പകര്‍ച്ചവ്യാധി നിയന്ത്രണ കേസുകള്‍ കാസർകോഡ് ജില്ലയില്‍ ഇനി മുതല്‍ പത്തിരട്ടി പിഴ

 കാസർകോഡ് : പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം ജില്ലയില്‍ എടുക്കുന്ന കേസുകള്‍ക്ക് ഇന്ന് മുതല്‍ ( സെപ്റ്റംബര്‍ ഏഴ്) നിലവില്‍ ഈടാക്കുന്നതിന്റെ പത്തിരട്ടി പിഴ ഈടാക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജില്ലാതല യോഗത്തിലാണ് തിരുമാനം. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം, ക്വാറന്റൈന്‍ ലംഘനം, സാമൂഹ്യ അകലം പാലിക്കത്തവര്‍, മാസ്‌ക് ധരിക്കാത്തവര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് പിഴയില്‍ വര്‍ധനവ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കുന്നതിനാല്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

കോവിഡ് പരിശോധനയ്ക്ക് ശേഷം കറങ്ങി നടന്നാല്‍ നടപടി

 കോവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, കോവിഡ് രോഗ ബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ ആന്റിജന്‍, ആര്‍ ടി പിസി ആര്‍ പരിശോധനയ്ക്ക് ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം  ലംഘിച്ച് ജനങ്ങളുമായി സമ്പര്‍ക്കിലേര്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും.

 കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും എല്ലാ ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭകളിലും ബോധവത്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന റേഡിയോ സംപ്രേഷണം ആരംഭിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായി. എ ഡി എം എന്‍ ദേവിദാസ്, ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എം മധുസുദനന്‍, മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, കെ എസ് എസ് എം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, മാഷ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍, സീനിയര്‍ സൂപ്രണ്ട് കെ ജി മോഹനന്‍, മാഷ് കോര്‍ഡിനേറ്റര്‍ ദിവ്യ, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് ശാലിയ എന്നിവര്‍ സംബന്ധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →