ്യ സമർപ്പിത ഗവേഷണ കേന്ദ്രമാണിത്. കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ ഗവേഷണ വകുപ്പിന് കീഴിലാണ് ഐസിഎംആർ–ചാംപ് എന്ന കേന്ദ്രം സ്ഥാപിക്കുന്നത്. ഇന്ത്യയിലെ ഉയർന്ന മലനിരകളിലും കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനം കൂടുതലുള്ള പ്രദേശങ്ങളിലും വിവിധ ശാസ്ത്രശാഖകൾ ചേർന്നുള്ള ഗവേഷണം, പുതിയ ആശയങ്ങളുടെ വികസനം, പ്രവർത്തനശേഷി വർധിപ്പിക്കൽ എന്നിവയാണ് ലക്ഷ്യം. ഹിമാലയൻ മേഖലയിലുടനീളം കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ കഴിയുന്ന ആരോഗ്യസംവിധാനങ്ങളും ജൈവവൈദ്യശാസ്ത്ര ഗവേഷണവും പൊതുജനാരോഗ്യ മുന്നൊരുക്കങ്ങളും കേന്ദ്രം ശക്തിപ്പെടുത്തും.
മലനിരകളിലെ ആരോഗ്യ വെല്ലുവിളികൾക്ക് പരിഹാരം തേടി
ഉയർന്ന പ്രദേശങ്ങൾ, അതിതീവ്രമായ കാലാവസ്ഥ, ദുർഘടമായ ഭൂപ്രകൃതി, ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടൽ, വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ ഹിമാലയൻ മേഖലയിൽ പ്രത്യേക പൊതുജനാരോഗ്യ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. രോഗങ്ങളുടെ സ്വഭാവം, ചികിത്സ ലഭിക്കാനുള്ള സൗകര്യം, തൊഴിൽസംബന്ധമായ ആരോഗ്യം, അടിയന്തര സാഹചര്യങ്ങളിലെ ഇടപെടൽ എന്നിവയെല്ലാം ഈ ഘടകങ്ങൾ ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് അനുയോജ്യമായ ആരോഗ്യപരിഹാരങ്ങൾ കണ്ടെത്താൻ കേന്ദ്രം സഹായിക്കും. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ഓരോ പ്രദേശത്തിന്റെയും സാഹചര്യത്തിന് യോജിക്കുന്നതും കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാവുന്നതുമായ ചികിത്സാ മാർഗങ്ങൾ വികസിപ്പിക്കുകയും ചെയ്യും.
പർവത ചികിത്സ മുതൽ ഡ്രോൺ വഴിയുള്ള ആരോഗ്യസേവനം വരെ
ഉയർന്ന പ്രദേശങ്ങളിൽ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു, അവിടത്തെ സാഹചര്യങ്ങളുമായി ശരീരം എങ്ങനെ പൊരുത്തപ്പെടുന്നു, പർവതപ്രദേശങ്ങളിലെ ചികിത്സ എന്നിവ കേന്ദ്രത്തിന്റെ ഗവേഷണ വിഷയങ്ങളാകും. കാലാവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ, പുതുതായി ഉയർന്നുവരുന്ന രോഗങ്ങൾ, പകർച്ചവ്യാധികൾ, പകരാത്ത രോഗങ്ങൾ, മാതൃ–ശിശു ആരോഗ്യം, പോഷകാഹാരം, മാനസികാരോഗ്യം, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആരോഗ്യം, തൊഴിൽസംബന്ധമായ ആരോഗ്യം, ദുരന്തസാഹചര്യങ്ങളിലെ ചികിത്സ എന്നിവയും പഠിക്കും. വിദൂരവും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ പ്രദേശങ്ങളിൽ ആരോഗ്യസേവനങ്ങൾ മെച്ചപ്പെടുത്താൻ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളും ടെലിമെഡിസിനും സംയോജിപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. ആരോഗ്യസേവനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ ഡ്രോണുകൾ വഴി എത്തിക്കുന്നതും തത്സമയ പൊതുജനാരോഗ്യ നിരീക്ഷണവും ഗവേഷണത്തിന്റെ ഭാഗമാകും.
ആദിവാസി ആരോഗ്യത്തിനും അതിർത്തി മേഖലയ്ക്കും പ്രാധാന്യം
തന്ത്രപ്രധാനമായ അതിർത്തി മേഖലയായ ലാഹൗൾ–സ്പിതിയിലെ കേന്ദ്രം ഉയർന്ന പ്രദേശങ്ങളിലെ ജനങ്ങളെയും ആദിവാസി വിഭാഗങ്ങളെയും ഉൾപ്പെടുത്തി തുടർച്ചയായ ഫീൽഡ് ഗവേഷണത്തിന് വേദിയാകും. ഒരേ ജനവിഭാഗത്തെ ദീർഘകാലം നിരീക്ഷിച്ചുള്ള പഠനങ്ങൾക്കും പരിസ്ഥിതി സാഹചര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, ആരോഗ്യഫലങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിനും ഈ സ്ഥാനം സഹായിക്കും. ആദിവാസി ആരോഗ്യം, ദുരന്ത മുന്നൊരുക്കം, ഡിജിറ്റൽ ആരോഗ്യരംഗത്തെ പുതിയ ആശയങ്ങൾ, കാലാവസ്ഥാ മാറ്റങ്ങളെ നേരിടുന്ന ആരോഗ്യസംവിധാനങ്ങൾ എന്നിവയിലെ ദേശീയ മുൻഗണനകൾക്ക് കേന്ദ്രം സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. ഉയർന്ന മലനിരകളിലെ ചികിത്സയെക്കുറിച്ചുള്ള ആഗോള ഗവേഷണത്തിൽ ഇന്ത്യയുടെ പങ്കും ശക്തിപ്പെടുത്തും. സായുധസേനാ മെഡിക്കൽ സർവീസസ്, ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള ഗവേഷണ സ്ഥാപനങ്ങൾ, ഹിമാചൽ പ്രദേശ് സർക്കാർ എന്നിവയുമായി സ്ഥാപനതല സഹകരണം വളർത്തും. ഗവേഷണഫലങ്ങൾ പ്രായോഗിക ഉപയോഗത്തിലേക്ക് കൊണ്ടുവരാനും ശാസ്ത്രീയ അറിവുകൾ കൈമാറാനും പ്രവർത്തനശേഷി വർധിപ്പിക്കാനും തെളിവുകളുടെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപപ്പെടുത്താനും ഈ പങ്കാളിത്തങ്ങൾ സഹായിക്കും. ആരോഗ്യ ഗവേഷണത്തിലെ ആത്മനിർഭർ ഭാരത് കാഴ്ചപ്പാടിനും എല്ലാവരെയും ഉൾക്കൊള്ളുന്ന, കാലാവസ്ഥാ മാറ്റങ്ങളെ നേരിടാൻ കഴിയുന്ന ആരോഗ്യസേവനങ്ങൾക്കും ഇത് പിന്തുണ നൽകും.
ഭൂമിപൂജയും ശാസ്ത്രപ്രദർശനവും ചടങ്ങിന്റെ ഭാഗമാകും
തറക്കല്ലിടൽ ചടങ്ങിൽ പരമ്പരാഗത ഭൂമിപൂജയും നിർമാണത്തിന് തുടക്കം കുറിക്കുന്ന ചടങ്ങും തറക്കല്ലിന്റെ അനാച്ഛാദനവും നടക്കും. തുടർന്ന് ഗ്രീൻ ഐസിഎംആർ കാമ്പസ് പദ്ധതിയുടെ ഭാഗമായി ഹിമാലയൻ മേഖലയിലെ തദ്ദേശീയ വൃക്ഷത്തൈകൾ നടും. ശാസ്ത്രപ്രദർശനത്തിന്റെ ഉദ്ഘാടനവും കേന്ദ്രത്തിന്റെ ഔദ്യോഗിക വീഡിയോയുടെയും വെബ്സൈറ്റിന്റെയും പ്രകാശനവും പരിപാടിയിൽ ഉൾപ്പെടും. കെട്ടിടത്തിന്റെ രൂപരേഖയും അവതരിപ്പിക്കും. ചടങ്ങിന്റെ ഓർമയ്ക്കായുള്ള പ്രത്യേക തപാൽ കവർ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കും.
കേന്ദ്ര–സംസ്ഥാന പ്രതിനിധികളും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും
കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, ഹിമാചൽ പ്രദേശ് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായ ജയ് റാം ഠാക്കൂർ, മാണ്ഡി എംപി കങ്കണ റണൗട്ട്, ലാഹൗൾ–സ്പിതി നിയമസഭാംഗം അനുരാധ റാണ, മുൻ നിയമസഭാംഗം രവി ഠാക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സായുധസേനാ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ എയർ മാർഷൽ സന്ദീപ് തരേജ, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഐസിഎംആർ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബഹൽ, ആരോഗ്യ ഗവേഷണ വകുപ്പ് ജോയിന്റ് സെക്രട്ടറി മനീഷ സക്സേന എന്നിവരും എത്തും. ഐസിഎംആറിലെ ഭരണവിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് കുമാർ ദക്ഷ്, സ്ഥാപനത്തിന് പുറത്തുള്ള ഗവേഷണ പദ്ധതികളുടെ ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. അൽക്ക ശർമ, സീനിയർ ഫിനാൻഷ്യൽ അഡ്വൈസർ ഡോ. റിച്ച പാണ്ഡെ എന്നിവരും പങ്കെടുക്കും. കേന്ദ്ര–ഹിമാചൽ പ്രദേശ് സർക്കാരുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, സായുധസേനാ പ്രതിനിധികൾ, ശാസ്ത്രജ്ഞർ, പൊതുജനാരോഗ്യ വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, മറ്റ് പ്രധാന ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവരും ചടങ്ങിന്റെ ഭാഗമാകും.