ന്യൂഡൽഹി / 2026 / ഒക്ടോബർ 05
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ശാസ്ത്രസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും സ്വിറ്റ്സർലൻഡും തീരുമാനിച്ചു. സ്വിറ്റ്സർലൻഡ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടനയിലെ രാജ്യങ്ങളും തമ്മിലുള്ള കരാറിലൂടെ അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ നിക്ഷേപവും 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളുമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് സ്വിറ്റ്സർലൻഡിൽ കൂടുതൽ വിപണിപ്രവേശനം ഉറപ്പാക്കാനും ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപം സുഗമമാക്കാനും സുപ്രധാന തീരുമാനങ്ങളെടുത്തു. കാർഷിക ഉൽപ്പന്നങ്ങൾ, മരുന്നുകൾ, തുണിത്തരങ്ങൾ, എൻജിനീയറിങ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർധിപ്പിക്കുകയാണ് ലക്ഷ്യം. ജൈവസാങ്കേതികവിദ്യ, ജീവശാസ്ത്രം, ബാങ്കിങ്, ഇൻഷുറൻസ്, ഭക്ഷ്യസംസ്കരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ പുതിയ സ്വിസ് നിക്ഷേപങ്ങൾ ആകർഷിക്കാനും ശ്രമിക്കും.
ഗതാഗതം, സഞ്ചാരസൗകര്യങ്ങൾ, അടിസ്ഥാനസൗകര്യ വികസനം എന്നിവയിൽ സഹകരണം ശക്തമാക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. വാരാണസി റോപ്പ്വേ, നോയിഡയിലെ ജേവർ വിമാനത്താവളം, മലനിരകളിലെ റെയിൽവേ–തുരങ്ക പദ്ധതികൾ എന്നിവ നിലവിലെ സഹകരണത്തിന്റെ ഉദാഹരണങ്ങളായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൈനിക കൈമാറ്റങ്ങളിലും പ്രതിരോധ ഉൽപ്പാദനത്തിലും പുതിയ സഹകരണ സാധ്യതകൾ കണ്ടെത്തി. ആണവോർജ മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാനും ധാരണയായി.
ആരോഗ്യം, ശുദ്ധ ഊർജം, ബഹിരാകാശം എന്നിവയിൽ പുതിയ സംയുക്ത ഗവേഷണ പദ്ധതികൾ ഉടൻ ആരംഭിക്കും. ഇന്ത്യയിലെ ശാസ്ത്ര സ്റ്റാർട്ടപ്പുകളുടെ ശേഷി വർധിപ്പിക്കാൻ സൂറിച്ച് സർവകലാശാലയുമായുള്ള കരാറും സഹായിക്കും. ഒപ്പുവച്ച കുടിയേറ്റ–സഞ്ചാര പങ്കാളിത്ത കരാറും യുവ പ്രൊഫഷണലുകൾക്കായുള്ള കരാറും ഇന്ത്യൻ വിദ്യാർഥികൾക്കും ഗവേഷകർക്കും തൊഴിൽവിദഗ്ധർക്കും സ്വിറ്റ്സർലൻഡിൽ പുതിയ അവസരങ്ങൾ തുറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ, ആയുർവേദ മേഖലകളിലെ സഹകരണവും ചർച്ചയായി.
വ്യാപാര–നിക്ഷേപ പങ്കാളിത്തം പ്രായോഗിക നേട്ടങ്ങളാക്കി മാറ്റാൻ ഒക്ടോബർ ഏഴിന് ഇന്ത്യയിലെയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര സംഘടനയിലെ രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന ‘പ്രോസ്പെരിറ്റി ഉച്ചകോടി’ സംഘടിപ്പിക്കും. സ്വിറ്റ്സർലൻഡ് പ്രസിഡന്റും ഇതിൽ പങ്കെടുക്കും. യുക്രൈനിലും പശ്ചിമേഷ്യയിലും സമാധാനത്തിനായുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ആഗോള സ്ഥാപനങ്ങളിൽ പരിഷ്കരണം ആവശ്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത വർഷത്തെ ജനീവ നിർമിതബുദ്ധി ഉച്ചകോടിക്ക് ആശംസകളും അറിയിച്ചു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.