ഹൈദരാബാദ് (തെലങ്കാന) / 2026 / ഒക്ടോബർ 05
പരുത്തിക്കർഷകർക്ക് കൂടുതൽ പ്രയോജനം ഉറപ്പാക്കാനും സംഭരണം സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ള പരിഷ്കാരങ്ങൾ അവതരിപ്പിക്കാൻ ഹൈദരാബാദിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒക്ടോബർ ആറിന് ‘റിഫോം ഉത്സവ് 2026’ന്റെ ഭാഗമായാണ് പരിപാടി നടത്തുന്നത്. മന്ത്രാലയവുമായി ചേർന്ന് നടപ്പാക്കിയ പരിഷ്കാരങ്ങളും അവയുടെ ഫലങ്ങളും അവതരിപ്പിക്കും. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, തെലങ്കാന സർക്കാർ പ്രതിനിധികൾ, നയരൂപീകരണവുമായി ബന്ധപ്പെട്ടവർ, കർഷകർ, വ്യവസായ സംഘടനകൾ, പരുത്തി–ടെക്സ്റ്റൈൽ മേഖലകളിലെ മറ്റ് പങ്കാളികൾ എന്നിവർ പങ്കെടുക്കും. ഡിജിറ്റൽ സംഭരണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ, പരുത്തിയുടെ ഉത്ഭവവും ഉൽപ്പാദനഘട്ടങ്ങളും പിന്തുടരാനുള്ള സംവിധാനം, ഉയർന്ന സാന്ദ്രതയിലുള്ള കൃഷി, കസ്തൂരി കോട്ടൺ എന്നിവയാണ് പ്രധാന വിഷയങ്ങൾ.
കർഷകരുടെ അനുഭവങ്ങളും പരിഷ്കാരങ്ങളുടെ ഫലങ്ങളും വേദിയിലെത്തും
പരുത്തി സംഭരണം കൂടുതൽ കർഷകസൗഹൃദവും സുതാര്യവും സാങ്കേതികവിദ്യയുടെ സഹായത്തോടെ കാര്യക്ഷമവുമാക്കാനാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയത്. ഇവ കർഷകരുടെ ജീവിതത്തിലും പരുത്തിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലും വരുത്തിയ മാറ്റങ്ങൾ പരിപാടിയിൽ വിശദീകരിക്കും. കർഷകർക്കും വ്യവസായ പ്രതിനിധികൾക്കും നയരൂപീകരണവുമായി ബന്ധപ്പെട്ടവർക്കും അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരവും ലഭിക്കും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പരുത്തി സംഭരണം, കർഷക രജിസ്ട്രേഷൻ, ഡിജിറ്റൽ സമയക്രമ ബുക്കിങ്, നേരിട്ടുള്ള പണമടയ്ക്കൽ, ഗുണനിലവാര പരിശോധന, ഉൽപ്പന്നത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്തുടരൽ, പരുത്തി വിൽപ്പന, ബന്ധപ്പെട്ടവരുമായുള്ള ആശയവിനിമയം എന്നിവയിൽ കോട്ടൺ കോർപ്പറേഷൻ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇടപാടുകൾ എളുപ്പമാക്കുക, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, കർഷകർക്ക് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
കോർപ്പറേഷന്റെ പ്രധാന പരിഷ്കാരങ്ങളും പദ്ധതികളും വിശദീകരിക്കുന്ന അവതരണവും അവ നടപ്പാക്കിയ രീതിയും ഫലങ്ങളും കാണിക്കുന്ന ഹ്രസ്വചിത്രവും പരിപാടിയിലുണ്ടാകും. ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രവർത്തനരീതികളിലെ മാറ്റങ്ങളും പരമ്പരാഗത സംവിധാനങ്ങളെ എങ്ങനെ പുതുക്കുന്നുവെന്ന് അവതരിപ്പിക്കും. കർഷകർ, കോട്ടൺ കോർപ്പറേഷൻ, പരുത്തിയിൽനിന്ന് വിത്ത് വേർതിരിക്കുന്ന ജിന്നിങ് സ്ഥാപനങ്ങൾ, ടെക്സ്റ്റൈൽ വ്യവസായം എന്നിവ തമ്മിലുള്ള ഇടപാടുകൾ എങ്ങനെ സുഗമമാകുന്നുവെന്നും വിശദീകരിക്കും.
പരിഷ്കാരങ്ങളിൽ പങ്കെടുക്കുകയും അവയുടെ പ്രയോജനം നേടുകയും ചെയ്യുന്ന കർഷകരും വ്യവസായ പ്രതിനിധികളും നേരിട്ട് അനുഭവങ്ങൾ പങ്കുവയ്ക്കും. പരുത്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഉയർന്ന സാന്ദ്രതയിലുള്ള നടീൽരീതി, കസ്തൂരി കോട്ടൺ ഭാരത്, സംഭരണത്തിന്റെ ഡിജിറ്റൽവൽക്കരണം, പരുത്തിയുടെ ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള ശൃംഖല ശക്തിപ്പെടുത്തുന്ന മറ്റ് നടപടികൾ എന്നിവ ചർച്ചയാകും.
കപാസ് കിസാൻ മുതൽ കസ്തൂരി കോട്ടൺ വരെ
പ്രദർശിപ്പിക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് ‘കപാസ് കിസാൻ’ ഡിജിറ്റൽ സംവിധാനം. കർഷക രജിസ്ട്രേഷൻ, സംഭരണത്തിനുള്ള സമയക്രമ ബുക്കിങ്, സംഭരണവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, ആധാർ അധിഷ്ഠിത പണമടയ്ക്കൽ എന്നിവ ഇതിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. നടപടിക്രമങ്ങളിലെ സങ്കീർണത കുറയ്ക്കാനും സുതാര്യത വർധിപ്പിക്കാനും സംഭരണത്തിന്റെ പുരോഗതി കർഷകർക്ക് കൂടുതൽ വ്യക്തമായി അറിയാനുമാണ് ഈ സംവിധാനം.
ഇന്ത്യൻ പരുത്തിയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉത്ഭവവും തുടർന്നുള്ള ഘട്ടങ്ങളും പിന്തുടരാനുമുള്ള നടപടികളും പരിപാടിയിൽ അവതരിപ്പിക്കും. പരുത്തിയിൽ അന്യവസ്തുക്കൾ കലരുന്നത് നിയന്ത്രിക്കൽ, ഡിജിറ്റൽ സംവിധാനത്തിലൂടെ ഉൽപ്പന്നത്തിന്റെ വിവരങ്ങൾ പിന്തുടരൽ, കസ്തൂരി കോട്ടൺ ഭാരത് പദ്ധതിയിലൂടെ മികച്ച ഗുണനിലവാരമുള്ള പരുത്തി പ്രോത്സാഹിപ്പിക്കൽ എന്നിവ ഇതിലുൾപ്പെടുന്നു. ഇന്ത്യൻ പരുത്തിയുടെ തനതായ തിരിച്ചറിയലും ഗുണനിലവാരവും വിപണിയിലെ സ്ഥാനവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആഭ്യന്തര–അന്താരാഷ്ട്ര വിപണികളിലെ സ്വീകാര്യത വർധിപ്പിക്കാനും ഈ നടപടികൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ബന്ധപ്പെട്ട കാർഷിക സ്ഥാപനങ്ങളുമായി ചേർന്ന് പ്രോത്സാഹിപ്പിക്കുന്ന ഉയർന്ന സാന്ദ്രതയിലുള്ള നടീൽരീതിയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന മറ്റ് ഇടപെടലുകളും അവതരിപ്പിക്കും. ഇന്ത്യൻ പരുത്തിക്കൃഷിയിലെ ഉൽപ്പാദനക്ഷമതയുടെ കുറവ് പരിഹരിക്കുക, കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുക, പരുത്തിമേഖലയുടെ മത്സരശേഷി വർധിപ്പിക്കുക എന്നിവയാണ് ഇവയുടെ ലക്ഷ്യം.
സിൽക്ക് മാർക്ക് സേവനങ്ങൾ ഡിജിറ്റലായി; അപേക്ഷകളിൽ വേഗത്തിൽ നടപടി
കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ സിൽക്ക് ബോർഡും പരിഷ്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഡിജിറ്റൽ സേവനങ്ങൾ, ലക്ഷ്യാധിഷ്ഠിത സാങ്കേതികവിദ്യാ കൈമാറ്റം, പുതിയ ജനസമ്പർക്കരീതികൾ എന്നിവയിലൂടെ പട്ടുനൂൽ ഉൽപ്പാദനമേഖലയിലെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ബന്ധപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചും ലഭ്യമാക്കുകയാണ് ലക്ഷ്യം.
സിൽക്ക് മാർക്ക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ 2004 മുതൽ നടപ്പാക്കുന്ന സിൽക്ക് മാർക്ക് പദ്ധതി ശുദ്ധമായ പട്ടിന്റെ ആധികാരികത ഉറപ്പാക്കുന്നു. 2022–23 മുതൽ രജിസ്ട്രേഷൻ, പുതുക്കൽ, രേഖകളുടെ നടപടിക്രമങ്ങൾ, പ്രാഥമിക പരിശോധന, പണമടയ്ക്കൽ, ലേബലുകൾ ആവശ്യപ്പെടലും നൽകലും, രേഖകളുടെ പരിപാലനം, പരാതിപരിഹാരം എന്നിവ ഘട്ടംഘട്ടമായി ഡിജിറ്റലാക്കി.
ഇപ്പോൾ ഏഴായിരത്തിലധികം അംഗീകൃത ഉപയോക്താക്കൾക്ക് സംവിധാനം സേവനം നൽകുന്നുണ്ട്. ഓരോ വർഷവും അഞ്ഞൂറിലധികം പുതിയ രജിസ്ട്രേഷനുകളും നടക്കുന്നു. നിശ്ചിത ആവശ്യകതകൾ പൂർത്തിയാക്കിയ അപേക്ഷകളിൽ സാധാരണയായി ഒന്നോ രണ്ടോ പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാനാകും.
ഈ മാറ്റം കടലാസ് ജോലികളും ഓഫീസുകളിൽ നേരിട്ടെത്തേണ്ട സാഹചര്യങ്ങളും കുറച്ചു. സുതാര്യതയും വിവരങ്ങൾ പിന്തുടരാനുള്ള സൗകര്യവും ഭരണപരമായ കാര്യക്ഷമതയും വർധിപ്പിച്ചു. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പട്ടുമേഖലയിലുള്ള മറ്റുള്ളവർക്കും ഇത് പ്രത്യേകമായി പ്രയോജനപ്പെടുന്നു.
പരീക്ഷണശാലയിലെ സാങ്കേതികവിദ്യ കർഷകരിലേക്ക്
‘മേരാ രേഷം മേരാ അഭിമാൻ’ എന്ന പേരിൽ സെൻട്രൽ സിൽക്ക് ബോർഡ് 2025ൽ നൂറുദിവസത്തെ വിപുലമായ സാങ്കേതികവിദ്യാ കൈമാറ്റ പ്രചാരണം ആരംഭിച്ചു. തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകൾ പരീക്ഷണശാലകളിൽനിന്ന് കൃഷിയിടങ്ങളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. കർഷകരുമായി നേരിട്ടുള്ള ഇടപെടൽ, പ്രവർത്തനരീതികളുടെ പ്രദർശനം, പരിശീലനം, കൃഷിയിടങ്ങളിലെ ഇടപെടലുകൾ എന്നിവയിലൂടെ 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 129 ജില്ലകളിൽ പ്രവർത്തനങ്ങൾ നടന്നു. ആദ്യഘട്ടത്തിൽ 1,400ലധികം പരിപാടികളിലൂടെ 75,000 കർഷകരിലെത്തി.
ആദ്യഘട്ടത്തിലെ നേട്ടങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തി രണ്ടാംഘട്ടം കൂടുതൽ ക്രമബദ്ധമായും ഫലങ്ങൾക്ക് പ്രാധാന്യം നൽകിയുമാണ് രൂപപ്പെടുത്തിയത്. ഇന്ത്യയുടെ അസംസ്കൃത പട്ടുനൂൽ ഉൽപ്പാദനത്തിന്റെ 95 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന 218 പ്രധാന ജില്ലകളാണ് ഇതിൽ ഉൾപ്പെടുന്നത്.
പ്രാരംഭ സ്ഥിതിവിവര സർവേകൾ, ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനകൾ, ജില്ലാതല പട്ടുനൂൽ ഉൽപ്പാദന വികസനപദ്ധതികൾ, ആവശ്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയ പ്രവർത്തനപദ്ധതികൾ, ആശയവിനിമയത്തിനുള്ള വെബ് പോർട്ടൽ എന്നിവ രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്. ഇതുവരെ 1,700ലധികം പരിപാടികൾ നടത്തി. 73,000ലധികം കർഷകരിലേക്ക് നേരിട്ടും ഏകദേശം ഒരുലക്ഷം ബന്ധപ്പെട്ടവരിലേക്ക് ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും എത്തി.
മണ്ണിൽനിന്ന് പട്ടിലേക്കുള്ള യാത്ര ഇനി വിനോദസഞ്ചാര അനുഭവവും
പട്ടുനൂൽ ഉൽപ്പാദനം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയെ ബന്ധിപ്പിക്കുന്ന ‘സെറി ടൂറിസം’ ആശയവും സെൻട്രൽ സിൽക്ക് ബോർഡ് രൂപപ്പെടുത്തിയിട്ടുണ്ട്. മണ്ണിൽനിന്ന് പട്ടിലേക്കുള്ള മുഴുവൻ യാത്രയും സന്ദർശകർക്ക് പരിചയപ്പെടുത്തുന്നതാണ് പദ്ധതി. മ്യൂസിയങ്ങൾ, തത്സമയ പ്രദർശനങ്ങൾ, പട്ടുപുഴുക്കൾക്ക് ഭക്ഷണം നൽകുന്ന സസ്യങ്ങളുടെയും പട്ടുനിശാശലഭങ്ങളുടെയും പാർക്കുകൾ, സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, ഉൽപ്പന്ന വിൽപ്പനകേന്ദ്രങ്ങൾ എന്നിവ ഇതിന്റെ ഭാഗമാകും.
ജമ്മു കശ്മീരിലെ മാനസ്ബലിലുള്ള സെൻട്രൽ സിൽക്ക് ബോർഡിന്റെ പി–നാല് അടിസ്ഥാന വിത്തുഫാമും അസമിലെ ടോപടോളിയിലുള്ള എറി അടിസ്ഥാന വിത്തുഫാമും സെറി ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നു. പട്ടിന്റെ വൈവിധ്യം, ജനിതക വിഭവങ്ങളുടെ സംരക്ഷണം, പട്ടുപുഴു വളർത്തൽ, കൊക്കൂൺ ഉൽപ്പാദനം, നൂൽ വേർതിരിക്കൽ, നെയ്ത്ത്, ചായംപിടിപ്പിക്കൽ, സിൽക്ക് മാർക്കിനെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവ ഇവിടെ അവതരിപ്പിക്കും.
ഈ പരിഷ്കാരങ്ങൾ ആധുനികവും സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്നതുമായ പട്ടുനൂൽ ഉൽപ്പാദനസംവിധാനത്തിന് വഴിയൊരുക്കുകയാണ്. സേവനങ്ങൾ ഡിജിറ്റലാകുകയും സാങ്കേതികവിദ്യകൾ അവസാനതലത്തിലുള്ള കർഷകരിലേക്കും എത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ പട്ടുപാരമ്പര്യം നേരിട്ടറിയാവുന്ന അനുഭവമാകുന്നതിലൂടെ കർഷകർ, സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾ, കരകൗശല തൊഴിലാളികൾ, സംരംഭകർ, പ്രാദേശിക സമൂഹങ്ങൾ എന്നിവർക്ക് പുതിയ അവസരങ്ങളും ലഭിക്കും.
കൃഷിയിടത്തിൽനിന്ന് നാരിലേക്കും നാരിൽനിന്ന് ഫാക്ടറിയിലേക്കും ഫാക്ടറിയിൽനിന്ന് ഫാഷനിലേക്കും ഫാഷനിൽനിന്ന് വിദേശവിപണിയിലേക്കും നീളുന്ന ശക്തമായ ടെക്സ്റ്റൈൽ ശൃംഖല സൃഷ്ടിക്കാനുള്ള സർക്കാർ കാഴ്ചപ്പാടാണ് റിഫോം ഉത്സവിലെ പരിഷ്കാരങ്ങൾ പ്രതിഫലിപ്പിക്കുന്നത്. നയങ്ങളും സ്ഥാപനതല നടപടികളും കൃഷിയിടങ്ങളിലെ ഫലങ്ങളായി മാറുന്നത് അവതരിപ്പിക്കാനുള്ള വേദിയാകും ഹൈദരാബാദിലെ പരിപാടി. കർഷകർ, വ്യവസായം, സർക്കാർ ഏജൻസികൾ, വിജ്ഞാന സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തവും സഹകരണവും വർധിപ്പിക്കാനും ഇത് സഹായിക്കും.
കർഷകരെ പിന്തുണയ്ക്കൽ, സംഭരണസംവിധാനം മെച്ചപ്പെടുത്തൽ, ഗുണനിലവാരം ഉയർത്തൽ എന്നിവയിലൂടെ ഇന്ത്യയുടെ പരുത്തി സമ്പദ്വ്യവസ്ഥയിലെ പ്രധാന സ്ഥാപനമെന്ന നിലയിലുള്ള പങ്ക് കോട്ടൺ കോർപ്പറേഷൻ ശക്തിപ്പെടുത്തുകയാണ്. കൂടുതൽ സുതാര്യവും കാര്യക്ഷമവും സുസ്ഥിരവും ആഗോളതലത്തിൽ മത്സരക്ഷമവുമായ പരുത്തി–ടെക്സ്റ്റൈൽ മേഖലയ്ക്കും ഈ പരിഷ്കാരങ്ങൾ സംഭാവന നൽകുന്നു. മന്ത്രാലയത്തിന് കീഴിലുള്ള സംഘടനകളും സ്ഥാപനങ്ങളും നടപ്പാക്കിയ പരിഷ്കാരങ്ങളും അവ പൗരന്മാർ, കർഷകർ, വ്യവസായം, വിശാലമായ ടെക്സ്റ്റൈൽ മേഖല എന്നിവയിൽ ഉണ്ടാക്കിയ ഫലങ്ങളും അവതരിപ്പിക്കാനുള്ള സംരംഭമാണ് റിഫോം ഉത്സവ് 2026.